2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കണ്ണീരണിഞ്ഞ് ജന്മനാട്; തിരുനക്കരയില്‍ കാത്ത് പതിനായിരങ്ങള്‍

കണ്ണീരണിഞ്ഞ് ജന്മനാട്; തിരുനക്കരയില്‍ കാത്ത് പതിനായിരങ്ങള്‍

ചങ്ങനാശ്ശേരി: ജനലക്ഷങ്ങളുടെ മിഴിനീര്‍പാത താണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടില്‍. ജനലക്ഷങ്ങളുടെ മിഴിനീര്‍പാത താണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടില്‍. തിരുനക്കര മൈതാനത്തേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. 28 മണിക്കൂര്‍ പിന്നിട്ടാണ് യാത്ര ഇവിടെയെത്തിയത്. മമ്മൂട്ടി, സുരേഷ്‌ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി തിരുനക്കരയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

സമാനതകളില്ലാത്ത യാത്രയയപ്പാണ് കേരള ജനത തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് നല്‍കുന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാളാകാന്‍ എപ്പോഴും ശ്രമിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്രയും അത്തരത്തിലായിരുന്നു. ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മന്‍, മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവരും കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളും വിലാപയാത്രയില്‍ പൂര്‍ണസമയം ഒപ്പമുണ്ടായിരുന്നു.

ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി വീട്ടില്‍ നിന്നാണ് വിലാപയാത്ര ആരംഭിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് ആദരമര്‍പ്പിക്കാനായി നേരം പുലരുവോളം വഴിയോരങ്ങളില്‍ കാത്ത് നില്‍ക്കുന്നത്. ചെങ്ങന്നൂരും പന്തളത്തും അടൂരും ഏനാത്തും കൊട്ടാരക്കരയിലും വന്‍ ജനാവലിയാണ് തങ്ങളുടെ പ്രിയങ്കരനായ മുഖ്യമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്ത് നിന്നത്.

ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വിലാപ യാത്ര ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം നഗരം പിന്നിട്ട് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചത്. പിന്നീട് രാത്രി ഒമ്പത് മണിയോടെ പത്തനംതിട്ടയിലെ ഏനാത്തെത്തിയ വാഹന വ്യൂഹം പുലര്‍ച്ചെ ഇന്ന് രാവിലെ ആറരയോടെയാണ് ചങ്ങനാശ്ശേരിയിലെത്തിയത്.

ഉമ്മന്‍ ചാണ്ടിയുടെ ജന്മസ്ഥലമായ പുതുപ്പള്ളിയില്‍ ഗതാഗതം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം കോട്ടയത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂട്ടത്തില്‍ അദ്ദേഹത്തോടുള്ള ആദര സൂചകമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഉച്ചക്ക് ഒരുമണി വരെ അടച്ചിടാനും തീരുമാനമായിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ കര്‍മ്മ മണ്ടലമായ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംസ്‌കാരം നടക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതി ചടങ്ങുകള്‍ ഒഴിവാക്കിയാണ് സംസ്‌കാരം. ഉച്ചയോടെ പുതുപ്പള്ളി കവലയിലെ നിര്‍മാണം നടക്കുന്ന ഭവനത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഇതര ക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്താമാരും ബിഷപ്പുമാരും സഹകാര്‍മികത്വം വഹിക്കും. പുതുപ്പള്ളി പള്ളി വികാരി ഫാ. വര്‍ഗീസ് വര്‍ഗീസ് നേതൃത്വം നല്‍കും. ഒരു മണിയോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലേക്ക് ഭൗതികശരീരമെത്തിക്കും.

രണ്ട് മണി മുതല്‍ 3.30 വരെ പള്ളിയില്‍ സജ്ജമാക്കിയ പന്തലില്‍ പൊതുദര്‍ശനമുണ്ടാകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. 3.30ന് സമാപനശുശ്രൂഷകള്‍ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ 24 മെത്രാപ്പോലീത്താമാരും സഹകാര്‍മികത്വം വഹിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.