
വാഷിങ്ടണ്‍: യു.എസ് ഡ്രോണ്‍ വെടിവച്ചിട്ട ഇറാന് നടപടിക്കു പിന്നാലെ, എണ്ണവിലയില്‍ കുതിച്ചുചാട്ടം. ഈ ഒറ്റ സംഭവത്തിനു പിന്നാലെ ക്രൂഡ് ഓയില്‍ വില ബാരലിന് 3 ശതമാനം കൂടി 63 ഡോളറിലെത്തി. ഇറാനും യു.എസും തമ്മില്‍ യുദ്ധം നടക്കുമെന്ന ഭീതിയെത്തുടര്‍ന്നാണ് ഈ വിലക്കയറ്റം.
ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയിലും വര്‍ധനയുണ്ടായി. ബാരലിന് 1.38 ശതമാനം കൂടി 63.20 ഡോളറിലെത്തി.
അതേസമയം, വിലക്കയറ്റത്തിനു പിന്നില്‍ യു.എസ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നുവെന്ന സൂചനയും പ്രതിഫലിച്ചതാണെന്ന് ചില സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, യു.എസില്‍ ക്രൂഡ് ഇന്‍വെന്ററി കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായെന്നും കണക്കാക്കുന്നു.
ഇത്തരം കാരണങ്ങളുണ്ടെങ്കിലും, പ്രധാന കാരണം ഇറാന്- യു.എസ് സംഘര്‍ഷാവസ്ഥ തന്നെയാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. ലോകത്തെ എണ്ണയുല്പാദത്തിന്റെ 20 ശതമാനവും നിയന്ത്രിക്കുന്ന മിഡില്‍ഈസ്റ്റില്‍ സംഘര്‍ഷാവസ്ഥ കൂടുന്നത് ചെറിയ ചലനമല്ല ലോകസാമ്പത്തിക ക്രമത്തിലുണ്ടാക്കുന്നത്.
തങ്ങളുടെ ആകാശപരിധി ലംഘിച്ചെന്നാരോപിച്ചാണ് യു.എസിന്റെ ചാര ഡ്രോണ്‍ ഇറാന് വെടിവച്ചിട്ടത്. യു.എസ് നിര്‍മിത ആര്.ക്യു 4 ഗ്ലോബല്‍ ഹോക്ക് ഡ്രോണ്‍ ആണ് വ്യാഴാഴ്ച പുലര്‍ച്ചെ വെടിവച്ചിട്ടത്. ഹോര്‍മൂസ് കടലിടുക്കിന് മുകളിലൂടെ പറന്ന ഡ്രോണാണ് വെടിവച്ചിട്ടതെന്ന് ഇറാന് റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡ് ഇന്‍ ചീഫ് മജഗന് ഹുസൈന് സലാമി പറഞ്ഞു.
ചാര വിമാനം വെടിവച്ചിട്ടത്
തങ്ങളുടെ പരമാധികാരത്തെ യു.എസ് ബഹുമാനിക്കണം. ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച യു.എസിനുള്ള വ്യക്തമായ സന്ദേശമാണിത്. തെക്കന്‍ ജില്ലയായ കുംബാരക്കിന് സമീപമായിരുന്നു ഡ്രോണുണ്ടായിരുന്നത്. തങ്ങള്‍ക്കെതിരേ ഏത് അതിക്രമങ്ങള്‍ക്കും ശക്തമായ തിരിച്ചടി നല്‍കും. ഇറാന് ഏതെങ്കിലും രാജ്യങ്ങളുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പ്രതിരോധിക്കാന്‍ രാജ്യം പൂര്‍ണമായും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വ്യോമ പരിധിയില്‍ അതിക്രമിച്ചുകയറിയ യു.എസ് നടപടിയെ ഇറാന് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇത്തരം പ്രകോപനങ്ങള്‍ക്ക് ശക്തമായ പരിണിത ഫലങ്ങളുണ്ടാവുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസാവി പറഞ്ഞു. ഡ്രോണ്‍ വെടിവച്ചിട്ടെന്ന വാര്‍ത്ത യു.എസ് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇറാന് സമയം പുലര്‍ച്ചെ 4.5ന് ആയിരുന്നു സംഭവം. ഡ്രോണ്‍ ഇറാന്റെ പരിധിയിലായിരുന്നില്ലെന്നും ഹോര്‍മൂസ് കടലിടുക്കിലെ അന്താരാഷ്ട്ര വ്യോമപാതയിരുന്നെന്നും നേവി ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പറഞ്ഞു. ഡ്രോണ്‍ ഇറാന്റെ പരിധിയിലായിരുന്നെന്ന വാദം തെറ്റാണ്.
ഇറാന് ചെയ്തത് വിശ്വസിക്കാന്‍ പ്രയാസം: ട്രംപ്
അന്താരാഷ്ട്ര വ്യോമപാതയില്‍ യു.എസിന്റെ നിരീക്ഷണ വാഹനത്തിന് നേരെയുള്ള പ്രകോപനമില്ലാത്ത ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇറാന് വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഡ്രോണ്‍ വെടിവച്ചിട്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം ശക്തമായിരിക്കെ നേരിട്ടുള്ള ആദ്യത്തെ ആക്രമണമാണിത്.
പശ്ചിമേഷ്യയിലേക്ക് 1000 സൈന്യത്തെ കൂടുതലായി അയക്കാന്‍ യു.എസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹോര്‍മൂസ് കടലിടുക്കില്‍ രണ്ട് എണ്ണക്കപ്പലുകള്‍ കഴിഞ്ഞ ആഴ്ച ആക്രമിക്കപ്പെട്ടതോടെയാണ് മേഖലയിലെ സാഹചര്യം കൂടുതല്‍ വഷളായത്.
ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നായിരുന്നു യു.എസും സഖ്യ കക്ഷികളായ സഊദി ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചത്. കപ്പലുകളില്‍ നിന്ന് പൊട്ടാത്ത മൈനുകള്‍ നീക്കുന്ന ദൃശ്യങ്ങളും യു.എസ് പുറത്തുവിട്ടിരുന്നു.
എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ആക്രമണത്തിന് പിന്നില്‍ യു.എസാണെന്നും ന്യായീകരിക്കാനായി ഇറാനെതിരേ തിരിയുകയാണെന്നും ഇറാന് പറഞ്ഞിരുന്നു. മെയ് 12നും സമാനമായ രീതിയില്‍ നാല് എണ്ണ കപ്പലുകള്‍ക്ക് നേരെ മൈന്‍ ഉപയോഗിച്ചുള്ള ആക്രമണമുണ്ടായിരുന്നു.
Comments are closed for this post.