2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉറങ്ങാന്‍ ഒരുങ്ങും മുന്‍പെ ഒരുകാര്യം! തല എന്തിന് നിങ്ങള്‍ ബാക്ടീരിയയില്‍ കൊണ്ട് വെക്കണം?

ഉറങ്ങാന്‍ ഒരുങ്ങും മുന്‍പെ ഒരുകാര്യം! തല എന്തിന് നിങ്ങള്‍ ബാക്ടിരിയയില്‍ കൊണ്ട് വെക്കണം?

ഉറങ്ങാന്‍ നേരം ഒട്ടുമിക്ക ആളുകള്‍ക്കും തലയിണ ആവശ്യമാണ്. തലയിണയില്ലാതെ ഉറങ്ങുന്ന ചിലര്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ പലരും ഈ തലയിണക്കവര്‍ കഴുകാന്‍ മെനക്കെടാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ നമ്മുടെ ആരോഗ്യത്തിന് തലയിണ കവര്‍ പതിവായി മാറ്റേണ്ടത് വളരെ അനിവാര്യമാണ്. അല്ലെങ്കില്‍ രോഗാണുക്കള്‍ അതില്‍ സ്ഥിരതാമസമാക്കും. തലയിണ കവറുകള്‍ ഒരാഴ്ച മുമ്പ് കഴുകിയതാണെങ്കില്‍ പോലും ടോയ്‌ലറ്റിന്റെ ഇരിപ്പിടത്തില്‍ ഉള്ളതിനേക്കാള്‍ 17,000 മടങ്ങ് ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

തലയിണക്കവറുകള്‍ കൃത്യമായ ഇടവേളകളില്‍ അലക്കിടാന്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ.. ?ഏറ്റവും കുറഞ്ഞത് ഒരാഴ്ച കൂടുമ്പോഴെങ്കിലും തലയിണക്കവറുകള്‍ മാറ്റിയിടാറുണ്ടോ…? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളെ പേടിപ്പെടുത്തുന്ന പഠനറിപ്പോര്‍ട്ടാണ് അടുത്തിടെ പുറത്ത് വന്നിട്ടുള്ളത്. മെത്തകമ്പനിയായ അമേരിസ്ലീപ്പിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഒരാഴ്ചയില്‍ കൂടുതല്‍ അലക്കാത്ത തലയിണക്കവറുകളിലും കിടക്കവിരിയിലും ഒരു ചതുരശ്ര ഇഞ്ചില്‍ മൂന്ന് ദശലക്ഷം മുതല്‍ അഞ്ച് ദശലക്ഷം വരെ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു.

ഒരാഴ്ചയില്‍ കൂടുതല്‍ ഉപയോഗിച്ച തലയിണക്കവറുകളില്‍ ടോയ്‌ലറ്റ് സീറ്റില്‍ ശരാശരി അടങ്ങിയിരിക്കുന്ന ബാക്ടീരിയയുടെ 17,000 മടങ്ങ് വരെ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാത്‌റൂമിന്റെ വാതില്‍ പിടിയില്‍ നിന്ന് കണ്ടെത്തിയ ബാക്ടീരിയേക്കാള്‍ 25000 മടങ്ങ് തലയിണകളില്‍ കണ്ടെത്തിയെന്നും പഠനത്തിലുണ്ട്.

കിടക്കുമ്പോള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, വിയര്‍പ്പ്, മേക്കപ്പ്, ലോഷനുകള്‍, മുടി, വളര്‍ത്തുമൃഗങ്ങളുടെ രോമം മുതല്‍ ഫംഗസ് വരെ നിങ്ങളോടൊപ്പം ആ കിടക്കയിലേക്ക് എത്തും. ചര്‍മ്മത്തിലെ മൃതകോശങ്ങളും വിയര്‍പ്പും പൊടിപടലങ്ങളുമെല്ലാം ബാക്ടീരിയകളെ പെരുകാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇത് ഗുരുതരമായ അലര്‍ജി രോഗങ്ങള്‍ക്കും അണുബാധക്കും ന്യൂമോണിയ പോലുള്ള ഗുരുതര രോഗങ്ങള്‍ക്കും കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ബാസിലി ബാക്ടീരിയകളും തലയിണക്കവറുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

തലയിണക്കവറുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഇവയെങ്കിലും ചെയ്‌തേ പറ്റു…

തലയിണക്കവറുകള്‍ രോഗകാരിയാകാതിരിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം ആഴ്ചയിലൊരിക്കല്‍ നിങ്ങളുടെ കിടക്കവിരിയും തലയിണക്കവറുകളും അലക്കി ഉണക്കിയെടുക്കുക എന്നതാണ്. എണ്ണതേച്ച് ദിവസവും കുളിക്കുന്നവര്‍, പതിവായി മേക്കപ്പിടുന്നവര്‍, ഉറങ്ങുമ്പോള്‍ നന്നായി വിയര്‍ക്കുന്നവര്‍ എന്നിവര്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പ് തന്നെ തലയിണക്കവറുകള്‍ മാറ്റണം. മുഖത്തോട് എപ്പോഴും ചേര്‍ന്ന് കിടക്കുന്നതിനാല്‍ തലയിണക്കവറുകള്‍ ചൂടുവെള്ളത്തില്‍ സോപ്പിട്ട് കഴുകുന്നതാണ് നല്ലതെന്നും ഗവേഷകര്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.