2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മന്‍സൂര്‍ വധം: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

കണ്ണൂര്‍: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി കസ്റ്റഡിയില്‍. സി.പി.എം പ്രവര്‍ത്തകനായ കടവത്തൂര്‍ മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്. പ്രശോഭാണ് മന്‍സൂറിനെ കൊല്ലാനുള്ള ബോംബ് നിര്‍മിച്ചുനല്‍കിയതെന്ന് പൊലിസ് പറഞ്ഞു.

ഇയാളുടെ വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. അതിനിടെ കേസിലെ പത്താംപ്രതിയും സിപിഎം നേതാവുമാായ പിപി ജാബിറിന്റെ വീടിന് അജ്ഞാതര്‍ തീവച്ചു.

വീടിന്റെ പിന്‍ഭാഗം കത്തി നശിച്ച നിലയിലാണ്. വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ഒരു കാറും രണ്ട് ബൈക്കുകളും പൂര്‍ണമായി കത്തി നശിച്ചു.

   

കേസില്‍ ഇനിയും പിടിയിലാകാത്ത പ്രതികളിലൊരാളാണ് ജാബിര്‍. സി.പി.എം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവരും ഒളിവിലാണ്.കേസില്‍ അഞ്ചാം പ്രതി പുല്ലൂക്കര സ്വദേശിയായ കെ. സുഹൈല്‍ പൊലിസില്‍ കീഴടങ്ങിയിരുന്നു. പുല്ലൂക്കര സ്വദേശി ബിജേഷ്, നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി, അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരെയും പൊലിസ് പിടികൂടിയിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞ ഏപ്രില്‍ ആറിനാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ മന്‍സൂറും സഹോദരനും ആക്രമിക്കപ്പെടുന്നത്. വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചതെന്ന് മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ പറഞ്ഞിരുന്നു. പ്രതികളെ കണ്ടാല്‍ അറിയാമെന്നും അക്രമിച്ചത് ഇരുപതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും മുഹ്സിന്‍ പറഞ്ഞിരുന്നു.

ഡി.വൈ.എഫ്.ഐ നേതാവ് കെ. സുഹൈല്‍ ആണ് മുഖ്യ ആസൂത്രകനെന്നും 25 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലിസ് വ്യക്തമാക്കിയിരുന്നു.

മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സ്ആപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്‌സ്ആപ്പ് വഴിയെന്നാണ് പൊലിസിന്റെ നിഗമനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.