റിയാദ്: ഇന്ത്യയിൽ ഓക്സിജൻ ലഭ്യതക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന കൊവിഡ് രോഗികൾക്ക് ആശ്വാമേകാൻ സഊദിയിൽ നിന്ന് ഓക്സിജൻ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികളായി. റിയാദിലെ ഇന്ത്യൻ എംബസിയാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഓക്സിജൻ കണ്ടയിനറുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി തുറമുഖത്തു എത്തിച്ചിട്ടുണ്ട്. ഏതാനും ലോഡുകൾ കിഴക്കൻ സഊദിയിലെ ദമാം തുറമുഖത്ത് നിന്നും ഗുജറാത്ത് തുറമുഖത്തേക്കാണ് തിരിച്ചത്.
അദാനി ഗ്രൂപ്പ്, ലിൻഡേ സഊദി അറേബ്യ കമ്പനികളുടെ സഹകരണത്തോടെയാണ് ഓക്സിജൻ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. അദാനി ഗ്രൂപ്പ്, എം എസ് ലിൻഡേ സഊദി ഗ്രൂപ്പുകൾ സഹകരിച്ച് ഇന്ത്യയിലേക്ക് ഓക്സിജൻ കയറ്റുമതി ചെയ്യാനുള്ള തീരുമാനത്തിൽ അതിയായ സന്തോഷമുണ്ടെന്ന് റിയാദിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. ഈ സഹായത്തിനും സഹകരണത്തിനും സഊദിയിലെ ആരോഗ്യ മന്ത്രാലയത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും എംബസി ട്വിറ്ററിൽ അറിയിച്ചു.
ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഓക്‌സിജൻ കണ്ടൈനർ ദമാം തുറമുഖത്ത് നിന്നും കപ്പലിലേക്ക് കയറ്റുന്നു
നാല് ഐ ഒ എസ് ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടൺ ദ്രവ രൂപത്തിലുള്ള ഓക്സിജനുമാണ് ദമാമിൽ നിന്നും തിരിച്ചത്. ഇതിനു പുറമെ ലിൻഡെ സഊദി അറേബ്യ കമ്പനിയിൽ നിന്ന് 5,000 മെഡിക്കൽ ഗ്രേഡ് ഓക്സിജൻ സിലിണ്ടറുകൾ കൂടി ലഭ്യമാക്കിട്ടുണ്ടെന്നും ഇവയും ഉടൻ തന്നെ ഇന്ത്യയിലേക്ക് കയറ്റി അയക്കുമെന്നും അദാനി ഗ്രൂപ്പ് ട്വീറ്റ് ചെയ്തു.
Comments are closed for this post.