
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി നിയമമന്ത്രി പി.രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലോകായുക്ത ഭേദഗതി മന്ത്രിസഭ കൂട്ടായി തീരുമാനിച്ചതാണ്. ഓര്‍ഡിനന്‍സ് ഇറക്കിയത് ഭരണഘടനമൂല്യം സംരക്ഷിക്കാനാണ്. സതീശന്റെ നിലപാട് ഭരണഘടനയുമായി ചേര്‍ന്നുനില്‍ക്കുന്നതല്ല. പ്രതിപക്ഷനേതാവ് ഹൈക്കോടതി വിധി മുഴുവനായി വായിച്ചുകാണില്ല. ലോകായുക്തനിയമത്തിലെ 12,14 വകുപ്പുകള്‍ പരസ്പരം ബന്ധപ്പെട്ടതാണ്. ഹൈക്കോടതി ഉത്തരവ് 12ാം വകുപ്പിനെ മാത്രം പരാമര്‍ശിക്കുന്നതല്ല. ലോകായുക്തയ്ക്ക് ശുപാര്‍ശ നല്കാന് മാത്രമാണ് അധികാരം. നിര്‍ദേശിക്കാന്‍ അധികാരമില്ല. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല. ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഗവര്‍ണറാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവെന്നും പി രാജീവ് വിശദീകരിച്ചു.
പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി തെളിഞ്ഞാല്‍ പദവിയില്‍ നിന്ന് നീക്കണമെന്ന ലോകായുക്ത നിയമത്തിലെ ഏറ്റവും കാതലായ വകുപ്പ് 14-ലാണ് വിവാദ ഭേദഗതി വരുന്നത്. പുതിയ ഭേദഗതി അനുസരിച്ചാണെങ്കില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കെതിരായ കേസില്‍ മുഖ്യമന്ത്രിക്കും തീരുമാനമെടുക്കാം.