
‘ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍’ നിപയുടെയും കൊവിഡിന്റെയും കാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പേര്. ഒരു പക്ഷെ 2020 ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നതും ഈ പേര് തന്നെയായേക്കാം. മെയ് 12 ഇന്റര്‍നാഷണല്‍ നഴ്സസ് ഡേയായും ലോകാരോഗ്യ സംഘടന 2020 നെ international year of Nurses and Midwives ആയും പ്രഖ്യാപിച്ചതും ഏറെ പ്രാധാന്യമര്ക്കുന്നു.
മാലാഖവല്കരണം
മാലാഖവല്ക്കരണം രണ്ട് തരത്തിലാണ് നടക്കുന്നത്. ഒരു പക്ഷെ ഈ പ്രവണത ഞങ്ങളെ പോലെ അധികമാരും മനസ്സിലാക്കി കാണില്ല. വര്‍ത്തമാന കാലത്ത് നഴ്സിങിന്റെ പ്രാധാന്യവും മഹത്വവും തിരിച്ചറിഞ്ഞു കൊണ്ട് ആരോഗ്യ പ്രവര്‍ത്തകരെ ഹൃദയം കൊണ്ട് ചേര്‍ത്ത് നിര്‍ത്തുന്നവര്‍ അഭിവാദ്യങ്ങളും ആശംസകളും കൊണ്ട് ഞങ്ങള്‍ക്ക് കരുത്ത് നല്‍കുന്നവരാണ് ഒരു വിഭാഗം.
മറ്റൊന്ന് ഒരു സൈക്കോളജിക്കല്‍ മൂവ് ആണ്. ഇത് നഴ്സുമാര്‍ തിരിച്ചറിഞ്ഞു തുടങ്ങിട്ട് അധികമായിട്ടില്ല. ബോധപൂര്‍വം വീര പരിവേഷവും മാലാഖ പട്ടവും ചാര്‍ത്തികൊടുത്ത് നിഷ്കളങ്കതയും വെള്ള വസ്ത്രവുമൊക്കെ ഹൈലൈറ്റ് ചെയ്തു സമാധാനത്തിന്റെ വെള്ളരി പ്രാവുകളാക്കി നിര്‍ത്തും. ഉള്ളത് കൊണ്ട് തൃപ്തി പെട്ടു സകല ചൂഷണങ്ങള്‍ക്കും വിധേയമാക്കി നിശബ്ദരാക്കി നിര്‍ത്തല്‍. ഈ തിരിച്ചറിവില്‍ നിന്നാണ്
നഴ്സുമാര്‍ സംഘടിച്ചു തുടങ്ങിയതും. നഴ്സസ്ഡേയ്ക്കു വരെ മതിയായ സുരക്ഷ ഉപകരണങ്ങള്‍ക്കും ദിവസക്കൂലിക്കും വേണ്ടി സമരം ചെയ്യേണ്ടി വരുന്ന ലോകത്തെ ഏറ്റവും മികച്ച നഴ്സിംഗ് സമൂഹം നമ്മുടെ സ്വന്തം നാട്ടില്‍ തന്നെ ആണ്.
ഖത്തര്‍ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ നഴ്സുമാര്‍ക്ക് നല്കുന്ന ബഹുമാനവും പരിഗണനയും നമ്മുടെ നാടിനും സംവിധാനങ്ങള്‍ക്കും ഇന്നും അന്യമാണ്.
നഴ്സിങ്, സോഷ്യല്‍ സ്റ്റാറ്റസ്
എന്താണ് ജോലി? നഴ്സാണ്. നഴ്സോ! ഈ നെഗറ്റീവ് ചോദ്യത്തില്‍ നിന്ന് ആഹാ നഴ്സണോ എന്ന പോസിറ്റീവ് നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. അത്ര പെട്ടെന്നു സംഭവിച്ച മാറ്റമല്ലിത് ഒരുപാട് സമയമെടുത്തു. മാറ്റിയുടുത്തതാണ് ഞങ്ങള്‍. നഴ്സുമാര്ക്കിടയില് നിന്നു തന്നെയാണ് ഇത്തരം സങ്കുചിത ചിന്തകളുടെ തുടക്കം. സൂപ്പര്‍വൈസര്‍ പോസ്റ്റ് കിട്ടിക്കഴിഞ്ഞാല്‍ ആശുപത്രി മാനേജ്മെന്റിന്റെയും മേലുദ്യോഗസ്ഥരുടെയും പ്രീതി പാത്രങ്ങളാകാനുള്ള വ്യഗ്രതയില്‍ സാധാരണ നഴ്സുമാരോട് പുച്ഛവും അവഗണയും കാണിച്ചു ഞെളിഞ്ഞിരുന്ന വലിയ വിഭാഗം ആളുകള്‍ ഇന്ന് നഴ്സിംന്റെ പ്രഫഷനല്‍ വാല്യു തിരിച്ചറിഞ്ഞ് മാറ്റത്തിന് തയ്യാറായിട്ടുണ്ട്.
കുടുംബ ജീവിതം
സമൂഹത്തില്‍ മറ്റാരെയും പോലെ തന്നെ സമാധാനവും സുരക്ഷയും നല്ല കുടുംബ ജീവിതവും ആഗ്രഹിക്കുന്നവരാണ് ഞങ്ങളും. നിപയുടെ കാലത്തെ അനുഭവങ്ങളില്‍ നിന്നും ഇന്ത്യന്‍ നഴ്സുമാര്‍ പുതിയ പാഠങ്ങള്‍ പഠിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ വിവിധ ഡിപ്പാര്‍ട്മെന്റുകളില്‍ ജോലി ചെയ്തിരുന്ന നഴ്സിംഗ് സമൂഹം ഇന്ന് പൂര്‍ണമായും കൊവിഡിനെ ചെറുക്കാനുള്ള പോരാട്ടത്തിലാണ്. അവിടെ അച്ഛനും അമ്മയും മക്കളും ഭാര്യയും ഭര്‍ത്താവും എന്നുള്ള എല്ലാ സ്വകാര്യതയും ത്യജിക്കുന്നു. സ്വന്തം മക്കളെ പിരിഞ്ഞു ദിവസങ്ങളോളം മാറി നില്‍ക്കുന്നവരാണ്
ഞങ്ങള്‍. ജോലി കഴിഞ്ഞു വീട്ടിലെത്തിയാല്‍ മക്കളെ ചേര്‍ത്ത് പിടിച്ചു ഒരുമ്മ കൊടുക്കാന്‍ പോലും ഭയമാണ്. ഭാര്യയും ഭര്‍ത്താവും നഴ്സുമാരായി ജോലി ചെയ്യുന്ന ഞാനടക്കം അനേകമാളുകള്‍ ഉണ്ടിവിടെ. പലപ്പോഴും മക്കളെ തനിച്ചാക്കി ജോലി പോകേണ്ടി വരുന്നവരാണ്. വിമാന യാത്ര വിലക്കു കൂടെ ആയതോടെ നാട്ടില്‍ നിന്ന് വന്നു നില്ക്കാറുള്ള കുടുംബങ്ങള്‍ക്ക് ഇങ്ങോട്ട് വരാന്‍ സാധിക്കാതായി. കുട്ടികളുടെ വിദ്യാഭ്യാസം ഓണ്‍ലൈനില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ക്കു പലപ്പോഴും കൃത്യമായി ക്ലാസുകള്‍ക്ക് പോലും പങ്കെടുക്കാനാകുന്നില്ല. മാറി മറിഞ്ഞ ജോലി സമയവും റമദാന് വൃതവും അത്യാഹിത വിഭാഗത്തിലും ഐസൊലേഷന്‍ വാര്‍ഡ്, ക്വാറന്റൈന് സെന്റര്‍, കൊവിഡ് ടെസ്റ്റ് സെന്ററുകളിലുമടക്കം ഏറ്റവും ബുദ്ധിമുട്ടും അപകടകരവുമായ ഏരിയകളിലെ ജോലിയും വലില വെല്ലുവിളി തന്നെയാണ്. അനുബന്ധ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് പുറമെ സ്വയം സുരക്ഷക്കായുള്ള എന്‍ 95 മാസ്കും ഗൗണും ഫേസ് ശീല്ഡുമടക്കം ധരിച്ചു മണിക്കൂറുകള്‍ മനസ്സും ശരീരവും സ്വയം സമര്പ്പിമ്പോള് അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ വലുതാണ്. പരസ്പരം കാണാനോ ആശ്വസിപ്പിക്കാനോ പോലും സാധിക്കാതെ തികച്ചും വ്യത്യസ്തമായ സാഹചര്യമാണ്. കൊവിഡ് ബാധിച്ച് പല സഹപ്രവര്‍ത്തകരും ചികിത്സയിലുമാണ്. എങ്കിലും നഴ്സെന്ന ആശയത്തെ അതിന്റെ യഥാര്‍ത്ഥവും മഹത്വവും സ്വയം തിരിച്ചറിയാനും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകാനും പറ്റിയ ഏറ്റവും അനുയോജ്യമായ സമയാണിതെന്നും ഞങ്ങള്‍ തിരിച്ചറിയുന്നു.
സാമൂഹിക അകല്‍ച്ചയും അവഗണനയും
സോഷ്യല്‍ ഡിസ്റ്റന്‍സിങ് നഴ്സുമാരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടും അല്ലാതെയും പലപ്പോഴായി അനുഭവിക്കുന്നുണ്ട്. ഒരുവശത്തു നഴ്സുമാരെ ആഘോഷിക്കപെടുമ്പോള് യൂണിഫോം കാണുമ്പോള്‍ ദൂരെ നിന്ന് തന്നെ മാറി നടക്കുന്നവരും ഉണ്ട്. അടുത്ത വീട്ടില്‍ നഴ്സുമാരുടെ കുടുംബമാണ്, കൊറോണ ഡ്യൂട്ടിയാണത്രെ അതാണ് പേടി എന്ന് അടക്കം പറയുന്ന മനോനിലയിലേക് മലയാളി അടക്കം എപ്പോഴൊക്കെയോ പോയിട്ടുണ്ട്. ഒന്നുറപ്പുണ്ട് പൊതു സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ കൊവിഡ് കാലത്തെ ഒരു നഴ്സും അലസരാകില്ല. ഓടി വന്നു കൈ പിടിക്കണമെന്നില്ല. നെഞ്ചോട് ചേര്‍ത്ത് പിടിച്ചു ആശീവദിക്കണമെന്നുമില്ല. ശാരീരിക അകലം പാലിച്ചു കൊണ്ട് ഒരു പുഞ്ചിരി മതി ഇക്കാലത്ത് ഞങ്ങള്‍ക്കതു വലിയ ആത്മവിശ്വാസം നല്‍കും.
ഭാവി/ആശങ്ക
ലോകാരോഗ്യ സംഘടനയോടൊപ്പം ലോക രാജ്യങ്ങളും ഭരണ കര്‍ത്താക്കളും ആരോഗ്യ മന്ത്രാലയങ്ങളും ഈ മഹാമാരിയെ ചെറുക്കാന്‍ മുന്‍ നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ മാനസികശാരീരിക സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കണം. നഴ്സുമാരടക്കം ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ നാളെയുടെ രോഗികളായി നാം മാറിയേക്കാം. ഒരുമിച്ചു നില്ക്കാം ചെറുത്തു തോല്പിക്കാം ഈ മഹാമാരിയെ. മാനസിക അകല്‍ച്ചയല്ല ശാരീരിക അകല്‍ച്ച മാത്രം മതി.