തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കി പി.ശശിയെ നിയമിച്ചതിനു പിന്നാലെ സി.പി.എമ്മില്‍ ഭിന്നത. പി.ശശിയുടെ നിയമനത്തെതിരേ സംസ്ഥാന സമിതി അംഗമായ പി.ജയരാജനാണ് രംഗത്തെത്തിയിരിക്കുന്നത്. സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറികൂടിയായ പി ജയരാന്‍ സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാനം പുനപ്പരിശോധിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ നിയമനത്തില്‍ ജാഗ്രതയും സൂക്ഷ്മതയും വേണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് ചെയ്ത തെറ്റ് പി.ശശി ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു.
2011ല്‍ സദാചാര ലംഘന ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളാണ് പി.ശശി. അങ്ങനെയൊരാളെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന അഭിപ്രായക്കാരനാണ് പി. ജയരാജന്‍.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി ജയരാജന്റെ വിയോജിപ്പില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം അഭിപ്രായങ്ങള്‍ നേരത്തെ അറിയിക്കണമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സംസ്ഥാന സമിതിയില്‍ അല്ലേ ചര്‍ച്ച ചെയ്യാന്‍ പറ്റൂ എന്ന് പി ജയരാജന്‍ തിരിച്ചടിച്ചു.
തിങ്കളാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മറ്റൊരു പേരും ചര്‍ച്ചയില്‍ വരാത്തതിനാലാണ് പി ശശി തന്നെ പൊളിറ്റിക്കല്‍ സെക്രട്ടറിയാവാന്‍ സാധ്യതതെളിഞ്ഞത്. എന്നാല്‍ സംസ്ഥാന സമിതി യോഗത്തിലാണ് പി.ജയരാജന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ കണ്ണൂരിലെ സി.പി.എമ്മിലെ പടലപ്പിണക്കങ്ങളാണ് ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടറി, എല്‍.ഡി.എഫ് കണ്‍വീനര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി എല്ലാവരും കണ്ണൂരില്‍ നിന്നാകുന്നതിനെതിരേ നേരത്തെ തന്നെ അതൃപ്തിയുണ്ട്.
രണ്ടാം തവണയാണ് പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശശി പൊളിറ്റിക്കല്‍ സെക്രട്ടറി ആയത്. പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന് ദേശാഭിമാനിയുടെ ചുമതല നല്‍കാനുള്ള ആലോചനകള്‍ വന്നതോടെയാണ് പി.ശശിയെ പരിഗണിച്ചത്.
Comments are closed for this post.