2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

നമ്മുടെ പൊതു ശൗചാലയങ്ങള്‍

ഹിലാല്‍ ഹസ്സന്‍

നമ്മള്‍ എന്താണ് ഇങ്ങിനെ? വളരെ പ്രാഥമിക കാര്യങ്ങള്‍ക്കു പോലും മുന്‍ഗണനാ ക്രമത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കാതെ സഹിച്ചു കഴിയുന്നത് ? നമ്മള്‍ മിക്കവാറും പല അവസരങ്ങളിലായി നമ്മുടെ സംസ്ഥാനത്തിലെ നിരത്തിലൂടെ യാത്ര ചെയ്തിട്ടുണ്ടാകും. ബസ്സിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, ഒന്നു ശൗചാലയത്തില്‍ പോകേണ്ട ആവശ്യം വന്നപ്പോള്‍ ഉണ്ടായ അനുഭവം എന്താണ് ? പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ? പലപ്പൊഴും വളരെ പരിമിതമായ സൗകര്യം മാത്രമാണുള്ളത്.ഉണ്ടെങ്കില്‍ തന്നെ ഇത്രയും വൃത്തി ഹീനമായി മറ്റൊരു സ്ഥലവുമുണ്ടാകില്ല.ഇത് എത്രയോ കാലമായി നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇതിനെതിരെ പ്രതികരിക്കാനോ ശബ്ദിക്കാനോ ആരും തയ്യാറാകുന്നില്ല. എങ്ങിനെ യൊക്കെയൊ സഹിച്ചു ശമനം നടത്തിയാല്‍ നമ്മളതു മറന്നു. കാലങ്ങളായി നിസ്സഹായത കൊണ്ട് എത്ര പേര്‍ മറന്നിരിക്കണം. എന്തേ നമ്മള്‍ മലയാളികള്‍ ഇങ്ങിനെ ? നമ്മള്‍ ചെയ്യാത്ത സമരങ്ങളില്ല. നമ്മുടെ ഏറ്റവും പ്രാഥമികമായ ഈ ഒരു ആവശ്യത്തിനെ മുന്‍ഗണനാ ക്രമത്തില്‍ എന്തു കൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല.

കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ 610 കി മി, അല്ലെങ്കില്‍ കേരളത്തിലൂടെ കടന്നു പോകുന്ന മറ്റു 1200ഓളം കി മി എന്‍ എച്‌ലൂടെയോ 4341 ,കി. മി സ്റ്റേറ്റ് ഹൈവേയിലൂടെയോ, മലയോര തീര ദേശ ഹൈ വേകളിലൂടെയോ, തദ്ദേശ വകുപ്പിന്റെ കീഴിലുള്ള റോഡിലൂടെയോ യാത്ര ചെയ്യുമ്പോള്‍ എപ്പോഴെങ്കിലും മൂത്ര ശങ്ക വന്നപ്പോള്‍ എന്തായിരുന്നു നമ്മുടെ അനുഭവം. വൃത്തിയുടെ പര്യായമായ നമ്മളിലെ പുരുഷന്മാര്‍ റോഡരുകുകളില്‍ അഭയം പ്രാപിക്കും. സ്ത്രീകളോ, ഏതെങ്കിലും ചെറിയ ഹോട്ടലുകളില്‍ ചായ കുടിക്കാനെന്ന പൊലെ താല്പര്യമില്ലെങ്കിലും ചായ കുടിച്ചു, ചമ്മലോടെ, ഏറ്റവും വൃത്തികെട്ട പൊതു ശൗചാലയം ഉപയോഗിക്കേണ്ടി വരുന്നു. ഇവിടെയും സഹിക്കുക,മറക്കുക ആവര്‍ത്തിക്ക പ്പെടുന്നു.

ഇങ്ങിനെ സഹിച്ചു തള്ളേണ്ട ഒരു വിഷയമാണോ ഇത്. വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ജീവിത സൗകര്യം(ഈസ് ഓഫ് ലിവിങ് ) സര്‍ക്കാര്‍ ഒരുക്കേണ്ടതുണ്ട്. കേരളത്തിലെ പൊതു നിരത്തില്‍ ഓരോ 25 കി. മി കൂടുമ്പോഴും ഒരു പൊതു ശൗചാലയവും ഓരോ 50 കിമി കൂടുമ്പോഴും ഏറ്റവും ആധുനികമായ ,വിദേശ സന്ദര്‍ശകരുടെ സംസ്‌കാര ശീലത്തിന് അനുയോജ്യമായ സൗകര്യങ്ങല്‍ കൂടി ഉള്‍പ്പെടുത്തി സ്വയം പര്യാപ്തമായ പരിസ്ഥിതി സൗഹൃദമായ, വൃത്തിയുള്ള ശൗചാലയ സൗകര്യമുള്ള ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍, ഇട വേളകളില്‍ ഉണ്ടെന്നു ഉറപ്പു വരുത്തേണ്ടതുണ്ട് .ഇതിന്റെ നടത്തിപ്പ് തദ്ദേശ വകുപ്പിനോ, കുടുംബശ്രീ പോലെയുള്ള കൂട്ടായ്മക്കോ , പ്രൊഫെഷണലായ ഹൌസ് കീപ്പിങ് സ്ഥാപനങ്ങള്‍ക്കോ കരാര്‍ അടിസ്ഥാനത്തില്‍ വ്യകതമായ മാര്‍ഗ നിര്‍ദ്ദേശങ്ങളോടെ നല്‍കണം.

കണിശമായ തുടര്‍ പരിശോധന ഉണ്ടായിരിക്കണം. ബസ്സ് സ്റ്റാന്‍ഡിലും പാര്‍ക്കിലും ബീച്ചിലും അങ്ങിനെയുള്ള എല്ലാ പൊതു ഇടങ്ങളിലും ഇങ്ങിനെ ഉള്ള മികച്ച സൗകര്യം ഒരുക്കണം. ഈ സൗകര്യങ്ങളെ കുറിച്ച് പരസ്യപ്പെടുത്തണം.ആപ്പിനെ ആശ്രയിച്ചാല്‍ വിവരങ്ങള്‍ ലഭ്യമാകണം .ഒരു യാത്രക്കാരന്റെ കോണിലൂടെ സൗകര്യങ്ങള്‍ കാണണം. ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്നൊക്കെ ഓമന പേരിട്ടു നാം വിളിക്കുന്ന കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗമാണ് ടൂറിസം. ഇത്തരം പ്രാഥമിക സൗകര്യം ഒരുക്കാതെ നമ്മള്‍ കണ്ണടച്ചു ഇരുട്ടാക്കി എത്ര കാലം ?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.