
കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒല കൊച്ചിയില്‍ ഓട്ടോ റിക്ഷ സര്‍വീസും ആരംഭിക്കുന്നു. തുടക്കത്തില്‍ 250-ലധികം ഓട്ടോകളാണ് ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഓട്ടോ സര്‍വീസിന് എത്തുന്നത്. അടുത്ത ആറുമാസത്തിനുള്ളില്‍ ഈ ശൃംഖലയിലെ ഓട്ടോകളുടെ എണ്ണം ആയിരത്തിനു മുകളില്‍ എത്തിക്കും.
കിലോമീറ്ററിന് അഞ്ചുരൂപയ്ക്കു യാത്ര ചെയ്യാം. കുറഞ്ഞ നിരക്ക് 25 രൂപയാണ്. റൈഡ് ടൈം ചാര്‍ജ് മിനിറ്റിന് ഒരു രൂപയാണ്. രാത്രിയില്‍ സാധാരണ ചാര്‍ജിന്റെ ഒന്നര ഇരട്ടി നല്കിയാല് മതി. ഒല ആപ്ലിക്കേഷനില്‍ ഒട്ടോ എന്ന കാറ്റഗറിയില്‍ പ്രവേശിച്ച് നേരെ ഓട്ടോറിക്ഷ ബുക്കു ചെയ്യാം. ബുക്കു ചെയ്തു മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടോ വീട്ടുമുറ്റത്ത് എത്തും. മീറ്റര്‍ ചാര്‍ജില്‍ യാത്രയും ഒല ഉറപ്പു നല്കുന്നു. യാത്രക്കാര്‍ക്ക് അവരുടെ യാത്ര മൊബൈല്‍ ആപ്പില്‍ നിരീക്ഷിക്കുകയും ചെയ്യാം. യാത്ര അവസാനിക്കുമ്പോള്‍ സിസ്റ്റം ജനറേറ്റഡ് ബില്ലും ലഭിക്കും. കാഷ്ലെസ് പേമെന്റ്, റൈഡ് രസീത് തുടങ്ങിയവയും ഒല ഓട്ടോയില്‍ ലഭ്യമാണ്.
ഒല ഓട്ടോ റിക്ഷ സര്‍വീസില്‍ പങ്കാളികളാകുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് വെറുതെ കിടക്കുന്ന സമയം 35 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനും 22 ശതമാനത്തോളം ഇന്ധനം ലാഭിക്കുവാനും കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒല സര്‍വീസ് ശൃംഖലയില്‍ ചേരുന്ന ഡ്രൈവര്‍മാര്‍ കെ.വൈ.സി വെരിഫിക്കേഷന്, പെരുമാറ്റം, ടെക്നോളിജി ഉപയോഗം എന്നിവയില്‍ പരിശീലനത്തിനു വിധേയമാകേണ്ടതുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
കൊച്ചിക്കു പുറമേ തിരുവനന്തപുരത്തും ഒല ഓട്ടോ റിക്ഷാ സേവനം ലഭ്യമാണ്. കേരളത്തിലെ രണ്ടു നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 71 നഗരങ്ങളില്‍ ഒല ഓട്ടോ സൗകര്യമുണ്ട്. ഏതാണ്ട് 1,20,000 ഓട്ടോ റിക്ഷകള്‍ ഒല മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുംബൈ ഐ.ഐ.ടിയില്‍ വിദ്യാര്‍ഥികളായിരുന്ന ബാവിഷ് അഗര്‍വാളും അങ്കിത് ഭട്ടിയും ചേര്‍ന്ന് 2011-ല്‍ ആരംഭിച്ചതാണ് വ്യക്തിഗത യാത്രയ്ക്കുള്ള ഒല എന്ന മൊബൈല്‍ ആപ്. ഇന്ന് 102 നഗരങ്ങളിലെ യാത്രക്കാര്‍ക്ക് 3,50,000 കാബ്, 80,000 ഓട്ടോ റിക്ഷ എന്നിവയില്‍ യാത്രയ്ക്കു ബുക്കു ചെയ്യാം.