
മുംബൈ: ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായി ജയിലിലുള്ള റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയുടെ കാര്യത്തില്‍ ഇടപെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി. അര്‍ണബിന്റെ ആരോഗ്യം, സുരക്ഷ എന്നീ കാര്യത്തിലുള്ള ആശങ്ക അറിയിക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖുമായി ഗവര്‍ണര്‍ ഫോണില്‍ സംസാരിച്ചു.
കൊവിഡ് ക്വാറന്റൈന് സെന്ററില്‍ നിന്ന് തലോജ ജയിലിലേക്കു മാറ്റുന്നതിനിടെ, അര്‍ണബ് ഗോസ്വാമി അലറിവിളിച്ചിരുന്നു. തന്റെ ജീവന് അപകടത്തിലാണെന്നും രക്ഷിക്കാന്‍ കോടതിയോട് അപേക്ഷിക്കണമെന്നും പറഞ്ഞാണ് ഉറക്കെ നിലവിളിച്ചത്. ബസില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് അര്‍ണബിന്റെ പ്രതികരണം.
അതേസമയം, അഞ്ചാം ദിവസവും അർണബിന്റെ ജാമ്യാപേക്ഷ തള്ളി. ബോംബെ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതി ജാമ്യം അനുവദിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്ന് കോടതി അറിയിച്ചു. ജാമ്യപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. സെഷന്‍സ് കോടതിയിലും അർണബ് ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് 4 ദിവസത്തിനുള്ളില്‍ പരിഗണിക്കും.
ശനിയാഴ്ച കേസ് പരിഗണിക്കവെ, ഉത്തരവിറക്കുന്നതു മാറ്റിവച്ചതായും ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കണമെന്നുമാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇന്ന് മൂന്ന് മണിക്ക് ഉത്തരവിറക്കുമെന്ന് ശനിയാഴ്ച്ച രാത്രി വൈകി വെബ്സൈറ്റില്‍ അറിയിക്കുകയായിരുന്നു.
അതിനിടെ, തങ്ങളുടെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം നിഷേധിച്ച് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ പൊലീസ് സമര്‍പ്പിച്ച ഹര്‍ജി അലിബാഗ് സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. ഈ മാസം 18 വരെയാണ് അര്‍ണബിന്റെ ജുഡീഷ്യല്‍ കസ്റ്റഡി.
Comments are closed for this post.