
സംഘര്‍ഷത്തില്‍ ആറു പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ശ്രീനഗര്‍ ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് വെറും 6.5 ശതമാനം പേര് മാത്രം. 30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പോളിങ് ശതമാനം ഇത്രയും താഴ്ന്ന നിലയിലായത്. 50-100 ബൂത്തുകളില്‍ റീ പോളിങ് നടത്തിയേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ശാന്തനു പറഞ്ഞു.
ആറു പേരുടെ ജീവന് നഷ്ടമായ കനത്ത ആക്രമണമാണ് വോട്ടിങ് നില ഇത്രയും താഴ്ന്ന നിലയിലാക്കിയത്. നൂറിലധികം സ്ഥലങ്ങളില്‍ പൊലിസും ജനങ്ങളുമായി ഏറ്റുമുട്ടല്‍ നടന്നു. കനത്ത ആക്രമണത്തില്‍ നൂറിലധികം സുരക്ഷാ സേനാംഗങ്ങള്‍ക്കും നിരവധി നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ചരാറെ ശരീഫിനുസമീപത്തെ പഖര്പൊരയിലെ പോളിങ് സ്റ്റേഷന്, ബുദ്ഗാമിനടുത്ത ബീര്‍വ, ചദൂര, മെഗാം പട്ടണം എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് ആളുകള്‍ മരിച്ചത്.
ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലെ 70 ശതമാനം പൊളിങ് ബൂത്തുകളും ബുദ്ഗാം ജില്ലയിലായിരുന്നു. ഇവിടെ രൂക്ഷമായ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് തടസപ്പെട്ടു. ബൂത്തുകള്‍ക്കുമുന്നില്‍ സുരക്ഷക്കായി നിയോഗിച്ച സൈനികര്‍ക്കും പൊലിസിനും നേരെ കല്ലും പെട്രോള്‍ ബോംബുകളും എറിഞ്ഞാണ് അക്രമികള്‍ തെരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ശ്രമിച്ചത്.
ഗന്ധര്‍ബാല്‍ ജില്ലയിലെ ഒരു പോളിങ് ബൂത്ത് പെട്രോള്‍ ബോംബേറിലുണ്ടായ സ്ഫോടനത്തെതുടര്‍ന്ന് കത്തിനശിച്ചു. അക്രമികളെ നേരിടുന്നതിനായി പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാനായിരുന്നു നിര്‍ദേശമെങ്കിലും പലയിടത്തും ഇത് വിതരണം ചെയ്തിരുന്നില്ല. എ.കെ 47 തോക്കുകള്‍ ഉപയോഗിച്ചാണ് സുരക്ഷാ സേന പ്രതിഷേധക്കാരെ നേരിട്ടത്.
കഴിഞ്ഞ വര്‍ഷം ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജിവച്ച താരിഖ് ഹമീദ് കാരയുടെ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.