2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ആഗോള എണ്ണ വില 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്, 90 ഡോളറിലേക്ക് അടുക്കുന്നു

റിയാദ്: ആഗോള വിപണിയിൽ എണ്ണ വില 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് അടുക്കുന്നു. തുടർച്ചയായ നാലാം ദിവസവും എണ്ണ വില ഉയർന്നതോടെ ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണിപ്പോൾ. റഷ്യയിലെയും യു എ ഇ യിലെയും മേഖല പ്രശ്നങ്ങളും ഇറാഖിൽ നിന്ന് തുർക്കിയിലേക്കുള്ള പൈപ്പ്‌ലൈൻ തടസ്സങ്ങൾ ഉയർത്തിയ കർശനമായ വിതരണ ആശങ്കകളുമാണ് വില തുടർച്ചയായി ഉയരാൻ കാരണം.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 1.04 ഡോളർ അഥവാ 1.2 ശതമാനം ഉയർന്ന് 88.55 ഡോളറിലെത്തി. ബെഞ്ച്മാർക്ക് ബാരലിന് 89.05 ആയും ഉയർന്നു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 1.15 ഡോളർ അഥവാ 1.4 ശതമാനം ഉയർന്ന് ബാരലിന് 86.58 ഡോളറായി. ചൊവ്വാഴ്ച മാത്രം 1.9 ശതമാനമാണ് വർധിച്ചത്. വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് നേരത്തെ 87.08 ഡോളറിലെത്തി. 2014 ഒക്ടോബർ 9 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.

അജ്ഞാതമായ പൊട്ടിത്തെറിയെത്തുടർന്ന് കിർകുക്ക്-സെയ്ഹാൻ പൈപ്പ് ലൈനിലെ എണ്ണ പ്രവാഹം കുറച്ചതായി തുർക്കിയിലെ സ്റ്റേറ്റ് പൈപ്പ്ലൈൻ കമ്പനിയായ ബോട്ടാസ് ചൊവ്വാഴ്ച പറഞ്ഞു. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദക രാജ്യമായ ഇറാഖിൽ നിന്ന് തുർക്കി തുറമുഖമായ സെഹാനിലേക്ക് കയറ്റുമതിക്കായി പോകുന്നതാണ് ഈ പൈപ്പ് ലൈൻ.

ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമായ റഷ്യയിലെയും പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനിലെ (ഒപെക്) മൂന്നാമത്തെ വലിയ എണ്ണ ഉൽപ്പാദകരായ യുണൈറ്റഡ് അറബ് എമിറേറ്റിലെയും ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങളും വിതരണ ആശങ്കകൾ വർദ്ധിപ്പിക്കുന്നു. അബുദാബിയിൽ തിങ്കളാഴ്ച യെമൻ ഹൂതി ആക്രമണം എണ്ണ വിലയിൽ ഉയർച്ചക്ക് കാരണമായിട്ടുണ്ട്. ഉക്രെയ്‌നിന്റെ അതിർത്തിയിൽ റഷ്യൻ സൈന്യം അണിനിരന്നതിനു പിന്നാലെ പ്രതിസന്ധി വളരെ ഗുരുതരമാണെന്നും റഷ്യ എപ്പോൾ വേണമെങ്കിലും ആക്രമിക്കാമെന്നും വൈറ്റ് ഹൗസ് വിശേഷിപ്പിച്ചതും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്.

ഒപെക്, റഷ്യയും അവരുടെ സഖ്യകക്ഷികളും ചേർന്നുള്ള ഒപെക് പ്ലസ് കൂട്ടായ്മ ഓരോ മാസവും പ്രതിദിനം 400,000 ബാരൽ വിതരണം എന്ന അവരുടെ കരാർ ലക്ഷ്യം കൈവരിക്കാൻ ഇതിനകം പാടുപെടുന്ന സമയത്ത് തന്നെ ഉയർന്ന പിരിമുറുക്കങ്ങൾ വിതരണ തടസ്സങ്ങളുടെ സാധ്യത ഉയർത്തുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഭൗമരാഷ്ട്രീയ പിരിമുറുക്കം തുടരുകയാണെങ്കിൽ, ബ്രെന്റ് ക്രൂഡിന് ബാരലിന് 100 ഡോളറിലെത്തിയേക്കുമെന്ന് നിരീക്ഷകൻ എഡ്വേർഡ് മോയ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.