2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നാല് മണിക്കൂറില്‍ കൂടുതല്‍ ദിവസവും ഫോണ്‍ ഉപയോഗിക്കാറുണ്ടോ? പ്രശ്‌നം ഗുരുതരമെന്ന് ഗവേഷകര്‍

മൊബൈല്‍ ഫോണ്‍ എന്നത് ഇന്ന് നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത ഘടകമാണ്. മണിക്കൂറുകളോളം സമയമാണ് ഇന്ന് നാം മൊബൈല്‍ ഫോണിന് മുന്നില്‍ ചെലവഴിക്കുന്നത്. എന്നാല്‍ ഇത്രയും നേരം മൊബൈല്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ദിവസവും നാലുമണിക്കൂറിലേറെ മൊബൈല്‍ ഫോണില്‍ കുത്തിയിരിക്കുന്ന കൗമാരപ്രായക്കാരില്‍ മാനസികാരോഗ്യം തകരാറിലായിരിക്കുമെന്നും ലഹരിയോട് അടിമപ്പെടാനുള്ള സാധ്യതയുണ്ടെന്നും കൊറിയയിലെ ഹാന്യാങ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനഫലം തെളിയിക്കുന്നു.

അമ്പതിനായിരത്തിലേറെ പേരെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. ദിവസവും ഇക്കൂട്ടര്‍ മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്ന സമയവും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളുമാണ് നിരീക്ഷിച്ചത്. ഇതുപ്രകാരം ദിവസവും നാലുമണിക്കൂറിലേറെ ഫോണില്‍ത്തന്നെ സമയം കളഞ്ഞവരില്‍ സമ്മര്‍ദം, ആത്മഹത്യാചിന്തകള്‍, ലഹരിയോട് ആകര്‍ഷണം തുടങ്ങിയവ പ്രകടമായിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി.

PLOS ONE എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ കൃത്യമായ ഉപയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും അത്തരത്തിലുള്ള വിദ്യാഭ്യാസ പരിപാടികളും ആവിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നും പഠനത്തിന് നേതൃത്വം കൊടുത്ത ഗവേഷകര്‍ കരുതുന്നു.കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കൗമാരപ്രായക്കാരില്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കൂടുതലാണെന്നതു സംബന്ധിച്ച് നേരത്തേ നിരവധി ഗവേഷണങ്ങള്‍ പുറത്തുവന്നിരുന്നു.

   

മൊബൈല്‍ ഫോണുകളില്‍ ഏറെസമയം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്‌നമുണ്ടാകാമെന്ന് അടുത്തിടെ മറ്റൊരു പഠനത്തിലും പുറത്തുവന്നിരുന്നു. ഒരു ദിവസം മൂന്നുമണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ പുറംവേദന പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

Content Highlights:Over 4 hours of smartphone use daily may affect mental and physical health


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.