2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വെറുപ്പിന്റെ അങ്ങാടിയിൽസ്നേഹത്തിന്റെ കട തുറക്കുക

സുപ്രഭാതം പ്രസിദ്ധീകരണത്തിന്റെ പത്തുവർഷത്തെ മികച്ച പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ടു ഞാൻ ആരംഭിക്കട്ടെ. 2014ൽ ഈ പത്രം ആരംഭിക്കുമ്പോൾ ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരുന്നു. അതുകൊണ്ടു തന്നെ പത്രത്തിന്റെ ദശവാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ തങ്ങൾ അവർകൾ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാനത് സന്തോഷപൂർവം സ്വീകരിക്കുകയായിരുന്നു. പത്രത്തിനു നേതൃത്വം നൽകുന്ന തങ്ങൾ അവർകളെ ഈ സന്ദർഭത്തിൽ ഞാൻ പ്രത്യേകം അഭിനന്ദിക്കുകയാണ്.


നുണകൾ പ്രചരിപ്പിക്കാൻ ഏറെ എളുപ്പമുള്ള ലോകത്താണ് നാം ജീവിക്കുന്നതെന്ന സത്യം എല്ലാവർക്കു അറിയാം. ഒരു മൊബൈൽ ഫോണുണ്ടെങ്കിൽ ഏതു വ്യാജ വാർത്തയും സൃഷ്ടിച്ച് ആയിരങ്ങളിലേക്കെത്തിക്കാവുന്ന സാഹചര്യമാണിന്നുള്ളത്. അതേസമയം, സത്യാധിഷ്ഠിതമായൊരു സമൂഹത്തിലേ നീതി ലഭ്യമാകൂ എന്നതും ആർക്കും അറിയാവുന്നതാണ്. നുണകൾ കെട്ടിപ്പൊക്കി സത്യവും നീതിയും ലഭ്യമാകുന്നൊരു സമൂഹത്തെ നിർമിക്കാൻ നമുക്ക്‌ സാധിക്കില്ലെന്ന വാസ്തവം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ, എത്ര ശ്രമിച്ചാലും അസത്യത്തിന്റെ മറ നീക്കി സത്യം ഒരുനാൾ പുറത്തുവരിക തന്നെചെയ്യും.

അതിനാൽ ഈ കാലഘട്ടത്തിൽ സത്യത്തിനൊപ്പം ചേർന്നുനിൽക്കുന്നതും നുണകളുടെയും വളച്ചൊടിക്കലുകളുടെയും പങ്കുപറ്റാത്ത സ്ഥാപനങ്ങളും വ്യക്തികളുമായി മാറുന്നതും സമൂഹത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്‌.
കന്യാകുമാരിക്കും കശ്മിരിനുമിടയിൽ നാലായിരം കിലോമീറ്റർ കാൽനടയായി ഞാൻ സഞ്ചരിച്ചു. ഇക്കാലയളവിൽ പ്രധാന പത്രങ്ങളിലെല്ലാം രാജ്യത്തു നിറഞ്ഞിരിക്കുന്ന വിദ്വേഷത്തെയും രോഷത്തെയും കുറിച്ചാണ് വായിക്കാനിടയായത്. എന്നാൽ ഭാരത് ജോഡോ യാത്രയിലുടനീളം എനിക്ക് കാണാനായത് സ്നേഹസമ്പന്നമായൊരു ഇന്ത്യയെ ആയിരുന്നു. ദേശീയ- മുതലാളിത്ത മാധ്യമങ്ങളുടെ ആഖ്യാനങ്ങൾക്കു വിരുദ്ധമായി പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും സഹവർത്തിത്തത്തോടെ കഴിയുന്ന ഇന്ത്യൻ ജനതയെ ഭാരത് ജോഡോ യാത്ര എനിക്ക് കാണിച്ചു തരികയുണ്ടായി.

   

നമ്മുടെ രാജ്യത്തിന്റെ അടിത്തറ സ്നേഹവും പരസ്പരധാരണയും സഹവർത്തിത്വവുമാണെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു ആ യാത്ര.
യാത്രയുടെ സന്ദേശം വളരെ നൈസർഗ്ഗികമായി സംഭവിച്ച ഒന്നാണെന്നതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. ഇത്തരമൊരു സന്ദേശം എഴുതി തയാറാക്കിയല്ല ഞങ്ങൾ യാത്രയ്ക്കിറങ്ങിയത്. പകരം യാത്ര തന്നെയാണ് ഈ സന്ദേശത്തെ ഞങ്ങൾക്കു തന്നത്. അതാവട്ടെ യാത്രയുടെ മുഴുവൻ ഊർജത്തെയും ഒരൊറ്റ വരിയിലേക്ക് ആവാഹിക്കാൻ മാത്രം ശക്തമായിരുന്നു. നിരവധി മികച്ച എഴുത്തുകാർ മണിക്കൂറുകൾ ശ്രമിച്ചിട്ടും ഇത്രയും ശക്തമായൊരു ഒറ്റവരി സന്ദേശം തയാറാക്കാൻ സാധിച്ചില്ല.


അതു സംഭവിച്ചതിങ്ങനെയാണ്. ഭാരത് ജോഡോ യാത്ര ഏകദേശം രണ്ടായിരം കിലോമീറ്റർ താണ്ടിയ അവസരത്തിൽ ഒരാൾ യാത്രയുടെ മധ്യത്തിലേക്ക് പെട്ടെന്ന് പ്രവേശിക്കാൻ ശ്രമിച്ചു. ചുറ്റുംകൂടി നിൽക്കുന്ന പൊലിസുകാരും സുരക്ഷാ ജീവനക്കാരും തള്ളിമാറ്റുന്നതിന്നിടയിൽ അദ്ദേഹം നിലത്തുവീണു. ഒപ്പമുള്ളവരോട് ആ വ്യക്തിയെ കണ്ടുപിടിക്കാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും അതിനു സാധിച്ചില്ല. ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞ് മറ്റൊരു ഭാഗത്ത് ഞാനദ്ദേഹത്തെ കണ്ടു. അപ്പോഴും യാത്രയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തെ പൊലിസ് തള്ളിമാറ്റുന്നുണ്ടായിരുന്നു.

അപ്പോൾ എന്നോടൊപ്പമുള്ളവരോട്, നേരത്തെ കണ്ട വ്യക്തി തന്നെയാണ് ഇദ്ദേഹമെന്നും വിളിച്ചുകൊണ്ടുവരാനും ആവശ്യപ്പെട്ടു. എന്നാൽ ഇത്തവണയും അദ്ദേഹം അവിടെനിന്ന് മറഞ്ഞു. അതു കഴിഞ്ഞ് കുറച്ചുസമയത്തിനകം അദ്ദേഹമതാ എന്റെ നേരെ മുമ്പിൽ വന്നുനിൽക്കുന്നു! രണ്ട് തവണ എന്റെയടുത്തേക്കെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട ആ മനുഷ്യൻ മൂന്നാം തവണ അത്ഭുതകരമായി എന്റെ മുമ്പിലെത്തി. സുരക്ഷാ ജീവനക്കാരെയെല്ലാം കടന്നാണ് അദ്ദേഹം എന്റെ അടുത്തെത്തിയതെന്നോർക്കണം. എന്റെ നേരെ ചൂണ്ടികൊണ്ട് അദ്ദേഹം പറഞ്ഞു: എനിക്കറിയാം താങ്കളെന്താണ് ചെയ്യുന്നതെന്ന് “.

ഹിന്ദിയിൽ അദ്ദേഹം, “മേം ജാൻതാ ഹും ആപ് ക്യാ കർ രഹേ ഹും” എന്ന് ആവർത്തിച്ചു പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു:
“മേം ക്യാ ക്യാ കർ രഹേ ഹും” അഥവാ ഞാനെന്താണ് ചെയ്യുന്നതെന്ന് തിരിച്ചു ചോദിച്ചു.അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളാണ്: “ നഫ്രത്ത് കെ ബസാർ മേം മൊഹബ്ബത് കി ദുകാൻ ഖോൽ രഹേ ഹും” എന്ന്. അഥവാ വെറുപ്പിന്റെ അങ്ങാടിയിൽ താങ്കൾ സ്നേഹത്തിന്റെ കട തുറക്കുകയാണ് എന്ന്. ഏതെങ്കിലുമൊരു തിരക്കഥാകൃത്തല്ല ഭാരത് ജോഡോ യാത്രയുടെ സന്ദേശം എഴുതിയത്. ‘

ഒരു മുറിക്കകത്തിരുന്ന് ഒരാൾ ഈ യാത്രയുടെ സന്ദേശത്തെക്കുറിച്ചാലോചിച്ച് എഴുതിയുണ്ടാക്കിയതുമല്ലിത്. പകരം, ഈ യാത്രയുടെ സന്ദേശത്തെ മുന്നോട്ടുവച്ചത് ഈ യാത്ര തന്നെയാണ്.


ഇന്നിപ്പോൾ എന്റെ ഇരുപതു വർഷത്തെ രാഷ്ട്രീയജീവിതത്തെ നിർവചിക്കാൻ ഒരാൾ ആവശ്യപ്പെട്ടാൽ, ഒരൊറ്റ വരിയിൽ എനിക്കതിനു ഉത്തരം നൽകാനാവും. അതെ, വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുന്നുവെന്നു തന്നെയാണത്. എന്താണ് കോൺഗ്രസ് പാർട്ടിയെന്ന് ഒരാൾ എന്നോടു ചോദിച്ചാൽ ഇതേ എളുപ്പത്തിൽ എനിക്കു പറയാനാവും; വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണെന്ന്. വികസനത്തെപ്പറ്റി എന്നോട് ചോദിച്ചാൽ ഞാൻ പറയും; എന്റെ കാഴ്ചപ്പാടിൽ വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുക എന്നതു തന്നെയാണെന്ന്.


ഇന്ത്യയുടെ ഈ ശബ്ദത്തെ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയാണെങ്കിൽ നിങ്ങൾക്കു മനസ്സിലാകും വിവേകപൂർകവമായ സ്വരമാണ് ഈ രാജ്യത്തിനുള്ളതെന്ന്. ഈ മഹാരാജ്യത്തെ ഒരു പൗരനു പോലും വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുന്നുവെന്ന സന്ദേശത്തോട് പുറം തിരിഞ്ഞുനിൽക്കാനാവില്ല. ആർ.എസ്.എസ് ആശയത്തിൽ അടിയുറച്ചുനിൽക്കുന്ന ഒരു വ്യക്തിയോട് പോലും നിങ്ങളീ സന്ദേശം പറഞ്ഞുനോക്കൂ. അദ്ദേഹത്തിനു പോലും ഇതിനോടു മറുത്തുപറയാൻ സാധിക്കില്ല. കാരണം,

ഈ സന്ദേശത്തിന് എല്ലാ മതങ്ങളിലും സമൂഹത്തിലും ഭാഷയിലും അത്രമേൽ ശക്തിയുണ്ട്. കാരണം, ഈ സന്ദേശം ശക്തവും സത്യവുമായൊരു വികാരത്തിൽ നിന്നുടലെടുത്തതാണെന്നതു കൊണ്ടുതന്നെയാണത്. നിങ്ങളുടേതായ രീതിയിൽ നിങ്ങളും ഇതേ സത്യത്തിന്റെ പാതയിലാണ് നടക്കുന്നത് എന്നതിനാൽ നിങ്ങളോട് എന്റെ നിസ്സീമമായ നന്ദി അറിയിക്കട്ടെ.


നിങ്ങൾ മറ്റൊരു വ്യക്തിയെ അല്ലെങ്കിൽ സമുദായത്തെ, ഭാഷയെ, ചരിത്രത്തെ ബഹുമാനിക്കുമ്പോഴും ശ്രദ്ധിക്കുമ്പോഴും പ്രശംസിക്കുമ്പോഴുമെല്ലാം നിങ്ങളോരോരുത്തരും വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കുക തന്നെയാണെന്ന് ഓർക്കണം. അപ്പോൾ നിങ്ങൾ സ്വയം വെറുപ്പിൽ നിന്നും അഹന്തയിൽ നിന്നും ഭയത്തിൽ നിന്നും സ്വതന്ത്രരാവുകയാണ്.
ഇവിടെ വന്ന് എന്റെ വാക്കുകൾ കേൾക്കാൻ തയാറായ നിങ്ങൾ ഓരോരുത്തരോടും നന്ദി രേഖപ്പെടുത്തുന്നു. സുപ്രഭാതം പ്രസിദ്ധീകരണത്തിന്റെ ഭാഗമായ ഓരോരുത്തർക്കും വിജയമാശംസിക്കുന്നതോടൊപ്പം നിങ്ങളുടെ വരുംകാല പ്രവർത്തനങ്ങളിൽ സ്ഥൈര്യവും വിജയവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. നന്ദി; നമസ്ക്കാരം.

Content Highlights:Open a shop of love in the marketplace of hate


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.