റഫീഖ് റമദാന്‍
കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തകനായ കോഴിക്കോട് പരപ്പില്‍ പി.പി മമ്മദ് കോയയുടെ വീട്ടില്‍ കഴിഞ്ഞദിവസം രണ്ട് അതിഥികളെത്തി. ജന്മനാ കാഴ്ചശക്തിയില്ലാത്ത രണ്ട് അധ്യാപകര്‍. മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ പി.ടി മുഹമ്മദ് മുസ്തഫയും സഹോദരി റസിയാബിയും.
അധ്യാപനജീവിതത്തില്‍ 25വര്‍ഷം പിന്നിടുന്ന ഇരുവരും ഇടിയങ്ങരയിലെ വീട്ടില്‍ മമ്മദ് കോയയെ ആദരിക്കാനാണെത്തിയത്. മക്കളും ബന്ധുക്കളുമായി ഏറെ പേര്‍ ഈ കാഴ്ച കാണാനെത്തിയിരുന്നു. അകക്കണ്ണുകൊണ്ട് മുസ്തഫയും സഹോദരിയും ആ സന്തോഷം കണ്ട് നിര്‍വൃതി കൊണ്ടു.
മുസ്തഫയുടെയും സഹോദരിയുടെയും ജീവിതം മാറ്റിമറിച്ചയാളാണ് പി.പി മമ്മദ് കോയ. അനാഥരും കാഴ്ചാപരിമിതരുമായ ഇരുവരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മമ്മദ്‌കോയയാണ്.
അരനൂറ്റാണ്ടു മുമ്പ് റസിയാബിക്ക് രണ്ടരയും മുസ്തഫയ്ക്ക് ഒന്നരയും വയസുള്ളപ്പോഴാണ് പിതാവ് മരിച്ചത്. കെ.എസ്.ഇ.ബി ലൈന്‍മാനായിരുന്നു. ജീവിതം വഴിമുട്ടിയ ഘട്ടത്തില്‍ കുടുംബത്തിന് തണലായത് യൂനിവേഴ്‌സിറ്റി ജീവനക്കാരനായിരുന്ന പി.പി മമ്മദ്‌കോയയും സുഹൃത്തുക്കളുമായിരുന്നു.
നല്ലളത്ത് പത്തു സെന്റ് സ്ഥലത്ത് ഒരു വീടു വച്ചുകൊടുത്തു. മാതാവ് സുബൈദക്ക് കെ.എസ്.ഇ.ബിയില്‍ ജോലിയും. അതൊരിക്കലും വീട്ടാനാകാത്ത കടമായിരുന്നു.
പിന്നീട് വല്ലപ്പോഴുമേ പഴയ അയല്‍വാസിയെ കാണാന്‍ മുസ്തഫ എത്തിയുള്ളൂ. അവസാനമായി കണ്ടത് 2005ല്‍ മാതാവ് ഹജ്ജിനു പോകുമ്പോഴായിരുന്നു. ഇപ്പോള്‍ മീഞ്ചന്ത ജി.വി.എച്ച്.എസ്.എസില്‍ ചരിത്രാധ്യാപകനായ മുസ്തഫക്ക് കാഴ്ചാപരിമിതി ഒരു പരിമിതിയേയല്ല. മറ്റു അധ്യാപകരെ പോലെ അദ്ദേഹം ക്ലാസെടുക്കുന്നു. പുസ്തകം ബ്രെയിലി ലിപിയിലേക്ക് മാറ്റിയാണ് പഠിക്കുന്നത്. സ്‌ക്രീന്‍ റീഡിങ് സോഫ്റ്റ്‌വെയറിലൂടെയാണ് താന്‍ പരിമിതി മറികടന്നതെന്ന് മുസ്തഫ. 2012ല്‍ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം തേടിയെത്തി. 2014ല്‍ ബാഫഖി തങ്ങള്‍ പുരസ്‌കാരവും. അദ്ദേഹവും ഉദാരമതികളുടെ സഹായത്തോടെ ആറു വിദ്യാര്‍ഥികള്‍ക്ക് വീടുവച്ചു കൊടുത്തിട്ടുമുണ്ട്. സഹോദരി റസിയാബി കൊളത്തറ കാലിക്കറ്റ് സ്‌കൂള്‍ ഫോര്‍ ദി ഹാന്‍ഡിക്യാപ്ഡിലെ അധ്യാപികയാണ്.
Comments are closed for this post.