2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓണ്‍ലൈന്‍ വായ്പ ആപ്പ്; പിന്നില്‍ ചൈനീസ് സംഘങ്ങള്‍; ഒന്നും ചെയ്യാനാകാതെ പൊലിസ്

ഓണ്‍ലൈന്‍ വായ്പ ആപ്പ്; പിന്നില്‍ ചൈനീസ് സംഘങ്ങള്‍; ഒന്നും ചെയ്യാനാകാതെ പൊലിസ്

കൊച്ചി• ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചൈനീസ് സംഘങ്ങള്‍. ചൈനയും തായ്‌വാനും കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍ക്ക് തന്ത്രങ്ങള്‍ ഒരുക്കുന്നത്. ഇതില്‍ കൂടുതല്‍ തട്ടിപ്പ് ആപ്പുകളും ചൈനീസ് കേന്ദ്രീകൃതമാണ്. ഇവര്‍ വിവിധ സംസ്ഥാനങ്ങളിലെ ഇടനിലക്കാരെ ഉപയോഗിച്ചാണു വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്തുകയും മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത്. രാജ്യത്തിനു പുറത്തുള്ള സംഘങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ പൊലിസിനും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. എട്ടര മാസത്തിനിടയില്‍ മാത്രം സംസ്ഥാനത്ത് 1440 പേരാണ് ഓണ്‍ലൈന്‍ വായ്പ ആപ്പുകളുടെ തട്ടിപ്പിന് ഇരയായതായി പരാതി നല്‍കിയത്. ഇതില്‍ 24 പരാതികളില്‍ കേസെടുത്തെങ്കിലും ചുരുക്കം കേസുകളില്‍ മാത്രമാണു പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരില്‍ പലരും ഉത്തരേന്ത്യയിലെ ഏജന്റുമാരാണ്.

തട്ടിപ്പിന് ഇരയാകുന്ന പലരും പരാതി നല്‍കാറില്ല. കെണിയില്‍പ്പെടുന്നതില്‍ പകുതിയിലധികവും സ്ത്രീകളാണ്. വന്‍പലിശയും കൂട്ടുപലിശയും ചേര്‍ത്ത് ലക്ഷങ്ങള്‍ നഷ്ടമാകുന്നതിനൊപ്പം മാനവും പോകുമെന്ന ഭയം കാരണം പല സ്ത്രീകളും പരാതിയുമായി എത്തുന്നില്ല. പൊലിസിനെ അനൗദ്യോഗികമായി സമീപിക്കുന്നവരുമുണ്ട്. വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണു നിലവില്‍ പൊലിസ് അന്വേഷണം നടത്തുന്നത്. വായ്പ എടുത്തയാളുടെ ഫോട്ടോ ഉപയോഗിച്ച് പല രീതിയിലാണ് ഭീഷണി. വിവിധ കേസുകളില്‍ പ്രതിയാണെന്ന് പരിചയക്കാരുടെയും ബന്ധുക്കളുടെയും മൊബൈലിലേക്ക് സന്ദേശം അയക്കും. പീഡനക്കേസ് പ്രതിയാണെന്നും എച്ച്.ഐ.വി രോഗിയാണെന്നും സന്ദേശം പ്രചരിപ്പിക്കും.

സ്ത്രീകളാണെങ്കില്‍ ‘കോള്‍ ഗേള്‍’ ആണെന്നു പറഞ്ഞ് ചിത്രവും നമ്പറും സഹിതം സന്ദേശങ്ങള്‍ അയക്കും. ചിലപ്പോള്‍ സമൂഹമാധ്യമങ്ങളിലുള്ള ചിത്രങ്ങളും ദുരുപയോഗം ചെയ്യും. അപമാനം ഭയന്ന് പലരും പരാതി നല്‍കാറില്ല. അപമാനിതരായതില്‍ മനംനൊന്ത് ചിലര്‍ ആത്മഹത്യ തെരഞ്ഞെടുക്കും. കടമക്കുടിയിലെ കൂട്ട ആത്മഹത്യയും ഇതിന്റെ പ്രതിഫലനമാണ്.

ഇന്ത്യയിലെ തട്ടിപ്പ് മൂന്ന് തലങ്ങളിലായാണ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇടനിലക്കാരും ഈ വിദേശ മാഫിയയ്ക്ക് കൂട്ടുണ്ട്. പല ഏജന്റുമാരുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് എടുത്താണ് തട്ടിപ്പ്. ഈ അക്കൗണ്ടുകളിലൂടെയാണു പണമിടപാട് നടത്തുന്നത്. രണ്ടാമത്തെ വിഭാഗം കോള്‍ സെന്റര്‍ ജീവനക്കാരുടെ ജോലിയാണു ചെയ്യുക. ആദ്യ ഘട്ടത്തില്‍ മാന്യമായി ഉപഭോക്താക്കളോട് ഇടപെടും. പിന്നീടാണു ഭീഷണി. ഉപഭോക്താക്കളുടെ ചിത്രം മോര്‍ഫ് ചെയ്തും മറ്റും പ്രചരിപ്പിക്കുന്നതു വിദേശത്ത് നിന്നാണെന്നാണ് വിവരം. ഇവരെ പിടികൂടുക അസാധ്യമാണ്.

‘അയ്യായിരം രൂപ തരാം. ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും മാത്രം തന്നാല്‍ മതി. പണം ഉടന്‍ അക്കൗണ്ടില്‍’, ഇത്തരം സന്ദേശങ്ങളിലൂടെയാണ് ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പുകാര്‍ ഇരയെ കണ്ടെത്തുന്നത്. അനായാസം പണം കിട്ടുമെന്നതാണ് ഓണ്‍ലൈന്‍ വായ്പ ആപ്പുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ചിലര്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റും ആവശ്യപ്പെടാറുണ്ട്. അയ്യായിരമെന്നു പറഞ്ഞാലും കൈയില്‍ കിട്ടുന്നത് മൂവായിരം രൂപയാണ്. ബാക്കി വായ്പ പ്രോസസിങ് ചാര്‍ജാണെന്നു പറയും. തുക ഏഴുദിവസത്തിനകം 5500 രൂപയായി മടക്കിനല്‍കണം. ഏഴുദിവസത്തേക്കാണ് വായ്പയെങ്കില്‍ ആറാംദിവസംമുതല്‍ തട്ടിപ്പുസംഘം ഫോണ്‍വിളി തുടങ്ങും. പണം അടച്ചില്ലെങ്കില്‍ ഭീഷണിയാകും. ഹിന്ദിയിലായിരിക്കും മിക്കവാറും സംസാരം. തട്ടിപ്പുസംഘത്തിന്റെ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നമ്മുടെ ഫോണിലെ വിവരങ്ങള്‍ എടുക്കാന്‍ അനുമതി നല്‍കണം. ഇതുവഴി ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റും ഫോട്ടോകളും സംഘത്തിന്റെ കൈയിലെത്തും.

ഇത് ഉപയോഗിച്ചുള്ള ഭീഷണിയാണ് പിന്നീട്. ഇതിനിടെ ചില തട്ടിപ്പുസംഘങ്ങള്‍ മറ്റൊരു ഓഫര്‍ വയ്ക്കും, പുതിയ വായ്പ. പതിനായിരമായിരിക്കും തുക. ഏഴുദിവസത്തിനകം 11,000 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ മൂന്നുലക്ഷം രൂപവരെ കടത്തിലായവരുണ്ട്.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ മാത്രം ആയിരക്കണക്കിന് ലോണ്‍ ആപ്പുകളാണുളളത്. ഇതില്‍ പകുതിയിലേറെയും ചൈനയില്‍ നിന്നാണ്. അന്വേഷണവുമായി ചൈനയിലേക്ക് പോകാന്‍ പോലും പൊലിസിന് നിലവില്‍ കഴിയില്ല എന്നത് തട്ടിപ്പ് സംഘങ്ങള്‍ക്കും വളമാകുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News