ന്യൂഡല്‍ഹി: സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും മാറാത്ത നൂഹില്‍ അനുമതി നിഷേധത്തെ മറികടന്ന് ജലാഭിഷേക ശോഭായാത്ര നടത്താന്‍ വിശ്വഹിന്ദു പരിഷത്ത്. ഇതോടെ വീണ്ടും ഭീതിയുടെ മുള്‍മുനയിലാണ് നൂഹ് ജില്ല. മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കും എസ്.എം.എസ് നിയന്ത്രണവും ഏര്‍പ്പെടുത്തിയതിന് പുറമേ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കടകമ്പോളങ്ങള്‍ അടച്ചിടാനും കര്‍ശന നിര്‍ദേശമുണ്ട്.
അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടക്കുകയാണ്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവരെ ആരെയും കടത്തി വിടുന്നില്ല. ജനങ്ങളോട് യാത്രയില്‍ പങ്കെടുക്കരുത് എന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. ആളുകള്‍ അവരുടെ വീടിന് അടുത്തുള്ള ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തണം എന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. ക്രമസമാധാനം കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചതെന്നും ഖട്ടാര്‍ പറഞ്ഞു. മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്താല്‍ നടപടി എന്ന് പൊലിസ് അറിയിച്ചു.
ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെര്‍പ്പ യോഗം ഹരിയാനയില്‍ നടക്കുന്നതും യാത്ര തടയാനുള്ള കാരണമായിട്ടുണ്ട്. ജി20 ഷേര്‍പ ഗ്രൂപ് യോഗം സെപ്തംബര്‍ മൂന്നു മുതല്‍ ഏഴു വരെ നൂഹില്‍ നടത്തുന്നതിനാല്‍ ക്രമസമാധാനം നിലനിര്‍ത്താനാണ് വി.എച്ച്.പിയുടെ ജലാഭിഷേക ശോഭായാത്രക്ക് അനുമതി നിഷേധിച്ചതെന്ന് ഹരിയാന ഡി.ജി.പി ശത്രുജിത് കപൂര്‍ അറിയിച്ചു. ജൂലൈ 31ന് യാത്രയെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷം കാരണമാണ് ഈ തീരുമാനമെടുത്തതെന്നും ഡി.ജി.പി തുടര്‍ന്നു. ഈ മാസം 26ന് തുടങ്ങിയ മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്ക് 28 വരെ തുടരും. മുന്‍കരുതലെന്ന നിലയിലാണ് പ്രദേശത്ത് നാലോ അതിലധികമോ പേര്‍ കൂട്ടംകൂടുന്നത് വിലക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നൂഹിലേക്ക് എത്തുന്ന വി.എച്ച്.പി പ്രവര്‍ത്തകരെ തടയാന്‍ സോഹ്ന നൂഹ് ടോള്‍ പ്ലാസയില്‍ ഹരിയാന പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
Nuh On High Alert Over Hindu Outfit’s Rally Call; Schools, Banks Shut
Comments are closed for this post.