ദുബൈ:കൊവിഡ് മഹാമാരിയുടെ ദുരിതങ്ങള്‍ക്ക് ആശ്വാസം വന്നതോടെ പ്രവാസലോകത്തും ഓണാഘോഷത്തിന് വര്‍ണപ്പൊലിമയേറി. നാട്ടില്‍ ഓണം ഇത്തവണ കേമമായി ആഘോഷിക്കുന്നതോടൊപ്പം പ്രവാസികളും ആഘോഷത്തിരക്കിലായി.സദ്യയും പൂക്കളവുമൊരുക്കി തിരുവോണദിനത്തില്‍ പ്രവാസികളും ആഘോഷമൊരുക്കി.പലയിടത്തും ഒന്നാം ഓണമായ ഉത്രാടനാളില്‍ ജീവനക്കാര്‍ക്കായി അതത് സ്ഥാപനങ്ങള്‍ ഓണസദ്യയൊരുക്കിയിരുന്നു. ജീവനക്കാര്‍ കേരളീയവേഷത്തില്‍ ഓഫീസുകളിലും മറ്റുമെത്തി പൂക്കളമിട്ട് അലങ്കരിച്ചു. ഒരുമിച്ചിരുന്നു ഓണസദ്യ ഉണ്ണുകയും പരസ്പരം ആശംസിക്കുകയും കലാപരിപാടികള്‍ നടത്തുകയും ചെയ്തു. ഭൂരിപക്ഷം മലയാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ തിരുവോണനാളില്‍ അവധിനല്‍കിയിട്ടുണ്ട്. കില്‍ട്ടണ്‍സ് ദുബൈ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളും ഓണംപ്രമാണിച്ച് വ്യാഴാഴ്ച അവധിയാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.വിവിധ ലേബര്‍ ക്യാംപുകളിലും മലയാളികള്‍ ഓണം ആഘോഷിച്ചു.വിവിധ എമിറേറ്റുകളില്‍ നിരവധി സംഘടനകളുടെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ ഇനിയും വരാനിരിക്കയാണ്. മലയാളികള്‍ക്കൊപ്പം പലയിടങ്ങളിലും മറുനാട്ടുകാരും ഓണാഘോഷത്തില്‍ പങ്കു ചേര്‍ന്നത് കൗതുകമുണര്‍ത്തി.
Comments are closed for this post.