മരിയുപോള്‍: ഉക്രൈനിലെ റഷ്യന്‍ അധിനിവേശം എട്ട് ആഴ്ച പിന്നിടുമ്പോള്‍ അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ഉക്രെെനിൽ നിന്ന് പലായനം ചെയ്തതായി റിപ്പോര്‍ട്ട്. ജനീവ ആസ്ഥാനമായ യുഎൻ അഭയാർത്ഥി ഹൈക്കമ്മീഷണർ ബുധനാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് മൊത്തം അഭയാർത്ഥികളുടെ എണ്ണം 5.01 ദശലക്ഷമാണ്.
അഭയാർത്ഥികൾക്ക് പുറമേ, യുക്രൈനിൽ 7 ദശലക്ഷത്തിലധികം ആളുകൾ ഭവനരഹിതരായതായും യു എൻ റിപ്പോർട്ടുകൾ പറയുന്നു. 44 ദശലക്ഷം ആയിരുന്നു യുക്രെെനിൽ യുദ്ധത്തിന് മുമ്പുള്ള ജനസംഖ്യ.
അയല്‍രാജ്യങ്ങളിലേക്കാണിവര്‍ പലായനം ചെയ്തത്. ഇവരില്‍ പകുതിയിലധികവും കുട്ടികളായിരുന്നെന്ന് യു.എന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലൊക്കെയും റഷ്യ രൂക്ഷമായി ആക്രമിച്ചെങ്കിലും ഉക്രൈന്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. ഏത് നിമിഷവും മരിയുപോള്‍ അടക്കമുള്ള പ്രദേശങ്ങള്‍ റഷ്യ കീഴടക്കും. പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ വ്യക്തമാക്കി. മരിയുപോള്‍ പിടിച്ചടക്കാതിരിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഉക്രൈന്‍ ആവര്‍ത്തിച്ചു. അധിനിവേശം ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം ആളുകള്‍ ഉക്രൈന്‍ വിട്ടതായി ഐക്യരാഷ്ട്രസഭ പറഞ്ഞു. റഷ്യ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി.
സഖ്യകക്ഷികളില്‍ നിന്ന് മുഴുവന്‍ വിമാനങ്ങളും ഉക്രൈന് ലഭ്യമായിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ കാര്യാലയമായ പെന്റഗണ്‍ അറിയിച്ചു. ഷെല്ലുകള്‍ പ്രയോഗിക്കുന്ന ദീര്‍ഘദൂര ആയുധമായ ഹോവിറ്റ്‌സര്‍ ഉപയോഗിക്കാന്‍ ഉക്രൈനികള്‍ക്ക് പരിശീലനം നല്‍കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തു. റഷ്യയെ ദുര്‍ബലപ്പെടുത്താന്‍ യുദ്ധം കൂടുതല്‍ കാലം നിലനില്‍ക്കണമെന്നാണ് ചില നാറ്റോ സഖ്യകക്ഷികള്‍ ആഗ്രഹിക്കുന്നതെന്ന് തുര്‍ക്കി ആരോപിച്ചു. ഉക്രൈന് നൂറോളം മിസ്ട്രല്‍ എയര്‍ ഡിഫന്‍സ് മിസൈലുകള്‍ നോര്‍വേ നല്‍കി. കിയവ് സന്ദര്‍ശിച്ച യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
അതിനിടെ റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍. റഷ്യന്‍ ബാങ്കായ ട്രാന്‍സ്‌കാപിറ്റല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. നാല്‍പ്പതിലധികം വ്യക്തികള്‍ക്കും പുതിയ ഉപരോധം ബാധകമാണ്. ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ നിന്ന് റഷ്യന്‍, ബെലാറസ് താരങ്ങളെ വിലക്കിയതായി വനിതാ ടെന്നീസ് അസോസിയേഷന്‍ വ്യക്തമാക്കി.
Comments are closed for this post.