2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി’;  വി മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ജയരാജന്‍

കണ്ണൂര്‍: കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ രൂക്ഷവിമര്‍ശവുമായി സി.പി.എം നേതാവ് പി.ജയരാജന്‍. മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
നായനാരെ പോലെ കരുത്തനായ കമ്മ്യുണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കാനില്ല.കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാര്‍ക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമേ ഉള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.
 
ഈ കേന്ദ്ര സഹമന്ത്രിക്ക് അര്‍ഹമായ വിശേഷണം ഈ സന്ദര്‍ഭത്തില്‍ തന്നെ ജനങ്ങള്‍ കല്പിച്ച് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
കേരളത്തിൽ നിന്നുള്ള “ഒരു വിലയുമില്ലാത്ത” ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതീരെ നിലവാരമില്ലാത്ത ആക്ഷേപമുയർത്തിയതിനെ കുറിച്ച് സമൂഹത്തിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണല്ലോ.ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി.
മുൻപൊരിക്കൽ ഈ മാന്യൻ കാക്കി ട്രൗസറിട്ട് നടന്ന കാലത്തേ ഒരു സംഭവം ഓർമ്മ വരുന്നു.അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ:നായനാർ ആയിരുന്നു.ഡൽഹി കേരള ഹൗസിൽ അദ്ദേഹമുള്ളപ്പോൾ കുറച്ച് ആർഎസ്എസ് കാരേയും എബിവിപി കാരേയും കൂട്ടി ഈ വിദ്വാൻ നായനാരുടെ മുറിയിൽ അത്രിക്രമിച്ചു കയറി വാതിൽ കുറ്റിയിട്ടു.
കൈയ്യിലൊരു വെള്ള പേപ്പറുമുണ്ട്.കേരളത്തിൽ അറസ്റ്റിലായ ഒരു എബിവിപി പ്രവർത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി ഈ പേപ്പറിൽ എഴുതി ഒപ്പിട്ടു നൽകണമെന്നായിരുന്നു ആവശ്യം.ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നായിരുന്നു ഈ ആർഎസ്എസ് കാരുടെ വിചാരം.ഒട്ടേറെ പ്രതിസന്ധികൾ നേരിട്ട നായനാർ കുലുങ്ങിയില്ല.പോയി പണി നോക്കാൻ പറഞ്ഞു.ആർഎസ്എസുകാർ പോലീസ് പിടിയിലുമായി.
അന്ന് കാണിച്ച ആ കാക്കി ട്രൗസർ കാരന്റെ അതെ മനോഭാവമാണ് ഈ മാന്യന് ഇപ്പോളും.
നായനാരെ പോലെ കരുത്തനായ കമ്മ്യുണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കാനില്ല.കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാർക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികൾക്ക് പുച്ഛം മാത്രമേ ഉള്ളു.ആകെ ഉപകാരം കിട്ടിയത് കുറച്ച് സ്വന്തക്കാർക്കാണ്.വിദേശ യാത്രകളിൽ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളിൽ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്.
ഈ കേന്ദ്ര സഹമന്ത്രിക്ക് അർഹമായ വിശേഷണം ഈ സന്ദർഭത്തിൽ തന്നെ ജനങ്ങൾ കല്പിച്ച് നൽകിയിട്ടുണ്ട്.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.