2021 December 06 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മനോരമ ഇയര്‍ബുക്ക്, അസമിലെ പൗരത്വ പട്ടികപോലെ

ഐ.എം അബ്ദുര്‍റഹ്മാന്‍, കളമശ്ശേരി

 

മനോരമ ഇയര്‍ ബുക്ക് 2019 കേരളത്തിലെ മാധ്യമങ്ങളെക്കുറിച്ച് പറയുന്നിടത്ത് മുസ്‌ലിം മാനേജ്‌മെന്റ് നടത്തുന്ന പത്രങ്ങളെയും ദൃശ്യമാധ്യമങ്ങളെയും ഒഴിവാക്കിയിരിക്കുന്നു. മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന സമഗ്ര റഫറന്‍സ് ഗ്രന്ഥമെന്ന് അവകാശപ്പെടുന്ന ഇയര്‍ ബുക്കില്‍ മനോരമയെ കുറിച്ചും മനോരമ പ്രസിദ്ധീകരണങ്ങളെ കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്നത് മനസ്സിലാക്കാം, അങ്ങനെയാണ് വേണ്ടതും. എന്നാല്‍, മറ്റ് പത്രങ്ങളെക്കുറിച്ച് പറയുന്നിടത്ത് മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്മഭൂമി, മംഗളം, വീക്ഷണം, ജനയുഗം എന്നിവയെക്കുറിച്ച് പറഞ്ഞപ്പോള്‍,1934 ല്‍ ആരംഭിക്കുകയും കേരളത്തിന്റെ പിന്നാക്ക ന്യൂനപക്ഷ അധഃസ്ഥിത വിഭാഗത്തിന്റെ പടവാളായി മാറുകയും ജനാധിപത്യ ചേരിയുടെ നിലനില്‍പ്പിനായി മനോരമക്കടക്കം വേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്ത ‘ചന്ദ്രിക’, 1984ല്‍ പിറവിയെടുത്ത സിറാജ്, മാധ്യമ ലോകത്ത് പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ച് 1987 ല്‍ ആരംഭിച്ച മാധ്യമം, പിറവിയെടുത്ത അന്ന് തന്നെ ആറ് എഡിഷനുകളുമായി ആരംഭിച്ച, (മനോരമ എഡിറ്റോറിയല്‍ ഡയരക്ടര്‍ ആയിരുന്ന തോമസ് ജേക്കബ് പോലും മാധ്യമ ലോകത്തെ ചരിത്രസംഭവമെന്ന് വിശേഷിപ്പിച്ച), ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ലക്ഷക്കണക്കിന് വായനക്കാരുമായി കേരള ജനത നെഞ്ചേറ്റിയ, 2014 ല്‍ ആരംഭിച്ച ‘സുപ്രഭാതം’എന്നിവയെ ഒഴിവാക്കിയത് മനഃപ്പൂര്‍വമല്ലെങ്കില്‍ പിന്നെന്താണ് ചാനലുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ദര്‍ശനയും മീഡിയ വണ്ണും പുറത്തായത് അബദ്ധം പിണഞ്ഞതല്ലല്ലോ. ഈ പത്രങ്ങളുടെയും ചാനലുകളുടെയും ലിസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ മീഡിയ ഹാന്‍ഡ് ബുക്കില്‍ വ്യക്തമായുള്ളതാണ്. ഒഴിവാക്കപ്പെട്ട മാധ്യമങ്ങളെല്ലാം ഒരു സമുദായത്തിന്റേത് മാത്രമാകുമ്പോള്‍ എങ്ങനെ മനോരമയെ സംശയിക്കാതിരിക്കും.
ഇത് ചരിത്രത്തില്‍ നിന്ന് തമസ്‌കരിക്കാനുള്ള ഗൂഢശ്രമമാണ്. അസമിലെ പൗരത്വപട്ടിക പോലെയാണ് മനോരമ ഇയര്‍ബുക്കുമുണ്ടാക്കിയത്. ഒരു കാര്യം മനോരമ മനസ്സിലാക്കുന്നത് നല്ലതാണ്. പഴയ കാലമല്ല, ഇവിടെ പരാമര്‍ശിക്കപ്പെട്ട പത്രങ്ങളും ചാനലുകളും കൂടാതെ നിരവധി മറ്റ് പ്രസിദ്ധീകരണങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമൊക്കെ പുറത്തിറക്കുന്ന ഉന്നത വിദ്യാഭ്യാസവും സാമ്പത്തികശേഷിയുമുള്ള ഒരു സമുദായമാണ് ഇപ്പോഴുള്ളത്. മനോരമ കൂകിയാലേ നേരം പുലരൂ എന്നത് മനോരമയുടെ മാത്രം തോന്നലാണ്. ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ടെങ്കിലും അവസാനം വന്ന, ആദരണീയനായ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെക്കുറിച്ചുള്ള വിഷം ചീറ്റുന്ന വാര്‍ത്ത ശ്രദ്ധിക്കപ്പെടേണ്ടതുതന്നെയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.