മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ സാധ്യത, ഉയര്‍ന്ന ശമ്പളമുള്ള ജോലി- പലരെയും വിദേശത്തേക്ക് വിമാനം കയറാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണിത്. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ ഐക്യ നാടുകളിലും, യൂറോപ്യന്‍ രാജ്യങ്ങളിലും ഉയര്‍ന്ന ശമ്പളമാണ് പല തൊഴില്‍ മേഖലയിലും ലഭിക്കുന്നത്. അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കണ്ണഞ്ചപ്പിക്കുന്ന സാലറി പാക്കേജുകളാണ് പല രാജ്യങ്ങളും വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നടക്കം വലിയ രീതിയിലുള്ള കുടിയേറ്റം വിദേശത്തേക്ക് നടക്കുന്നുണ്ട്.
മെഡിക്കല്‍, സയന്‍സ്, ടെക്, ഫിനാന്‍സ് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ശമ്പള സാധ്യതയുള്ളത്. യു.കെ, യു.എസ്.എ, കാനഡ, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവയാണ് ശമ്പള കാര്യത്തില്‍ മുന്നിലുള്ളത്.
വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ തൊഴില്‍ സാധ്യതകള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ തങ്ങള്‍ തെരഞ്ഞെടുക്കുന്ന തൊഴിലില്‍ എത്ര രൂപ ശമ്പളമായി നേടാമെന്നും ചിന്തിക്കേണ്ടതുണ്ട്. സാധ്യതകളെ കുറിച്ച് വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ വിമാനം കയറാന്‍ പാടുള്ളൂ.
ആരോഗ്യ മേഖല
വിദേശത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരമുള്ള മേഖലയാണ് ആരോഗ്യ മേഖല. പ്രത്യേകിച്ച് നഴ്‌സിങ് മേഖലയില്‍ മലയാളികളടക്കമുള്ളവര്‍ക്ക് വമ്പിച്ച അവസരമാണ് ഉള്ളത്. യു.കെ, യു.എസ്.എ, കാനഡ, ജര്‍മ്മനി അടക്കമുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ആരോഗ്യ മേഖലയില്‍ വമ്പിച്ച അവസരമാണുള്ളത്. മാത്രമല്ല നമ്മുടെ നാട്ടില്‍ നിന്ന് വ്യത്യസ്തമായി നഴ്‌സിങ് മേഖലയിലടക്കം വലിയ ശമ്പളവും നിങ്ങള്‍ക്ക് ലഭിക്കും.
സാധാരണയായി വിദേശത്തെ ആരോഗ്യ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക് തുടക്ക ശമ്പളമായി 184,000 യു.എസ് ഡോളര്‍ മുതല്‍ 23,7000 യു.എസ് ഡോളര്‍ വരെ പ്രതിവര്‍ഷം ശരാശരി ലഭിക്കാറുണ്ട്. (ഏകദേശം 2 കോടിക്കടുത്ത് ഇന്ത്യന്‍ രൂപക്ക് തുല്യമാണിത്). കഴിവിന്റെയും അനുഭവജ്ഞാനത്തിന്റെയും മികവില്‍ ഇത് 2.5 കോടി വരെ ഉയരും. അമേരിക്കയാണ് മെഡിക്കല്‍ പഠനത്തിനും ജോലിക്കും ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ളത്.
ഐ.ടി മേഖല
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന മേഖലയാണ് ടെക് മേഖല. യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളില്‍ സാങ്കേതിക വിദഗ്ദര്‍ക്ക് വലിയ സാധ്യതയാണുള്ളത്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് യു.എസില്‍ 84,570 യു.എസ് ഡോളറാണ് ശരാശരി ശമ്പളം ലഭിക്കുക (70 ലക്ഷം ഇന്ത്യന്‍ രൂപ). കാനഡയിലാണെങ്കില്‍ ഇത് 81,568 കനേഡിയന്‍ ഡോളറാണ് (50 ലക്ഷം ഇന്ത്യന്‍ രൂപ).
ബിസിനസ്
വമ്പിച്ച സാധ്യതകളാണ് എം.ബി.എ ബിരുദധാരികളെ കാത്തിരിക്കുന്നത്. നിങ്ങള്‍ റെപ്യൂറ്റഡ് ആയ ഒരു സ്ഥാപനത്തില്‍ നിന്നാണ് പഠിച്ചിറങ്ങിയതെങ്കില്‍ മെച്ചപ്പെട്ട സാലറി പാക്കേജ് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. 85,000 യു.എസ് ഡോളര്‍ മുതല്‍ 150,000 യു.എസ് ഡോളര്‍ വരെ വിവിധ കമ്പനികള്‍ തങ്ങളുടെ ജോലിക്കാര്‍ക്ക് പ്രതിവര്‍ഷം ശമ്പളയിനത്തില്‍ നല്‍കി വരാറുണ്ട്. (ഏകദേശം 2 കോടി ഇന്ത്യന്‍ രൂപക്ക് മുകളില്‍). കഴിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ ഇത് ഒന്നരക്കോടി ഇന്ത്യന്‍ രൂപ വരെ ഉയരാം.
അക്കൗണ്ടിങ്
എല്ലാ കാലത്തും തൊഴിലവസരമുള്ള മേഖലയാണ് ഫിനാന്‍സ്. അക്കൗണ്ടിങ് മേഖലയിലാണെങ്കില്‍ തുടക്കത്തില്‍ തന്നെ ഏകദേശം 66,701 യു.എസ് ഡോളര്‍ (50 ലക്ഷത്തിന് മുകളില്‍ ഇന്ത്യന്‍ രൂപ) ശമ്പളമായി ലഭിക്കും. എന്നാല്‍ എക്‌സ്പീരിയന്‍സുള്ള പ്രൊഫഷണല്‍ ചാര്‍ട്ടേഡ് അക്കൗണ്ടുമാര്‍ക്ക് ശമ്പളം ഇതിലും കൂടുതലായിരിക്കും. ഇവര്‍ക്ക് 83,980 യു.എസ് ഡോളര്‍ മുതല്‍ വാര്‍ഷിക വരുമാനം ലഭിക്കാറുണ്ട്. യു.കെ, സിങ്കപ്പൂര്‍, യു.എസ് എന്നിവിടങ്ങളാണ് ഫിനാന്‍സ് വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയം.
ഡിസൈന്‍
ഗ്രാഫിക് ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍ എന്നീ മേഖലകള്‍ വളര്‍ന്നുവരുന്ന വിദേശ സാധ്യതകളാണ്. ഡിസൈന്‍ മേഖലയിലുള്ളവര്‍ക്ക് ഏകദേശം 70,000 യു.എസ് ഡോളര്‍ വരെ പ്രതിവര്‍ഷ ശമ്പളമായി ലഭിക്കാറുണ്ട്. (60 ലക്ഷം ഇന്ത്യന്‍ രൂപ). എന്നാല്‍ ഡിസൈനര്‍ മേഖലയില്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് ഇത് 102,677 യു.എസ് ഡോളര്‍ വരെ ഉയരാം. (8512693 ഇന്ത്യന്‍ രൂപ).
Comments are closed for this post.