
ന്യൂഡല്‍ഹി: പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രിംകോടതി വിധിക്ക് പിന്നാലെ ജഡ്ജിമാര്‍ക്കെതിരേ സൈബര്‍ ആക്രമണവുമായി സംഘ്പരിവാര്‍ അനുകൂലികള്‍. ഉദയ്പൂര്‍ കൊലപാതകത്തിനെതിരേ പ്രതികരിക്കാതിരുന്ന സുപ്രിംകോടതി നൂപുര്‍ ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ട്വിറ്ററില്‍ ജസ്റ്റിസ് കാന്ത് എന്ന ഹാഷ് ടാഗോടെ നിരവധി അക്കൗണ്ടുകളില്‍ നിന്നാണ് ജസ്റ്റിസ് സൂര്യകാന്തിനെ വിമര്‍ശിച്ച് ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
സുപ്രിംകോടതി അഭിഭാഷകരായ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പര്‍ദിവാല തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം നൂപുര്‍ ശര്‍മയ്ക്കെതിരേ വിമര്‍ശനം നടത്തിയത്. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം നൂപുര്‍ ശര്‍മയാണെന്നും രാജ്യത്തോട് മാപ്പുപറയണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഉദയ്പൂരില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലും ഏക ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്നു കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിമാര്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ കാംപെയ്നുകള്‍ സജീവമായത്.