2021 March 01 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘പാകിസ്താന്‍ ഇപ്പോള്‍ ടെററിസ്താന്‍’ – പാക് പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയുമായി ഇന്ത്യ

യു എന്‍: ഐക്യരാഷ്ട്ര സഭയില്‍ രാജ്യത്തിനെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ ചുട്ട മറുപടി. പാകിസ്താന്‍ ഇപ്പോള്‍ ‘ടെററിസ്താന്‍'(“Terroristan”) ആയി മാറിയെന്നാണ് ഇന്ത്യ അഭിപ്രായപ്പെട്ടത്. യു.എന്നിലെ ഇന്ത്യയുടെ പ്രഥമ സെക്രട്ടറി ഈനം ഗംഭീറാണ് പാക് പ്രധാനമന്ത്രയുടെ പ്രസംഗത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചത്.

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ, പാകിസ്താന്‍ ഭീകരവാദത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു. ‘ശുദ്ധമായ നാടി’നായുള്ള അന്വേഷണം ശുദ്ധമായ ‘ഭീകരവാദത്തിന്റെ നാട്’ എന്നതിലെത്തി നില്‍ക്കുകയാണ്. പാകിസ്താന്‍ ഇപ്പോള്‍ ‘ടെററിസ്ഥാന്‍’ആണ്- ഈനം ഗംഭീര്‍ പറഞ്ഞു. മുഖ്യധാരാ തീവ്രവാദികള്‍ വാഴുന്ന നാടാണത്.

മിലിട്ടറിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് ഒളിയിടങ്ങളും ഭീകരവാദ നേതാക്കള്‍ക്ക് സംരക്ഷണവും നല്‍കുന്നതാണ് പാകിസ്താന്റെ ഭീകരവിരുദ്ധ നയം. ഉസാമ ബിന്‍ ലാദനെ ഉദ്ദശിച്ചായിരുന്നു ഈനത്തിന്റെ പ്രതികരണം

ഭീകരസംഘനടയായി ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചിട്ടുള്ള ലഷ്‌കര്‍ ഇ തൊയ്ബയുടെ നേതാവ് ഹാഫിസ് മുഹമ്മദ് സെയ്ദ് പാകിസ്താനില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചതിനെയും ഈനം പ്രസംഗത്തില്‍ പരമര്‍ശിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അങ്ങനെ ആയിരിക്കുകയും ചെയ്യും. ഇക്കാര്യം പാകിസ്താന്‍ മനസ്സിലാക്കണം. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാന്‍ പാകിസ്താന് സാധിക്കില്ലെന്നും ഈനം കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ യു.എന്‍ പ്രത്യേകസംഘത്തെ നിയമിക്കണമെന്നും കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി ആരോപിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.