10 മാസത്തിനിടെ വെള്ളിയാഴ്ച 1.5 ശതമാനം ഉയർന്ന വില 1.7 ശതമാനമാണ് ഇപ്പോൾ ഇടിഞ്ഞത്
റിയാദ്: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് കണ്ടെത്തിയതിനെതിരെ ലോക രാജ്യങ്ങൾ നടപടികൾ സ്വീകരിച്ചതോടെ അന്താരാഷ്ട്ര എണ്ണപണി ഇടിഞ്ഞു. അന്താരാഷ്‌ട്ര സർവ്വീസ് നിർത്തി വെക്കുന്നത് പോലെയുള്ള ശക്തമായ നടപടികളുമായി വിവിധ രാജ്യങ്ങൾ രംഗത്തെത്തിയതോടെയാണ് എണ്ണവിപണിയിൽ ഇടിവ് രേഖപ്പെടുത്തിയതെന്നു സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ബ്രെന്റ് ക്രൂഡ്, യുഎസ് ഡബ്ലിയു ടി ഐ എന്നിവക്ക് ഇടിവ് സംഭവിച്ചിട്ടുണ്ട്.
കൊവിഡ്-19 വ്യാപിച്ചതിനു പിന്നാലെ ഇക്കഴിഞ്ഞ മാർച്ചിന് ശേഷം ഏറ്റവും ഉയർന്ന നിലയിൽ ആദ്യമായി കഴിഞ്ഞ വെള്ളിയാഴ്ച എത്തിയിരുന്ന വിലയിൽ നിന്നാണ് പുതിയ സംഭവത്തിന്റെ പാശ്ചാതലത്തിൽ വില വീണ്ടും ഇടിഞ്ഞത്. ബ്രെന്റ് ക്രൂഡ് ബാരലിന് 97 സെന്റ് കുറഞ്ഞ് 51.29 ഡോളറിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ബാരലിന് 1.9 ശതമാനം കുറവാണ് ഇടിവ് സംഭവിച്ചത്. യുഎസ് ടെക്‌സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന് 83 സെന്റ് കുറഞ്ഞ് ബാരലിന് 48.27 ഡോളർ നിരക്കിലാണ് വ്യാപാരം. 1.7 ശതമാനമാണ് വിലയിടിഞ്ഞത്.
മാർച്ചിന് ശേഷം ആദ്യമായി 1.5 ശതമാനം വില ഉയർന്നത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. പിന്നാലെയാണ് മൂന്ന് ദിവസത്തിനിടെ ഇത് വീണ്ടും ഇടിഞ്ഞത്. കൊവിഡ് 19 വാക്‌സിനുകളുടെ നിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ എണ്ണവില കഴിഞ്ഞയാഴ്ച തുടർച്ചയായ ഏഴു ആഴ്ച നേട്ടമുണ്ടാക്കിയതിനു പിന്നാലെയാണ് പുതിയ വൈറസ് വാർത്തക്കിടെ വിപണി ഇടിഞ്ഞത്.
Comments are closed for this post.