2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പടച്ചവന്റെ പൊരുത്തമാണ് ലക്ഷ്യം

അൻവർ സാദിഖ് ഫൈസി
മദീനയിൽ ശക്തമായ ജലക്ഷാമമുള്ള കാലം. കുടിവെള്ളത്തിനായി ജനം പൊറുതിമുട്ടുന്ന അവസ്ഥ. ജൂതനായ റോമയുടെ കിണറ്റിൽ സുലഭമായി വെള്ളമുണ്ട്. പക്ഷേ, പൊതുജനങ്ങൾക്ക് അതിൽ നിന്ന് വെള്ളം എടുക്കണമെങ്കിൽ ഓരോ ദിവസവും അയാൾക്ക് ഒരു മുദ്ദ് വീതം കൂലി കൊടുക്കണം. പൊതുവിൽ പാവങ്ങളായ മദീനക്കാർക്ക് അത് വലിയ പ്രയാസകരമായി.
ഈ വിവരം മുഹമ്മദ് നബി(സ) അറിഞ്ഞു. റോമയെ സമീപിച്ചു ആ കിണറിൽ നിന്ന് പൊതുജനത്തിന് സൗജന്യമായി വെള്ളമെടുക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. അയാൾ അതിന് ഒരുക്കമായിരുന്നില്ല. പ്രവാചകൻ സങ്കടത്തോടെ തിരിച്ചു പള്ളിയിൽ വന്നു. സ്വഹാബികളെ അഭിസംബോധനം ചെയ്തു കൊണ്ട് അവിടന്നു പറഞ്ഞു; ‘നിങ്ങളിൽ ആർക്കാണ് റോമയുടെ കിണർ പണം കൊടുത്തു വാങ്ങി പൊതു സമൂഹത്തിനു ദാനം ചെയ്യാൻ കഴിയുക? അവർക്ക് അല്ലാഹുവിന്റെ പ്രത്യേക പാപമോചനവും കാരുണ്യവും ഞാൻ വാഗ്ദത്വം ചെയ്യുന്നു. സ്വർഗത്തിൽ പ്രത്യേക അരുവി ഞാൻ വാഗ്ദാനം ചെയ്യുന്നു…’
അക്കൂട്ടത്തിലെ ആരും അതിന് സാധിക്കുന്നവരായിരുന്നില്ല. ഒട്ടുമിക്കതും പാവങ്ങൾ. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടേക്ക് ഉസ്മാൻ ബിൻ അഫാൻ(റ) കയറി വന്നു. പ്രവാചകന്റെ ഇടപെടലിനെ കുറിച്ചു ചർച്ച ചെയ്തു കൊണ്ടിരിക്കുകയായിരുന്നു സ്വഹാബികൾ. ഉസ്മാൻ വിവരം അറിഞ്ഞു. ‘ആ കിണർ ഞാൻ വാങ്ങി ദാനം ചെയ്താൽ പ്രവാചകൻ പറഞ്ഞ പ്രതിഫലം എനിക്ക് ലഭിക്കുമോ?’ അദ്ദേഹം അന്വേഷിച്ചു. ത്വൽഹ, സുബൈർ, അലി എന്നീ പ്രമുഖ സ്വഹാബികളെല്ലാം അവിടെയുണ്ട്. അവർ ലഭിക്കുമെന്ന് സാക്ഷ്യം പറഞ്ഞു.
ഉസ്മാൻ നേരെ റോമയുടെ അടുത്തേക്ക് പോയി. കിണർ വിൽക്കുമോ എന്ന് അന്വേഷിച്ചു. പണം കിനിഞ്ഞു വരുന്ന ആ കിണർ വിൽക്കാൻ അയാൾക്ക് മനസ്സില്ലായിരുന്നു. അതുകൊണ്ട് ഉസ്മാൻ(റ) ഒഴിഞ്ഞു പോകാൻ അയാൾ ഒരു സൂത്രം പ്രയോഗിച്ചു. ഉസ്മാന്റെ കൊക്കിൽ ഒതുങ്ങാത്ത ഒരു വില പറയുക. മുപ്പത്തി അയ്യായിരം ദിർഹം!
വിലകേട്ടതോടെ ഉസ്മാൻ പിരിഞ്ഞു പോകുമെന്നാണ് റോമ കരുതിയത്. പക്ഷേ, ആ വില ഞാൻ തരാമെന്നു പറഞ്ഞു ഉസ്മാൻ(റ) അതുറപ്പിച്ചു. മറുത്തൊന്നും പറയാനാകാതെ റോമ അമ്പരന്നു നിന്നു. പൊന്നിൻ വില കൊടുത്തു വാങ്ങിയ കിണർ ഉസ്മാൻ പൊതു സമൂഹത്തിന് സൗജന്യമായി വെള്ളമെടുക്കാൻ വഖ്ഫ് ചെയ്തു.
സ്രഷ്ടാവിന്റെ പ്രതിഫലത്തെ കുറിച്ചും സ്വർഗത്തെ കുറിച്ചും കേട്ടപ്പോൾ, അതിൽ സംതൃപ്തിയും സായൂജ്യവും കണ്ടെത്തി സ്വന്തം സമ്പാദ്യം ദാനം ചെയ്യാൻ ഉസ്മാൻ(റ) കാണിച്ച ഔത്സുക്യത്തെ പ്രശംസിച്ചു ഖുർആൻ വചനങ്ങൾ അവതരിച്ചു. ‘സംതൃപ്തിയടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിലേക്ക് സംതൃപ്ത സായൂജ്യത്തോടെ മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാന്മാരുടെ കൂട്ടത്തിൽ പ്രവേശിച്ചു കൊള്ളുക. എന്റെ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക’ (ഖുർആൻ 89/27-30).
1400 വർഷം പിന്നിട്ടും ഉസ്മാന്റെ ‘റോമ കിണർ’ മദീനയിൽ ഇപ്പോഴും കാണാം. അതുപോലെ ആ പ്രതിഫലം കിട്ടാൻ ഉസ്മാനീ മാതൃക സ്വീകരിക്കുന്ന അനേകായിരം മനുഷ്യരെയും നമുക്കിടയിൽ കാണാം. ഉസ്മാന് മാത്രമല്ല, ആ പാത പിന്തുടർന്ന എല്ലാ സത്യവിശ്വാസിക്കും സുവിശേഷമാണ് ഈ ഖുർആൻ വചനം. സ്രഷ്ടാവിന്റെ സംതൃപ്തി ലക്ഷ്യം വച്ചു പ്രവർത്തിച്ച എല്ലാ സത്യവിശ്വാസികളുടെ അടുത്തും മരണ സമയത്ത് മാലാഖമാർ വന്ന് ഈ ഖുർആൻ വചനം മന്ത്രിക്കും. സ്വർഗീയ കാഴ്ചകളുടെ വിരുന്നൊരുക്കി അവരുടെ ആത്മാവിനെ മാലാഖമാർ ആനയിക്കും. പടച്ചവന്റെ പൊരുത്തമാണല്ലോ വിശ്വാസിയുടെ ലക്ഷ്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.