അരീക്കോട്: ‘രാജ്യസേവനത്തിനിടെ മരിക്കുമെന്ന് ഓന്‍ ഇന്നോടും ഓന്റെ പെങ്ങന്‍മാരോടും പറഞ്ഞിരുന്നു. ന്റെ കുട്ടിക്ക് അതായിരുന്നു പൂതി. ഞാന്‍ മരിച്ചാല്‍ ഇങ്ങളാരും എടങ്ങേറ് ആകരുതെന്നും നമ്മുടെ രാജ്യത്തിനായി മരിക്കുന്നത് അഭിമാനമാണെന്നും ഓന്‍ പട്ടാളത്തിലേക്ക് പോകുമ്പോളൊക്കെ പറയും’.. നായബ് സുബൈദാര്‍ കെ.ടി സെബാസ്റ്റ്യനില്‍ നിന്ന് രാജ്യത്തിന്റെ ദേശീയ പതാക സ്വീകരിക്കുമ്പോള്‍ ആമിന ഉമ്മയുടെ മുഖത്ത് സങ്കടക്കണ്ണീരിന് പകരം തെളിഞ്ഞത് അഭിമാന ബോധമായിരുന്നു. പിറന്ന നാടിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നുഫൈലിന് ജന്മം നല്‍കിയതിലുള്ള സന്തോഷം. ചേര്‍ത്തുനിര്‍ത്തി സമാശ്വസിപ്പിച്ച സൈനികരോട് ഉറച്ച ശബ്ദത്തോടെ മറുപടി പറയുമ്പോള്‍ ആ ഉമ്മയുടെ ഉള്ളം നിറയെ രാജ്യസ്‌നേഹമായിരുന്നു.
എട്ടീസം മുമ്പാ ന്റെ കുട്ടി സലാം പറഞ്ഞ് ഇവടെന്ന് ഇറങ്ങിപ്പോയത്. ഓന്‍ നല്ല കാര്യത്തിനല്ലെ പോയത്, അയ്‌ന് ഓന് പടച്ചോന്‍ സ്വര്‍ഗം കൊടുക്കട്ടെ.. ആ മാതൃഹൃദയം അറിയാതെ തേങ്ങി. ന്റെ കുട്ടിന്റൊപ്പം ഇള്ളോലൊല്ലെ ഇങ്ങളൊക്കെ, എല്ലാരും ഓനും മാണ്ടി ദുആ ഇരിക്കണം. തന്റെ കൈയില്‍ വച്ചുതന്ന ത്രിവര്‍ണ പതാകയെ ആമിന ഉമ്മ മാറോടു ചേര്‍ത്തു സ്വന്തം മകനെന്ന പോലെ. ചുറ്റും കൂടിനിന്നവരുടെ കണ്ഠമിടറി.
വീട്ടുപരിസരത്തെ കൊടവങ്ങാട്ടെ ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ 122 ടി.എ മദ്രാസ് ബറ്റാലിയന്‍ ഓഫീസര്‍ കേണല്‍ ഡി.നവീന്‍ ബന്‍ജിത്ത് ഉമ്മ ആമിനയോടും കുടുംബാംഗങ്ങളോടും മരണ കാരണം വിശദീകരിച്ചു. നുഫൈലിന്റെ മരണം സൈന്യത്തിന് വലിയ വേദനയുണ്ടാക്കി. അവന്റെ മരണം രാജ്യത്തിന് വേണ്ടിയാണ്. അതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. രാജ്യം നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അവന് ദൈവം സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെയെന്നും നവീന്‍ ബന്‍ജിത്ത് ഉമ്മയോട് പറഞ്ഞു. നുഫൈലിനെ രാജ്യത്തിനായി സമര്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്ന് ബന്ധുക്കള്‍ മറുപടി പറഞ്ഞു.
Comments are closed for this post.