മുംബൈ: രാഹുല്‍ ഗാന്ധിക്കെതിരെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പരാമര്‍ശത്തിനെതിരെ ശിവസേന. ഒബാമ പറഞ്ഞത് ശരിയായില്ലെന്നും മറ്റൊരു രാജ്യത്തെ രാഷ്ട്രീയ നേതാവിനെക്കുറിച്ച് അങ്ങനെ പറയാന്‍ ഒബാമയ്ക്ക് എന്ത് അധികാരമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
‘ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനെപ്പറ്റി ഒരു വിദേശ രാഷ്ട്രീയക്കാരന് അങ്ങനെ പറയാനാവില്ല. കോണ്‍ഗ്രസ് നേതാവിനെതിരായ ഒബാമയുടെ പ്രസ്താവന അപ്രിയമാണ്. ട്രംപ് ഭ്രാന്തനാണെന്ന് നമ്മള്‍ പറയില്ല. ഈ രാജ്യത്തെപ്പറ്റി ഒബാമയ്ക്ക് എന്തറിയാം?’- സഞ്ജയ് റാവത്ത് ചോദിച്ചു.
പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ എന്നാണ് ഒബാമയുടെ അഭിപ്രായം.
ഒബാമ 8-10 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെറിയൊരു സമയം മാത്രമാണ് രാഹുലിനെ കണ്ടത്. അത്ര കുറഞ്ഞ സമയത്തിനുള്ളില്‍ ഒരാളെ വിലയിരുത്തുക സാധ്യമല്ല. അതിനുശേഷം രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വത്തില്‍ വലിയ മാറ്റമാണുണ്ടായത്. അദ്ദേഹം ഒരുപാട് അനുഭവങ്ങള്‍ സമ്പാദിച്ചു- കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ പറഞ്ഞു.
ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകള്‍ നിറഞ്ഞ ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ (A Promised Land’) എന്ന പുസ്തകത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം വന്നത്.
ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്നതാണ് എ പ്രൊമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകം. വൈറ്റ് ഹൗസിലെ എട്ടുവര്‍ഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായിരുന്നു. 2009 ഡിസംബറില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments are closed for this post.