സിഡ്‌നി: ഒരു ചെറിയ നാടന്‍ വണ്ടിന്റെ വിഷ സ്രവങ്ങള്‍ മൂലമുണ്ടാകുന്ന ‘ക്രിസ്മസ് ഐ’ എന്ന് വിളിക്കപ്പെടുന്ന അപൂര്‍വ നേത്രരോഗം തെക്കുകിഴക്കന്‍ ഓസ്‌ട്രേലിയയുടെ വിദൂര ഭാഗത്തുള്ള നിവാസികളെ ബാധിക്കുന്നു. അസഹനീയമായ വേദന പലപ്പോഴും പ്രസവവേദനയേക്കാള്‍ കടുപ്പമേറിയതാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മെല്‍ബണില്‍ നിന്ന് ഏതാണ്ട് 300 കിലോമീറ്റര്‍ വടക്കുകിഴക്കായി ആല്‍ബറിവോഡോംഗ മേഖലയില്‍ മാത്രമാണ് ഇതുവരെ ഈ രോഗം കണ്ടുവരുന്നത്. കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെടുന്നവരിലാണ് രോഗബാധ. അതിനാല്‍ ഇത് ‘ഹാര്‍വെസ്റ്റേഴ്‌സ് കെരാറ്റിറ്റിസ്’ എന്നും ‘ആല്‍ബറിവോഡോംഗ സിന്‍ഡ്രോം’ എന്നും അറിയപ്പെടുന്നു.
ഓസ്‌ട്രേലിയയില്‍ വേനല്‍ക്കാലത്താണ് ക്രിസ്മസ് ഐ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അസഹനീയമായ വേദനയുള്ളതിനാല്‍ രോഗനിര്‍ണയം എളുപ്പമാണെന്ന് മേഖലയിലെ ഒപ്‌റ്റോമെട്രിസ്റ്റായ റോബ് ഹോളോവേ പറഞ്ഞു. ഒരു മില്ലിമീറ്ററില്‍ താഴെ നീളമുള്ള ഓര്‍ത്തോപെറസ് വണ്ടുകളുടെ നാടന്‍ ഇനമാണ് ക്രിസ്മസ് ഐക്ക് കാരണം. ആരെങ്കിലും വണ്ടിനെ അമര്‍ത്തുകയോ കണ്ണില്‍ തൊടുകയോ ചെയ്താല്‍ വിഷ സംയുക്തം കണ്ണിലേക്ക് സ്രവിപ്പിക്കും. പ്രാണികളില്‍ കാണുന്ന പെഡെറിന്‍ എന്ന ഘടകമാണ് പൊള്ളലിന് കാരണമാവുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അല്‍ബറിവോഡോംഗയില്‍ ക്രിസ്മസ് മുതല്‍ ഇതുവരെ 25 മുതല്‍ 30 വരെ കേസുകളുണ്ടായി. ആന്റിബയോട്ടിക്കുകള്‍ പോലുള്ളവ ഉപയോഗിച്ച് ക്രിസ്മസ് ഐ പൂര്‍ണമായി ചികിത്സിക്കാന്‍ എളുപ്പമാണെന്നും രണ്ടാഴ്ച കഴിഞ്ഞാല്‍ രോഗംബാധിച്ചതിന്റെ തെളിവുകളൊന്നുമുണ്ടാവില്ലെന്നും ഹോളോവേ പറഞ്ഞു.
Comments are closed for this post.