കോഴിക്കോട്: സംസ്ഥാനത്ത് പിന്നോക്ക വിഭാഗങ്ങളടക്കമുള്ള പിഎച്ച്.ഡി വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റ്‌സ് മുടങ്ങിയിട്ട് ഒരുവര്‍ഷം. ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതിനാലാണ് തുക നല്‍കാനാകാത്തതെന്നാണ് പിന്നോക്ക വിഭാഗ വികസന വകുപ്പ് വ്യക്തമാക്കുന്നത്. ഫണ്ട് ഉണ്ടായിട്ടും വകമാറ്റി ചെലവഴിക്കുന്നതാണ് ഗ്രാന്റ് ലഭിക്കുന്നതിന് കാലതാമസമെന്ന് വിദ്യാര്‍ഥികളും ആരോപിക്കുന്നു. സര്‍ക്കാര്‍ ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച വിദ്യാര്‍ഥികളോട് വകുപ്പിലെ അസി.ഡയരക്ടര്‍ തന്നെ വ്യക്തമാക്കിയത്.
400 കോടി രൂപ വേണ്ടിടത്ത് ബജറ്റില്‍ അനുവദിച്ചത് 220 കോടി മാത്രമാണ്. പ്രശ്‌നത്തിന് പരിഹാരം തേടി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
മുഴുവന്‍ സമയ ഗവേഷകര്‍ക്ക് മറ്റ് ജോലികള്‍ക്ക് പോകാന്‍ കഴിയാത്തതിനാല്‍ ജീവനോപാധിയായി കൂടിയാണ് ഗ്രാന്റ് നല്‍കുന്നത്. തുടര്‍ച്ചയായി തുക മുടങ്ങിയതോടെ പഠനത്തിനൊപ്പം പലരുടെയും ജീവിതവും വഴിമുട്ടി. ഓഫിസുകളുമായി ബന്ധപ്പെടുമ്പോഴും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
പിന്നോക്ക വിഭാഗത്തിന് മാത്രമല്ല പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള തുകയും മുടങ്ങിയിരിക്കുകയാണ്. ഇ ഗ്രാന്‍ഡ് ലഭിക്കാത്ത വിദ്യാര്‍ഥിനി എസ്.ടി ഡിപ്പാര്‍ട്ട്മെന്റിന് ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതിക്ക് മറുപടി പോലും ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. മാത്രമല്ല ഇ ഗ്രാന്റിനുള്ള അപേക്ഷകള്‍ ജില്ലകളില്‍ നിന്നും വളരെ വൈകിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നല്‍കിയ അപേക്ഷകള്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരത്ത് കിട്ടിയതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
Comments are closed for this post.