കോഴിക്കോട്: വടകര തീക്കുനിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. പകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. തീക്കുനി നെല്ലിയുള്ള പറമ്പത്ത് കണ്ണന്റെ മകന്‍ ജിതിന്‍ ആണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. പരുക്കറ്റ നാലുപേരേയും ഉടന്‍ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജിതിന്‍ മരിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് സ്ലാബിനടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. രണ്ടു പേര്‍ മുകളിലും രണ്ടുപേര്‍ താഴ്ഭാഗത്തുമാണ് ഉണ്ടായിരുന്നത്. താഴെയുള്ളവര്‍ ഓടിമാറിയതിനാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സാരമായി പരുക്കേറ്റ അജീഷ് അപകടനിലതരണം ചെയ്തിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് കരാര്‍ വ്യവസ്ഥയില്‍ കരീമിന്റെ വീട്ടില്‍ രണ്ടാം നിലയുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്.
കഴിഞ്ഞ ദിവസത്തോടെ 98 ശതമാനം നിര്‍മാണ ജോലിയും പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഒന്നര മാസം മുമ്പ് നിര്‍മിച്ച അടുക്കളയുടെ മുന്‍ഭാഗത്തെ കോണ്‍ഗ്രീറ്റ് സ്ലാബിന്റെ തേപ്പ് കൂടി പൂര്‍ത്തിയാക്കാനാണ് പൊതുവെ ഒഴിവ് ദിനം കൂടിയായിട്ടും ഞായറാഴ്ച്ച കൂടി തൊഴിലാളികള്‍ ജോലിക്കെത്തിയത്. സീലിങ് തേക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയ ശേഷം ഏതാനും ഭാഗത്ത് തേപ്പ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ സ്ലാബ് ഒന്നാകെ തകര്‍ന്നു വീഴുകയായിരുന്നു. നിര്‍മാണത്തിലെ അപാകത കാരണമാണ് സ്ലാബ് തകര്‍ന്നതെന്നാണ് വിലയിരുത്തല്‍.
നിലവിലുള്ള രണ്ട് ഇഞ്ച് കനമുള്ള സ്ലാബിനെ അപേക്ഷിച്ച് അശാസ്ത്രീയമായി അഞ്ച് ഇഞ്ച് കനത്തിലാണ് പുതിയ സ്ലാബ് നിര്‍മിച്ചത്. അതിനാല്‍ വേണ്ടത്ര പിന്തുണ ഇല്ലാതെ നിര്‍മിച്ചതും അപകടത്തിന്റെ ആക്കം കൂട്ടി. കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി കൂടിയായ നെല്ലിയുള്ളപറമ്പില്‍ കണ്ണനാണ് മരിച്ച ജിതിന്റെ പിതാവ്. മാതാവ്: ചന്ദ്രി. ജിന്‍സി ഏക സഹോദരിയാണ്.വീടിനോട് ചേര്‍ന്ന വിറകുപുരയ്ക്ക് മുകളില്‍ അശാസ്ത്രീയമായി നിര്‍മിച്ച സണ്‍ഷെയ്ഡ് തകര്‍ന്ന് വീണാണ് അപകടമുണ്ടായതെന്ന് നാദാപുരം ഫയര്‍ഫോഴ്സ് വ്യക്തമാക്കി.
Comments are closed for this post.