ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പങ്കെടുക്കുന്ന റാലിയില്‍ അധ്യാപകര്‍ക്ക് പൊലിസിന്റെ ക്രൂരമര്‍ദ്ദനം. ബുധനാഴ്ച സംഗൂരില്‍ നടന്ന റാലിക്കിടെയാണ് തൊഴില്‍രഹിതരായ അധ്യാപകര്‍ പ്രതിഷേധിച്ചത്. റാലിയില്‍ തടിച്ചുകൂടിയ അധ്യാപകരെ വളരെ ക്രൂരമായിട്ടാണ് പൊലീസ് നേരിട്ടത്. സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന കൂട്ടത്തെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
യുപിയില്‍ സ്ത്രീകളുടെ അവകാശത്തിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തുന്ന ‘ഞാനൊരു പെണ്‍കുട്ടിയാണ്, എനിക്ക് പോരാടാന്‍ കഴിയും’ എന്ന പ്രചരണത്തിനിടെയാണ് സംഭവം.
മുഖ്യമന്ത്രിക്കെതിരേയും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേയും മുദ്രാവാക്യങ്ങള്‍ വിളിക്കുമ്പോള്‍ അധ്യാപകരുടെ വായില്‍ പൊലിസ് തുണി തിരുകുന്നതും കൈകൊണ്ട് വാ പൊത്തിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ചന്നിയെ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിക്കാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമങ്ങള്‍ വിമര്‍ശനത്തിന് വിധേയമാകുന്നത് ഇതാദ്യമല്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ പ്രതിഷേധക്കാരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഉച്ചഭാഷിണിയില്‍ സ്തുതിഗീതങ്ങളും ഭക്തിഗാനങ്ങളും കേള്‍പ്പിക്കാന്‍ പഞ്ചാബ് പൊലീസ് ഈ മാസം ആദ്യം വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിമര്‍ശനങ്ങളെ തുടര്‍ന്ന് പിന്നീട് ഈ ഉത്തരവ് പിന്‍വലിച്ചിരുന്നു.
Comments are closed for this post.