2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജമാഅത്ത് രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്ക് തുടരുന്നു

ജമാഅത്ത് രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് ബി.ജെ.പിയിലേക്ക് ഒഴുക്ക് തുടരുന്നു

 

   

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ഡബ്ല്യു.പി.ഐ)യില്‍നിന്ന് സംഘ്പരിവാര്‍ പാളയത്തിലേക്കുള്ള ഒഴുക്ക് തുടരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന അനീഷ് പാറമ്പുഴയാണ് ഏറ്റവും ഒടുവില്‍ ബി.ജെ.പി പാളയത്തിലെത്തിയിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യുവജന സംഘടനയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്, വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ സെക്രട്ടറി, പാര്‍ട്ടിയുടെ ദലിത് ആദിവാസി സമിതി സംസ്ഥാന കോഡിനേറ്റര്‍, പാര്‍ട്ടി സംസ്ഥാന സോഷ്യല്‍ മീഡിയ കമ്മറ്റി അംഗം, വെല്‍ഫെയര്‍ പാര്‍ട്ടി പി.ആര്‍ കമ്മറ്റിയംഗം തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ച അനീഷ് കഴിഞ്ഞദിവമാണ് ബി.ജെ.പിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സംഘ്പരിവാര്‍ പോഷകസംഘടനയായ പട്ടിക ജാതി മോര്‍ച്ചയിലൂടെയാണ് അനീഷ് ബി.ജെ.പി പ്രവേശനം ഔദ്യോഗികമാക്കിയത്.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കെ.ജി മോഹനന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ഗുരുവായൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സരസ്വതി തുടങ്ങിയ നേതാക്കളും അടുത്തിടെ പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

എന്താണ് ജമാഅത്തെ ഇസ്ലാമിയെന്നും അവരുടെ രാഷ്ട്രീയപാര്‍ട്ടിയുടെ നയവും എന്നും അറിയാതെ കടന്നുവരുന്ന അമുസ്ലിം പേരുള്ളവരെയെല്ലാം ‘ക്വാളിറ്റി ചെക്കിങ്ങി’ന് വിധേയമാക്കാതെ നേതൃത്വത്തിലേക്ക് ആനയിക്കുന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇരിക്കെ തന്നെ ഹിന്ദുത്വവാദ അനുകൂല നിലപാട് സ്വീകരിച്ചവരായിരുന്നു ഇതിനകം പുറത്തുപോയ പല നേതാക്കളും. അടുത്തിടെ ഉത്തര്‍പ്രദേശില്‍ ക്ലാസില്‍വച്ച് സഹപാഠികളെക്കൊണ്ട് എട്ടുവയസ്സുള്ള മുസ് ലിം വിദ്യാര്‍ഥിയെ തല്ലിച്ച വര്‍ഗീയവാദിയായ അധ്യാപികയുടെ നടപടിക്കെതിരേ ദേശീയതലത്തില്‍ വ്യാപകമായി രോഷം ഉയരുമ്പോള്‍, അതിനെ അപലപിക്കാതെ അതിന്റെ മറവില്‍ ഇസ് ലാമോഫോബിയ പടര്‍ത്തുന്ന വിധത്തിലുള്ള അനീഷ് പാറാമ്പുഴയുടെ ഫേസ്ബുക്ക് കുറിപ്പ് വിവാദമായിരുന്നു. അധ്യാപികയുടെ ചെയ്തിയെ ചെറുതായി കാണുകയും കേരളത്തിലെ മധു വധക്കേസുമായി അതിനെ താരതമ്യപ്പെടുത്തുകയുമാണ് അനീഷ് ചെയ്ത്. മധുകൊലക്കേസിലെ പ്രതികളില്‍ എല്ലാവരും മുസ് ലിംകള്‍ അല്ലെങ്കിലും അങ്ങിനെയാണെന്ന് സമര്‍ത്ഥിച്ചാണ് അനീഷ് വിദ്വഷപ്രചാരണം നടത്തിയത്. കൂടാതെ വിവിധ കൊലക്കേസുകളില്‍ മുസ്ലിം പ്രതികളെ ചൂണ്ടിക്കാട്ടി സാമന്യവല്‍കരിക്കുകയും ചെയ്തു. അതിന് മുമ്പും അനീഷ് ഇസ്ലാംഭീതി ഉള്ളടക്കമുള്ള കുറിപ്പുകള്‍ പങ്കുവച്ചെങ്കിലും അതിനെ വെല്‍ഫെയര്‍ പാര്‍ട്ടി തള്ളിപ്പറഞ്ഞിരുന്നില്ല. ഏറ്റവും ഒടുവിലിട്ട മുസ്ലിംവിരുദ്ധ കുറിപ്പിന്റെ പേരിലും അനീഷിനെ പാര്‍ട്ടി പരസ്യമായി തള്ളിയിരുന്നില്ല. എന്നാല്‍ അണികള്‍ പ്രതിഷേധിച്ചതോടെ അനീഷ് സ്വയം പാര്‍ട്ടിവിടുകയായിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷവര്‍ഗീയ ഫാസിസത്തിനെതിരേ കൃത്യമായ ഒരു രാഷ്ട്രീയ നിലപാട് ഉണ്ടായിരുന്നെങ്കില്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഇതുപോലെ സംഘ്പരിവാര്‍ പക്ഷത്തേക്ക് പോകുമായിരുന്നോ എന്നാണ് പാര്‍ട്ടി അനുഭാവികള്‍ ചോദിക്കുന്നത്.
സംഘപരിവാര്‍ മസ്തിഷ്‌കം പേറുന്നവര്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ കഴിയുന്ന കേരളത്തിലെ ഒരേയൊരു ഫാസിസ്റ്റ് വിരുദ്ധ കക്ഷിയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്ന് പാര്‍ട്ടിയില്‍നിന്ന് അടുത്തിടെ രാജിവച്ച മുന്‍ നേതാവും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിന്‍കര അഭിപ്രായപ്പെട്ടു. അവര്‍ ഒരിക്കലും ഹിന്ദുത്വ ഫാസിസത്തെ കുറിച്ച് അണികള്‍ക്ക് കൃത്യമായി രാഷ്ട്രീയ ക്ലാസ് നല്‍കുന്നില്ലെന്നില്ലെന്ന് ശ്രീജ സുപ്രഭാതത്തോട് പറഞ്ഞു. ഞാന്‍ ഒമ്പത് വര്‍ഷം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്. ഹിന്ദുത്വ ഫാസിസത്തിനെതിരേ കടുത്ത ആഗ്രസീവായ നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ദേശം ലഭിച്ചു. ഹിന്ദുത്വം എന്ന പദം ഉപയോഗിച്ച് അതിനെ ആക്രമിക്കുമ്പോള്‍, ഹിന്ദുക്കള്‍ തെറ്റിദ്ധരിക്കും എന്നാണ് നേതാക്കള്‍ പറഞ്ഞത്. അവരുടെ നേതാക്കള്‍ ആര്‍.എസ്.എസുമായി നല്ല ബന്ധം സ്ഥാപിക്കുന്നുവെന്നും ശ്രീജ പറഞ്ഞു.

അതേസമയം, യു.ഡി.എഫിലെയും എല്‍.ഡി.എഫിലെയും കക്ഷിനേതാക്കളില്‍നിന്നുണ്ടാകുന്ന പ്രസ്താവനകളെ ഓഡിറ്റ്‌ചെയ്യാന്‍ മത്സരിക്കുന്ന ജമാഅത്ത് അണികള്‍, പരസ്യമായി ഹിന്ദുത്വ അനുകൂല നിലപാടുള്ള വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന മൗനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.