2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആഗോള എണ്ണ പ്രതിസന്ധി അയയുന്നു; മെക്‌സികോയുമായി ധാരണയിലെത്തിയതോടെ ഉൽപ്പാദനം വെട്ടികുറക്കാൻ ഒപെക് പ്ലസ്, റഷ്യ തീരുമാനം

സൽമാൻ രാജാവിനും വ്‌ളാഡിമിർ പുടിനും ട്രംപ് നന്ദി പറഞ്ഞു

സഊദി നേതൃത്വത്തിലുള്ള ഒപെക് പ്ലസ് രാജ്യങ്ങളും റഷ്യയും എണ്ണവില സ്ഥിരതക്ക് നേതൃത്വം നൽകും

അബ്‌ദുസ്സലാം കൂടരഞ്ഞി

      റിയാദ്: എണ്ണയുൽപാദന വിതരണത്തിലെ തർക്കങ്ങൾ താൽകാലികമായി പരിഹരിച്ചതിനെ തുടർന്ന് ഉത്പാദനം വെട്ടികുറക്കാൻ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്, ഒപെക് പ്ലസ് ധാരണയായി. പുതിയ തീരുമാനപ്രകാരം മെയ് ഒന്ന് മുതൽ പ്രതിദിന ഉൽപാദനം 9.7 മില്യൺ ബാരൽ എന്ന തോതിലേക്കാണ് ഉൽപാദനം വെട്ടികുറക്കാൻ തീരുമാനമായത്. ആഗോള എണ്ണവിതരണത്തിലെ പത്ത് ശതമാനത്തോളം വരുമിതെന്നാണ് കണക്കുകൾ. ആഗോള എണ്ണവില ഏറ്റവും താഴ്‌ന്ന നിലയിൽ ആയതിനെ തുടർന്ന് ഇത് ഉയർത്താനുള്ള നപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. വിർച്യുൽ സംവിധാനം വഴി നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് പ്ലസ് രാജ്യങ്ങളും റഷ്യയും ആഗോള എണ്ണവിലയിലെ സ്ഥിരത പുനഃസ്ഥാപിക്കാൻ നേതൃത്വം നൽകും.

       തീരുമാനം കൈകൊണ്ടതിൽ സൽമാൻ രാജാവിനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ട്രംപ് നന്ദി പറഞ്ഞു. ഏറ്റവും മികച്ച തീരുമാനമാണിത്. അമേരിക്കയിൽ ഊർജ്ജ മേഖലയിൽ ലക്ഷക്കണക്കിന് ജോലികൾ നില നിർത്താൻ സഹായിക്കുന്നതാണ് പുതിയ തീരുമാനം. ഓവൽ ഓഫീസിൽ നിന്ന് സഊദി,
റഷ്യ ഭരണാധികാരികളുമായി ഞാൻ സംസാരിച്ചു, ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കി.

 

     ദൈവകൃപയാലും ജ്ഞാനപൂർവമായ മാർഗനിർദേശത്താലും മെയ് 1 മുതൽ ഒപെക് പ്ലസ് അംഗ രാജ്യങ്ങളിൽ നിന്ന് പ്രതിദിനം ഏകദേശം 10 ദശലക്ഷം ബാരലിലേക്ക് എണ്ണ ഉൽപാദനം കുറയ്ക്കുന്നതിനുള്ള ചരിത്രപരമായ കരാർ പൂർത്തിയായതായി കുവൈത്ത് എണ്ണമന്ത്രി ഖാലിദ് അൽ ഫാദിൽ ട്വീറ്റ് ചെയ്‌തു. സഊദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്
അസാധാരണ യോഗത്തിൽ ഒപെക് രാജ്യങ്ങളുടെ എല്ലാ പിന്തുണയെയും അഭിനന്ദിക്കുന്നതായി മെക്സിക്കോ വ്യക്തമാക്കി.

 

      യോഗത്തിൽ പങ്കെടുത്ത 23 രാജ്യങ്ങളുടെ ഐകകണ്ഠ്യേന കരാർ പ്രകാരം മെയ് മുതൽ പ്രതിദിനം എണ്ണ ഉൽപാദനം 9.7 ദശലക്ഷം ബാരൽ എന്ന തോതിലാക്കി കുറയ്ക്കുമെന്ന് മെക്‌സികൊ എണ്ണമന്ത്രി റോക്കിയോ നഹ്‌ലെയും ട്വിറ്ററിൽ വ്യക്തമാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മൂന്ന് ബില്യണിലധികം ആളുകൾ വീടുകളിൽ കഴിയുന്നതിനാൽ ആഗോള എണ്ണ ആവശ്യം മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്. ഇതിനിടെയാണ് വിവിധ രാജ്യങ്ങൾ എണ്ണ ഉൽപാദന വിതരണ കാര്യത്തിൽ കാർക്കശ്യം പിടിച്ചതും എണ്ണവില കുത്തനെ കുറഞ്ഞതും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.