തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത തള്ളാതെ സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാറില്ലെന്നായിരുന്നു പി ജയരാജന്റെ മറുപടി. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിെര ചര്‍ച്ച നടക്കാറുണ്ട്. സമൂഹത്തിലെ ജീര്‍ണത സിപിഎമ്മിലും നുഴഞ്ഞുകയറുന്നുണ്ട്. കമ്മിറ്റിയില്‍ എന്ത് നടന്നെന്ന് മാധ്യമങ്ങളോട് പങ്കുവെക്കില്ലെന്നും പി. ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
ഇപി ജയരാജന്‍ റിസോര്‍ട്ട് നടത്തുന്നത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. താന്‍ ആ സ്ഥലത്ത് പോയിട്ടില്ല. നാട്ടില്‍ മതപരമായ വര്‍ഗീയത ശക്തിപ്പെടുന്നു, ലഹരി ഉപയോഗം വര്‍ധിപ്പിക്കുന്നു. ഇതൊക്കെയാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുന്നു എന്ന യാതൊരു ചര്‍ച്ചയും നിഗമനവും പാര്‍ട്ടി സംസ്ഥാന യോഗത്തില്‍ ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ബഹുജനാഭിപ്രായം രൂപീകരിക്കണം, പാര്‍ട്ടിയുടെ വിപ്ലവകരമായ ആത്മശുദ്ധിനിലനിര്‍ത്തക്ക രീതിയിലുള്ള നല്ലനിലയിലുള്ള ഇടപെടല്‍ പാര്‍ട്ടി ബ്രാഞ്ച് മുതല്‍ എല്ലാഘടകങ്ങളും നടത്തണം എന്ന അടിസ്ഥാനത്തിലുള്ള തെറ്റുതിരുത്തല്‍ രേഖയാണ് പാര്‍ട്ടി അംഗീകരിച്ചത്. തെറ്റുതിരുത്തല്‍ രേഖയുടെ ഭാഗമായി സ്വാഭാവികമായി തെറ്റായപ്രവണതകളെക്കുറിച്ച് പറയുകയെന്നല്ലാതെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.