റാഞ്ചി: ഉത്തരേന്ത്യയില്‍ നിന്ന് ഗോസംരക്ഷണത്തിന്റെ മറവില്‍ വീണ്ടുമൊരു കൊടും ക്രൂരത. ജാര്‍ഖണ്ഡില്‍ പ്രായംമൂത്ത് ചത്ത 20 വയസ്സുള്ള കാളയുടെ ജഡത്തിന്റെ തൊലിയുരിഞ്ഞ ആദിവാസി കൃസ്ത്യന്‍ വിഭാഗക്കാര്‍ക്കു നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ക്കെതിരെ മൃഗസംരക്ഷണവകുപ്പ് പ്രകാരം ജാര്‍ഖണ്ഡ് പൊലിസ് കേസെടുക്കുകയും ചെയ്തു. അഞ്ചുദിവസം മുന്‍പ് നടന്ന സംഭവങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഇപ്പോഴാണ് പുറത്തുവരുന്നത്.
ബുധനാഴ്ചയാണ് ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ജര്‍മോ ഗ്രാമത്തില്‍ നിന്നുള്ള അഡ്രാനിഷ് കുജുര്‍ തന്റെ കാള ചത്തതായി അറിഞ്ഞത്. ഇതോടെ അതിനെ തൊലിയെടുത്ത ശേഷം കുഴിച്ചിടാന്‍ ഗ്രാമത്തിലുള്ളവര്‍ക്ക് ഇദ്ദേഹം നിര്‍ദേശം നല്‍കി. കുജൂര്‍ പറഞ്ഞതനുസരിച്ച് അവിടെയെത്തിയവര്‍ക്കു നേരെയാണ് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. മര്‍ദനമേറ്റ പ്രകാശ് ലാക്‌റ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പേ മരിച്ചു. തൊലിയുരിയാനും മാംസം എടുക്കാനുമായി ആദിവാസി കൃസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 35ാഓളം ഗ്രാമീണരാണെത്തിയിരുന്നത്. ഇവര്‍ തൊലിയുരിഞ്ഞുകൊണ്ടിരിക്കെയാണ് സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള നൂറോളംവരുന്ന സംഘം വടിയും കമ്പികളുമായെത്തി ഇവരെ ആക്രമിച്ചത്. ആക്രമണം തുടങ്ങിയ ഉടന്‍ ചിലര്‍ ഓടിരക്ഷപ്പെട്ടെങ്കിലും പ്രകാശ് ലാക്‌റ, പീറ്റര്‍ ഫുല്‍ജാന്‍, ബെലാസസ് ടിര്‍ക്കി, ജാന്റൂഷ് മിന്‍സ് എന്നിവര്‍ക്ക് രക്ഷപ്പെടാനായില്ല. ക്രൂരമായി മര്‍ദനമേറ്റ ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, വഴിമധ്യ പ്രകാശ് മരിച്ചതായി ഗ്രാമീണര്‍ പറയുന്നു.
പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നയാള്‍
കന്നുകാലികള്‍ ചാവുമ്പോള്‍ അവയുടെ തൊലിയുരിഞ്ഞെടുത്ത ശേഷം കുഴിച്ചിടാറാണ് പതിവ്. ജഡം അഴുകിയില്ലെങ്കില്‍ ചിലര്‍ അതിന്റെ മാംസവും എടുത്തുസൂക്ഷിക്കും. കുഴിച്ചുമൂടാനായി ആദിവാസി വിഭാഗത്തിലുള്ളവരെയാണ് ഏല്‍പ്പിക്കാറുള്ളത്. കര്‍ഷകരുടെ കൈവശമുള്ള കന്നുകാലികള്‍ ചത്താലും അവരുടെ തൊലിയുരിയാന്‍ ആദിവാസിവിഭാഗക്കാരെയാണ് വിളിക്കാറുള്ളത്.
ആക്രമണവുമായി ബന്ധപ്പെട്ട് മഹേന്ദ്ര സാഹു, സഞ്ജയ് സാഹു, ശിവ സാഹു, ജീവന്‍ സാഹു, സന്തോഷ് സാഹു, സന്ദീപ് സാഹു എന്നീ ആറുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഇതില്‍ മഹേന്ദ്ര സാഹു, സഞ്ജയ് സാഹു എന്നിവരെ അറസ്റ്റ് ചെയ്തതായും ഇവര്‍ക്ക് കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ പശ്ചാത്തലമുള്ളതായി മനസിലായിട്ടുണ്ടെന്നും പോലിസ് പറയുന്നു.
അതേസമയം, കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ചികിത്സക്കിടെയാണെന്ന് മരണം എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതായി ആശുപത്രിയിലെ ഡോ. റോഷന്‍ ഖാല്‍ക്കോയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ കൊണ്ടുവരുന്നവര്‍ മരിച്ചിട്ടുണ്ടെങ്കില്‍ മൃതദേഹം നേരിട്ട് പോസ്റ്റ് മോര്‍ട്ടത്തിന് അയയ്ക്കാറാണ് പതിവ്. എന്നാല്‍ പ്രകാശ് ചികിത്സക്കിടെ മരിച്ചതായി രേഖപ്പെടുത്തണമെന്ന് പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതായും ഡോ. റോഷന്‍ പറയുന്നു.
മര്‍ദ്ദനമേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന മൂന്നുപേര്‍ക്കെതിരെ ജാര്‍ഖണ്ഡ് പൊലിസ് ഗോവധ നിരോധന നിയമ പ്രകാരം കേസെടുത്ത നടപടി വിവാദമായിട്ടുണ്ട്. പരിക്കേറ്റ മൂന്നു പേരും എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുംബൈ ആര്‍ച്ച് ബിഷപ്പ് ഫെലിക്‌സ് തോപ്പോ രംഗത്തുവന്നിട്ടുണ്ട്.
Comments are closed for this post.