2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാറ്റത്തിന്റെ’കാറ്റ്’

വീൽ
വി​നീ​ഷ്

ഏകദേശം എണ്‍പതിനായിരം രൂപയ്ക്ക് ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ മോഡലായ എസ്. വണ്‍ എയര്‍ നിര്‍മിച്ചുവില്‍ക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്‌സിഡിയില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ അതെല്ലാം മലര്‍പൊടിക്കാരന്റെ സ്വപ്‌നം പോലെ തവിടുപൊടിയായി. ഒലയുടേത് മാത്രമല്ല, വില കുറഞ്ഞ ഒരു ഒല മോഡലിനായി കാത്തിരുന്ന എല്ലാവരുടെയും അവസ്ഥ ഇതുപോലെക്കെ തന്നെയാണ്. 1.10 ലക്ഷം രൂപ ഇന്‍ട്രഡക്ടറി ഓഫര്‍ പ്രൈസുമായി ഇപ്പോള്‍ ഇറങ്ങിയ ഒല എസ് വണ്‍ എയര്‍ ഇനി ലഭിക്കണമെങ്കില്‍ 1.20 ലക്ഷം നല്‍കണമെന്നതാണ് സ്ഥിതി.


തുഗ്ലക് പരിഷ്‌കാരങ്ങളോടെ ഇന്ത്യയില്‍ സ്‌കൂട്ടര്‍ ഇറക്കി ഒരു പാട് പേരുദോഷം ഒല ഇതിനകം കേള്‍പ്പിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഡീലര്‍മാരോ സര്‍വിസ് സെന്ററുകളോ വേണ്ടെന്ന നിലപാടെടുത്ത കമ്പനിക്ക് പിന്നീട് ഗത്യന്തരമില്ലാതെയാണ് ഒല എക്‌സ്പിരിയന്‍സ് സെന്ററുകളെക്കുറിച്ച് ആലോചിക്കേണ്ടി വന്നത്. പക്ഷേ, എന്തൊക്കെ കുറ്റം പറഞ്ഞാലും ഇന്ന് ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഒലയെ വെല്ലാന്‍ മറ്റാരുമില്ല താനും. ഒറ്റനോട്ടത്തില്‍ ഒല എസ്. വണ്‍ പ്രോയുമായി പുതിയ എസ്. വണ്‍ എയറിന് വ്യത്യാസങ്ങള്‍ തോന്നുകയില്ല.


ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ ബോഡിയിലെ ഡ്യുവല്‍ ടോണ്‍ കളര്‍ഷെയ്ഡ് കാണാം. ഫ്‌ലോര്‍ബോര്‍ഡിന്റെ അടിയില്‍ നിന്ന് ആരംഭിച്ച് പിന്നിലെ ബോഡിയിലെ പകുതി വരെയെത്തുന്ന ഈ ബ്‌ളാക്ക് ഷെയ്ഡ് യഥാര്‍ഥത്തില്‍ പ്‌ളാസ്റ്റിക് ആണ്. കോസ്റ്റ് കട്ടിങ്ങിനായി ഒപ്പിച്ചിരിക്കുന്ന ഒരു പരിപാടിയാണിത്. അലോയ് വീലുകള്‍ ഒഴിവാക്കിയതും ഇതിന്റെ ഭാഗമായാണ്. മുന്‍വശത്തെ പ്രധാന മാറ്റമാണ് ടെലസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍. നെതര്‍ലാന്‍ഡ്‌സിലെ എറ്റേര്‍ഗോ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളെ ഏറ്റെടുത്ത ഒല അവരുടെ സ്‌കൂട്ടറിനെ അതുപോലെ ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു ചെയ്തത്. യൂറോപ്യന്‍ റോഡില്‍ ഓടിയ സ്‌കൂട്ടറിന് നമ്മുടെ റോഡില്‍ പിടിച്ചുനില്‍ക്കാന്‍ ഇത്തിരിയൊന്നും നട്ടെല്ലുറപ്പ് പോരല്ലോ. ഫലമോ ഒലയിലെ മുന്‍വശത്തെ മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ പൊട്ടി വണ്ടി മൂക്കുകുത്തി വീഴാനും തുടങ്ങി. പിന്നീട് ഇതിന്റെ ബലം കൂട്ടിയാണ് കമ്പനി പ്രശ്‌നം പരിഹരിച്ചത്. മുന്നില്‍ രണ്ട് സൈഡിലും ടെലസ്‌കോപിക് ഫോര്‍ക്കുകള്‍ വന്നതോടെ ഇത്തരം ആശങ്കകളൊന്നുമില്ലാതെ ഇനി റോഡില്‍ പറക്കാം. അടുത്ത പ്രധാന മാറ്റം മോട്ടോറിലാണ്. വാഹനത്തിന് നടുവിലായി ഘടിപ്പിച്ചിരുന്ന മോട്ടോറില്‍ നിന്ന് ബെല്‍ട്ട് വഴിയായിരുന്ന ഒല സ്‌കൂട്ടറുകള്‍ ഓടിയിരുന്നതെങ്കില്‍ എസ്. വണ്‍ എയറില്‍ ഇത് ഹബ് മൗണ്ടഡ് ആണ്. എന്നുവച്ചാല്‍ പിന്‍ചത്രത്തിന് നടുവിലായാണ് മോട്ടോര്‍ സ്ഥിതിചെയ്യുന്നത്. വെള്ളക്കെട്ടിലൂടെ പോകുമ്പോള്‍ പ്രശ്‌നമാകില്ലേ എന്ന ചോദ്യത്തിന് ‘നോ പ്രോബ്‌ളം’എന്നാണ് ഒലയുടെ മറുപടി.


രണ്ട് വശത്തായി ഷോക്ക് അബ്‌സോര്‍ബറുകള്‍ വരുന്ന സ്വിംഗ് ആം രീതിയിലായിട്ടുണ്ട് പിറകിലെ സസ്‌പെന്‍ഷന്‍. ആദ്യത്തെ സെറ്റപ്പ് തന്നെയായിരുന്നു കാണാന്‍ ഭംഗിയെന്ന് പറയേണ്ടി വരും. പക്ഷേ, ഭംഗി നോക്കിയാല്‍ ചെലവ് കുറയില്ലല്ലോ. ബ്രേക്കുകളും
ഡിസ്‌കില്‍ നിന്ന് ഡ്രമ്മിലേക്ക് പരിണമിച്ചിട്ടുണ്ട്. പിന്‍ സീറ്റ് യാത്രികര്‍ക്ക് ഒന്നുകൂടി സുരക്ഷിതമായ ഗ്രാബ് റെയിലും എയറിലുണ്ട്. മുന്‍വശത്തെ ഫ്‌ളോര്‍ബോര്‍ഡ് ഫ്‌ളാറ്റ് ആയതാണ് മറ്റൊരു പ്രധാന മാറ്റം. മധ്യത്തിലെ ഹമ്പ് ഇല്ലാതായതോടെ സാധനങ്ങള്‍ സുഖമായി വയ്ക്കാം. പക്ഷേ, അടിയില്‍ ബാറ്ററി ആയതുകൊണ്ടു തന്നെ ഇവിടെ ഓവര്‍ലോഡ് ഒഴിവാക്കുന്നതായിരിക്കും ബുദ്ധി. 4.5 KW മോട്ടോറും 2.96 kWh ബാറ്ററിയുമാണ് എയറില്‍ നല്‍കിയിരിക്കുന്നത്. മോട്ടോര്‍ എസ് വണ്‍ പ്രോയേക്കാള്‍ ചെറുതാണ് . അതുകൊണ്ടു തന്നെ 90 കി.മീ ആണ് മാക്‌സിമം സ്പീഡ്. ചെറിയ സ്പീഡില്‍ പോകുമ്പോള്‍ ആക്‌സിലറേറ്റര്‍ കൂട്ടുകയോ കുറക്കുകയോ ചെയ്താല്‍ മോട്ടോര്‍ ജെര്‍ക്ക് ചെയ്യുന്നതായി അനുഭവപ്പെടുന്നുണ്ട്.


ഒരല്‍പം അരോചകമാണിത്. ആക്‌സിലേറ്ററിന്റെ ട്യൂണിങ് ഈ മോഡലിലും ശരിയാക്കാന്‍ ഒലയ്ക്കായിട്ടില്ല.അതു കൊണ്ടു തന്നെ റെസ്‌പോണ്ട് ചെയ്യാനുള്ള താമസവും ആക്‌സിലറേറ്റര്‍ ക്‌ളോസ് ചെയ്താലും അര സെക്കന്‍ഡെങ്കിലും ക്‌ളോസ് ആകാതെയിരിക്കുന്നതും എയറിലും കാണാം.


മറ്റു ഒല മോഡലുകളെപ്പോലെ ബ്രേക്കില്‍ തൊടുന്ന മാത്രയില്‍ മോട്ടോര്‍ കട്ട്ഓഫ് ആകും. യു ടേണ്‍ എടുക്കുന്ന അവസരങ്ങളില്‍ ഇതിനൊപ്പം ആക്‌സിലേറ്റര്‍ റെസ്‌പോണ്‍സിലെ താമസവും കൂടിയാകുമ്പോള്‍ പ്രശ്‌നം ഒന്നുകൂടി ഗുരുതരമാണ്. പുതിയ ഫ്രണ്ട് സസ്‌പെന്‍ഷനും പിന്നിലെ സ്വിങ് ആം സെറ്റപ്പിനുമായി സ്‌കൂട്ടറിന്റെ ഷാസിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതു കാരണം സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പെയ്‌സ് കുറച്ച് കുറഞ്ഞിട്ടുണ്ട്. നോര്‍മല്‍,ഇക്കോ, സ്‌പോര്‍ട്ട്‌സ് റൈഡിങ് മോഡുകളും എയറില്‍ ഉണ്ട്. ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്താല്‍ ഇക്കോ മോഡില്‍ 125 കി.മീ വരെ സഞ്ചരിക്കാമെന്നാണ് കമ്പനി പറയുന്നത്. അതുകൊണ്ടുതന്നെ നോര്‍മല്‍ ഡ്രൈവിങ്ങില്‍ 100 കി.മീ എങ്കിലും റേഞ്ച് പ്രതീക്ഷിക്കാം.


7 inch TFT ഡിസ്പ്‌ളേ അടക്കം എസ്.വണ്‍ പ്രോയില്‍ നല്‍കിയിരിക്കുന്ന ഫീച്ചറുകളെല്ലാം എയറിലുമുണ്ടെന്നത് നല്ല കാര്യമാണ്. ടെലസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍ കാരണം ഹമ്പുകളിലും മറ്റും കയറിയിറങ്ങാന്‍ എസ്. വണ്‍ പ്രോയേക്കാള്‍ സുഖകരമാണ് എയര്‍. എന്നാല്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളില്‍ ഹിറോ വിഡയും ടി.വി.എസ്‌ െഎ ക്യൂബൂം ഒന്നുകൂടി മികച്ച് നില്‍ക്കുന്നുണ്ട്. ഡിസ്‌ക് ബ്രേക്കുകള്‍ ഓപ്ഷണലായി പോലും എയറില്‍ ലഭിക്കുന്നില്ല. നല്ല ബ്രേക്കിങ് ആണെങ്കിലും ഡിസ്‌കുളേക്കാള്‍ കൂടുതല്‍ ബലം ഉപയോഗിക്കേണ്ടി വരുന്നുണ്ട് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ എന്നൊരു ന്യൂനതയുണ്ട്. ഇനി പുതിയ പരിഷ്‌കാരങ്ങളോടെ എത്തിയ ഒല എയര്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഒന്ന് കാത്തിരിക്കുകയാണ് നല്ലത്. കാരണം ഇപ്പോള്‍ മഴയില്ലെങ്കിലും മഴ പെയ്ത് വെള്ളക്കെട്ട് വന്നാല്‍ പിറകിലെ വീല്‍ ഹബ്ബിലെ മോട്ടോര്‍ അടിച്ചുപോകില്ലെന്നെങ്കിലും ഉറപ്പാക്കേണ്ടേ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.