2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാകിസ്താന് തീവ്രവാദികളെ പിന്തുണയ്ക്കുന്ന ചരിത്രം; യു.എന്നില്‍ ഇമ്രാന്‍ ഖാന് മറുപടി നല്‍കി ഇന്ത്യ

ന്യൂയോര്‍ക്ക്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഐക്യരാഷ്ട്രസഭയില്‍ കശ്മിര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് തക്ക മറുപടി നല്‍കി ഇന്ത്യ. ഭീകരരെ പാകിസ്താന്‍ പിന്തുണയ്ക്കുന്നതും ആയുധം നല്‍കുന്നതും ലോകം മുഴുവന്‍ അറിയുന്ന കാര്യമാണെന്ന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേബ ദുബൈ മറുപടി നല്‍കി.

ജമ്മു കശ്മിരിന്റെയും ലഡാക്കിന്റെയും മുഴുവന്‍ ഭാഗങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് അങ്ങിനെ തന്നെയായിരിക്കുമെന്നും ഇന്ത്യ യു.എന്നില്‍ ആവര്‍ത്തിച്ചു.

ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം വഹിച്ചതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാകിസ്താന്റെ പേരിലാണ്. ഒസാമ ബിന്‍ ലാദന് പാകിസ്താന്‍ അഭയം നല്‍കി. ഇന്നും പാകിസ്താന്‍ ലാദന്റെ മരണത്തെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്.

‘ഇതാദ്യമായല്ല പാക് പ്രധാനമന്ത്രി യുഎന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് എന്റെ രാജ്യത്തെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇന്ത്യക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ പ്രസ്താവനകളാണ് പാക് പ്രധാനമന്ത്രി നടത്തിയത്.

പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ ഇരകളാണ് എന്നാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. തീ കെടുത്തുന്നവനെന്ന് വിശേഷിപ്പിച്ച് പുരയ്ക്ക് തീയിടുന്ന പോലെയാണിത്. അയല്‍രാജ്യങ്ങളെ മാത്രം നശിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ ഭീകരരെ വളര്‍ത്തുന്നത്. എന്നാല്‍ അവരുടെ നയങ്ങള്‍ കാരണം ലോകം ബുദ്ധിമുട്ടുകയാണെന്നും ഇന്ത്യ തുറന്നടിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും. കൊവിഡ് പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ ഭിന്നതകള്‍ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും. നിലവിലെ ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുടെ പങ്കാളിത്തം മോദി വാഗ്ദാനം ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.