ബംഗളുരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച്ച പുതുപ്പള്ളിയില്‍ നടക്കും. ബംഗളുരുവില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 4.25 നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അന്ത്യം. എയര്‍ആംബുലന്‍സില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിക്കും. തിരുവനന്തപുരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തി വലിയപള്ളിയില്‍ സംസ്‌കരിക്കും.
ബംഗളുരു ഇന്ദിരാനഗറില്‍ മന്ത്രി ടി.ജോണിന്റെ വസതിയില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് മൃതദേഹം തിരുവനന്തപുരത്തെത്തിക്കുക. തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളിലും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് ഇന്ദിരാഭവനിലെത്തിക്കും. ബുധനാഴ്ച്ച രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും.
തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനുവെച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍വെച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മരണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ സ്ഥീരീകരിച്ചത്. ക്യാന്‍സര്‍ബാധിതനായി ബംഗളുരുവിലെ ചിന്‍മയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസം ദുഃഖാചരണം.
Comments are closed for this post.