
റിയാദ്: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രതിരോധ നടപടികൾ ശക്തമായി തുടരുന്നു. നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 18033 നിയമ ലംഘനങ്ങൾ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദ് പ്രവിശ്യയാണ് ഏറ്റവും കൂടുതൽ വൈറസ് പ്രതോരോധ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഒരാഴ്ച്ചക്കിടെ ഇവിടെ 5343 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. മക്ക 3028, കിഴക്കൻ പ്രവിശ്യ 2236, ഖസീം 1798, മദീന 1495, അൽബാഹ 1422, അൽജൗഫ് 1117, തബൂക് 521, ഹായിൽ 391, അസീർ 318, വടക്കൻ അതിർത്തി 204, നജ്റാൻ 82, ജിസാൻ 78 എന്നിങ്ങനെയാണ് കൊവിഡ് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തപ്പെട്ടത്.
പ്രതിരോധ നടപടികൾ രാജ്യത്തെ മുഴുവൻ പൗരന്മാരും പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നതും മാസ്ക് ധരിക്കാതിരിക്കുന്നതും മാളുകളിലും തൊഴിലിടങ്ങളിലും ഓഫീസുകളിലും കൊവിഡ് പ്രതിരോധ നടപടികൾ കൈകൊള്ളാതിരിക്കുന്നതും നിയമ ലംഘനങ്ങളാണ്. ആഭ്യന്തര മന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ കനത്ത പിഴയാണ് ചുമത്തുന്നത്. മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തതിന് മലയാളികൾ അടക്കം നിരവധി വിദേശികൾക്ക് ഇതിനകം തന്നെ പിഴ ചുമത്തിയിട്ടുണ്ട്.
മാസ്ക് ധരിക്കാത്തതിന് ആയിരം റിയാൽ അഥവാ ഇരുപതിനായിരം രൂപയാണ് പിഴ ചുമത്തുന്നത്. രണ്ടാഴ്ച്ച മുമ്പാണ് റിയാദിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് മലയാളി സാമൂഹ്യ പ്രവര്ത്തകന് പിഴ ചുമത്തിയത്.