ന്യൂഡല്‍ഹി: നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുകുള്‍ റോയ് ഈയിടെയായി പാര്‍ട്ടി യോഗങ്ങളിലൊന്നും പങ്കെടുക്കുന്നില്ല. മുകുള്‍ റോയ് അടക്കം നിരവധി പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് അവരെ സ്വീകരിക്കാന്‍ തയ്യാറാവുമോയെന്നതാണ് അടുത്ത ചോദ്യം. ഇതിന് ഉത്തരമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയ് പറയുന്നതിങ്ങനെ:
‘തിരിച്ചുവരാന്‍ തയ്യാറാണെന്നറിയിപ്പ് നിരവധി പേര്‍ അഭിഷേക് ബാനര്‍ജിയുമായി സംസാരത്തിലാണ്. പാര്‍ട്ടിക്ക് ആവശ്യമായിരുന്ന സമയത്ത് അവര്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. അന്തിമ തീരുമാനം മമതാ ദിയാണ് എടുക്കേണ്ടത്’- സൗഗത റോയ് പറഞ്ഞു.
‘പുറത്തുപോയവരെ രണ്ടായി തരംതിരിക്കാനാവും- മൃദുസമീപനക്കാരും തീവ്രസമീപനക്കാരും. മൃദസമീപനക്കാര്‍ പാര്‍ട്ടിവിട്ട് പോയെങ്കിലും ഒരിക്കലും മമതാ ബാനര്‍ജിയെ അവഹേളിച്ചിട്ടില്ല. പക്ഷേ, മറ്റേ കൂട്ടര്‍ മമതയെ പരസ്യമായി അപമാനിച്ചു. സുവേന്ദു അധികാരി പരസ്യമായി അപമാനിച്ചപ്പോള്‍ മുകുള്‍ റോയ് പരസ്യമായി ഒരിക്കലും അപമാനിച്ചിട്ടില്ല’- അദ്ദേഹം പറഞ്ഞു. മുകുള്‍ റോയിയെയും കൂട്ടരെയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തേക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
മമതാ ബാനര്‍ജിയുടെ അടുത്തയാളായിരുന്ന മുകുള്‍ റോയാണ് തൃണമൂലില്‍ നിന്ന് ആദ്യമായി ബി.ജെ.പിയിലെത്തിയ പ്രമുഖ നേതാവ്. 2017 ലായിരുന്നു ഇത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് സുവേന്ദു അധികാരി തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തുകയും മമതയ്‌ക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുകയും ചെയ്തത്.
Comments are closed for this post.