2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിയമസഭയില്‍ അമ്പതാണ്ട്: ചരിത്രത്തിലേക്ക് ഉമ്മന്‍ ചാണ്ടി

ആമുഖങ്ങള്‍ അപ്രസക്തമാവും വിധം കേരള രാഷ്ട്രീയത്തിലെ അതികായകനാണ് ഉമ്മന്‍ചാണ്ടി.  രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന എളിമയാര്‍ന്ന വ്യക്തിപ്രഭാവം. രാജ്യത്തെ നിയമനിര്‍മാണ ചരിത്രത്തിലെ ഒരു അപൂര്‍വ നേട്ടത്തിന്റെ സന്തോഷ നിര്‍വൃതിയിലാണ്  ഉമ്മന്‍ചാണ്ടി;

തന്‍സീര്‍ കാവുന്തറ

ആമുഖങ്ങള്‍ അപ്രസക്തമാവും വിധം കേരള രാഷ്ട്രീയത്തിലെ അതികായകനാണ് ഉമ്മന്‍ചാണ്ടി. ജനകീയതയുടെ പര്യായമായി രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന എളിമയാര്‍ന്ന വ്യക്തിപ്രഭാവം.രാജ്യത്തെ നിയമനിര്‍മാണ ചരിത്രത്തിലെ ഒരു അപൂര്‍വ നേട്ടത്തിന്റെ സന്തോഷ നിര്‍വൃതിയിലാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി; സപ്തംബര്‍ 17ന് കേരള നിയമസഭയില്‍ എം.എല്‍.എയായി 50 വര്‍ഷം തികയ്ക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് അദ്ദേഹം.1970 ല്‍ പുതുപ്പള്ളിയില്‍ നിന്നും നിയമസഭയില്‍ എത്തിയ ഉമ്മന്‍ ചാണ്ടി തോല്‍വി അറിയാതെ ജൈത്രയാത്ര തുടരുകയാണ്.

1943 ഒക്ടോബര്‍ 31 ന് കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം.പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ പരേതനായ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനാണ്. പുതുപ്പളളി എം.ഡി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലും ശേഷം കോട്ടയം സി എം എസ് കോളേജിലും പഠിച്ചു. ചങ്ങനാശ്ശേരി സെന്റ് ബെര്‍മന്‍സ് കോളേജില്‍ നിന്നും ബി.എ ബിരുദവും എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

   

ഇരുപത്തിയേഴാം വയസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയൊരു പിളര്‍പ്പ് നേരിട്ട് നില്‍ക്കുന്ന സമയം. പുതുപ്പള്ളിയാകട്ടെ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റും. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ചാണ്ടിയെ ധരിപ്പിച്ചത്. എന്നാല്‍ നേതൃത്വത്തിന്റെ കണക്കു കൂട്ടലുകളെ തിരുത്തിക്കുറിച്ച് സിറ്റിങ് എം.എല്‍.എ ഇ.എം.ജോര്‍ജിനെ പരാജയപ്പെടുത്തി ഉമ്മന്‍ ചാണ്ടി വിജയക്കൊടി നാട്ടി. ഭൂരിപക്ഷം 7233.

1970 ന് ശേഷം നടന്ന 1977, 80, 82, 87, 91,96, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടി വിജയ യാത്ര തുടര്‍ന്നു. തുടര്‍ച്ചയായി 11 തവണ. 2011 ല്‍ സുജ സൂസന്‍ ജോര്‍ജിനെ 33255 പരാജയപ്പെടുത്തിയതാണ് ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. 1970 ല്‍ നേടിയതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.
1977 ല്‍ 111 സീറ്റ് നേടി അധികാരത്തില്‍ വന്ന കെ.കരുണാകരന്‍ സര്‍ക്കാരില്‍ ഉമ്മന്‍ ചാണ്ടി തൊഴില്‍ മന്ത്രിയായി. പിന്നീട് പല മന്ത്രിസഭകളില്‍ ആഭ്യന്തര, ധന, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചു. 2004 ല്‍ മുഖ്യമന്ത്രിയായി. 2006-11 കാലത്ത് പ്രതിപക്ഷ നേതാവായി. 2011-16 കാലത്ത് വീണ്ടും മുഖ്യമന്ത്രിയായി.

ബാല ജനസഖ്യത്തിലുടെ സംഘടന പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന് കെ.എസ്. യു.വിലുടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്ന ഉമ്മന്‍ ചാണ്ടി ഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പുമായി കര്‍മ വീഥിയില്‍ തിളങ്ങി നില്‍ക്കുന്നു. കെ.എസ്. യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.ഇപ്പോള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവുമാണ് പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്.

സഹപ്രവര്‍ത്തകര്‍ ഒ.സി എന്ന സ്‌നേഹപ്പേരില്‍ വിളിക്കുന്ന ഈ ജനനായകന്‍ കര്‍മ്മോത്സുകതയുടെ നിറപുഞ്ചിരിയുമായി സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി അക്ഷീണ പ്രയത്‌നം തുടരുകയാണ് . വ്യക്തി ജീവിതത്തിലെ അപൂര്‍വ്വതകളെ പോലും ആഘോഷമാക്കാത്ത ഉമ്മന്‍ ചാണ്ടിക്ക് ഒക്ടോബര്‍ 31 പിറന്നാള്‍ ദിനമാണ്.

സംസ്ഥാന കോണ്‍ഗ്രസിലെ അഗ്രിമ സ്ഥാനത്തേക്കു വളര്‍ന്ന ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ദിനവും സാധാരണ പോലെയാണ്. കേക്ക് മുറിക്കലോ ആഘോഷങ്ങളോ ഉണ്ടാവാറില്ല. മിക്കവാറും ഉമ്മന്‍ ചാണ്ടി യാത്രയിലായിരിക്കും. കുടംബാഗങ്ങള്‍ക്ക് ഒപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നതോടെ പിറന്നാള്‍ ആഘോഷങ്ങള്‍ ഒതുങ്ങും. ഇന്ദിര ഗാന്ധിയുടെ മരണ ശേഷം ഉമ്മന്‍ ചാണ്ടി ജന്മദിനം ആഘോഷക്കാറില്ല. എന്നും പ്രവര്‍ത്തകരില്‍ നിന്നും ഊര്‍ജം കണ്ടെത്തുന്ന നേതാവ് പിറന്നാള്‍ ദിനത്തിലും അവരോട് ഒപ്പം തന്നെയാണ് ഉണ്ടാവുക. പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയെഴുതിയ പുസ്തകത്തിന്റെ പേര്’കുഞ്ഞൂഞ്ഞ് കഥകള്‍ – അല്പം കാര്യങ്ങളും’ എന്നാണ്.

ഇളകിയാടുന്ന തലമുടിയുമായി രാഷ്ട്രീയ കേരളത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വളര്‍ച്ച പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു. അടിയന്തരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ചാണ്ടി പിന്നീട് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനോടുള്ള അതൃപ്തിമൂലം ധനമന്ത്രി കസേരയും വലിച്ചെറിഞ്ഞിട്ടുണ്ട്. എം.എ.കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോഴായിരുന്നു ഈ രാജിവയ്ക്കല്‍.

1967- ല്‍ എ.കെ.ആന്റണി കെ.എസ്.യു സംസ്ഥാനകമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്നും വിരമിച്ചപ്പോള്‍ ആ പദവിയിലേക്കു നിയോഗിക്കപ്പെട്ട ഉമ്മന്‍ചാണ്ടിയെ പിന്നീട് ആകസ്മികതകള്‍ പിന്തുടരുകയായിരുന്നു. കേരളത്തിന്റെ പത്തൊന്‍പതാം മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി എത്തിയതും ആന്റണിയുടെ പകരക്കാരനായാണ്.

1962- ല്‍ എ.കെ.ആന്റണി കെ.എസ്.യു പ്രസിഡന്റായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് ആന്റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായപ്പോള്‍ ഉമ്മന്‍ചാണ്ടി കെ.എസ്.യു പ്രസിഡന്റായി. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പുനഃസംഘടിപ്പിക്കപ്പെട്ട കെ.പി.സി.സി സെക്രട്ടറിയായി എ.കെ.ആന്റണി ചുമതലയേറ്റപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതും ഉമ്മന്‍ചാണ്ടിയെ തന്നെയായിരുന്നു.

1959-60 കാലയളവില്‍ പുതുപ്പള്ളി ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ട ഉമ്മന്‍ചാണ്ടി പിന്നീട് അതിവേഗം ബഹുദൂരം ഗമിക്കുകയായിരുന്നു. സി.എം.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പടിക്കുമ്പോള്‍ കെ.എസ്.യു. ജില്ലാ സെക്രട്ടറിയായി.
എസ്.ബി.കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായി. എ.കെ.ആന്റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായപ്പോള്‍ ഉമ്മന്‍ചാണ്ടി വൈസ് പ്രസിഡന്റായി. ആന്റണി കെ.പി.സി.സി. മെമ്പറായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് ആക്ടിംഗ് പ്രസിഡന്റായി.

ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയ ഇടപെടലുകളിലെ നാഴികക്കല്ലാണ് ജനസമ്പര്‍ക്ക പരിപാടി എന്നതില്‍ പക്ഷാന്തരമില്ല. വലിയൊരു ജന വിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോള്‍ അതൊരു പുതിയ മാതൃകയായി. ഉമ്മന്‍ ചാണ്ടിക്ക് യു.എന്‍ അംഗീകാരം വരെ നേടിക്കൊടുത്തു ഈ പരിപാടി.

 

ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ അടുത്തുനിന്ന് കാണാനും അറിയാനുമുള്ള അവസരമായി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയെ കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമ്പോഴാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ദൗത്യം പൂര്‍ണമാകുന്നതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. യു.ഡി.എഫ് മുന്നോട്ട് വെച്ച വികസനവും കരുതലും എന്ന മുദ്രാവാക്യത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.

ഒരുവശത്ത് വന്‍കിട വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖഛായ മാറുമ്പോള്‍ മറുവശത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹം ചുവപ്പ് നാടകളില്‍ കുടുങ്ങി കിടന്നു. ഈ സാങ്കേതിക കെട്ടുപാടുകള്‍ നീക്കി അര്‍ഹതയുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്ന ദൗത്യം ഏറെ ശ്രമകരമായിരുന്നു. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി. ആവശ്യങ്ങളും ആവലാതികളുമായെത്തിയ ആരും നിരാശരായില്ല. 19 മണിക്കൂര്‍ വരെ ഒരേ നില്‍പ്പ് നിന്ന് അവസാന പരാതിക്കാരനെയും കേട്ട് പരിഹാരം നിര്‍ദേശിച്ച ശേഷമേ അദ്ദേഹം മടങ്ങിയിരുന്നുള്ളൂ. പരാതികളില്‍ സര്‍ക്കാര്‍ അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഇരുള്‍ വീണ ഒരുപാട് പേരുടെ ജീവിത വഴികളിലെ പ്രകാശ ഗോപുരമായി ജനസമ്പര്‍ക്ക പരിപാടി മാറി.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ തീരുമാനം കൈക്കൊള്ളുമ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ മനുഷ്യത്വപരമായ സമീപനം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. കേരള മോഡല്‍ വികസനത്തിന് ശേഷം ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഭരണ മാതൃകയായിരുന്നു ജനസമ്പര്‍ക്ക പരിപാടി. 2013 ല്‍ മികച്ച ജനസേവനത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരവും ഈ ജനകീയ ഇടപെടലിലൂടെ ഉമ്മന്‍ ചാണ്ടിയെ തേടിയെത്തി തേടിയെത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.