2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത്; ഒരുനോക്ക് കാണാന്‍ കണ്ണീരണിഞ്ഞ് ആയിരങ്ങള്‍

ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത്; ഒരുനോക്ക് കാണാന്‍ കണ്ണീരണിഞ്ഞ് ആയിരങ്ങള്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചയ്ക്ക് ഒരു മണിയോടെ ബംഗളുരുവില്‍ നിന്ന് പുറപ്പെട്ട് 2.20 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. അടുത്ത ബന്ധുക്കള്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

വിമാനത്താവളത്തില്‍ നിന്ന് സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്കുള്ള വിലാപയാത്രയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകളാണ് കാത്തുനിന്നത്.

പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസിലാണ് മൃതദേഹം വിമാനത്താവളത്തില്‍നിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയില്‍ എത്തിക്കുന്നത്. ഇവിടെ പൊതുദര്‍ശനത്തിന് ശേഷം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് പാളയം സെന്റ് ജോര്‍ജ് കത്തീഡ്രലിലും പൊതുദര്‍ശനത്തിന് വെക്കും. ആറ് മണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് മൃതദേഹം മാറ്റും. തുടര്‍ന്ന് നാളെ രാവിലെ ഏഴ് മണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും. രാത്രിയില്‍ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20 ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക.

മുന്‍മന്ത്രി ടി.ജോണിന്റെ ബംഗളുരുവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.