2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മക്കയില്‍ വേവിച്ച മാംസം തൂക്കത്തില്‍ വില്‍ക്കുന്നത് നിര്‍ബന്ധമാക്കി; ലംഘനങ്ങള്‍ക്ക് 10,000 റിയാല്‍ വരെ പിഴ

മക്ക: പുണ്യനഗരിയായ മക്കയില്‍ പാകംചെയ്ത മാംസം തൂക്കത്തില്‍ വില്‍ക്കുന്നത് നിര്‍ബന്ധമാക്കി. ഒരു വ്യക്തിയുടെ (നഫര്‍) അളവിനോ അല്ലെങ്കില്‍ പാത്രത്തിന്റെയോ മാനദണ്ഡത്തിനു പകരം ഭക്ഷണത്തിന്റെ തൂക്കം അടിസ്ഥാനമാക്കി മാത്രമേ ഇനി മുതല്‍ പണം ഈടാക്കാവൂ. നിയമം ലംഘിക്കുന്ന റെസ്റ്റോറന്റുകള്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തും.

നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ മുമ്പായി മൂന്ന് മാസത്തെ ബോധവല്‍ക്കരണവും പരീക്ഷണവും നടത്തിയിരുന്നു. തുലാസ് അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്ന ഈ പദ്ധതിക്ക് ‘ബില്‍മീസാന്‍’ എന്നാണ് മക്ക ഗവര്‍ണറേറ്റ് നല്‍കിയ പേര്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും നിയമം നടപ്പാക്കുമെന്നാണ് സൂചന. വിശുദ്ധ നഗരത്തിലെ റെസ്റ്റോറന്റുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും നിയമം ബാധകമാണ്.

ഉപഭോക്താവിന് ന്യായമായ അളവില്‍ പാകംചെയ്ത മാംസവും ഭക്ഷണവും ഉറപ്പാക്കാനും വില്‍പ്പനക്കാരനും വാങ്ങുന്നയാളും തമ്മിലുള്ള വിശ്വാസവും സുതാര്യതയും വര്‍ധിപ്പിക്കാനുമാണ് ‘ബില്‍മീസാന്‍’. എല്ലായിടത്തും ഡിജിറ്റല്‍ തുലാസും ഇറച്ചിയുടെ ഗുണനിലവാരവും വിലയും കാണിക്കുന്ന മെനു ബോര്‍ഡും സ്ഥാപിക്കണം. അസ്ഥികളോ കുടലുകളോ മറ്റോ കലര്‍ന്നേക്കാവുന്ന മാംസം ഇതിന്റെ കൂടെ നല്‍കുകയോ ഉപഭോക്താവിനെ നിര്‍ബന്ധിക്കുകയോ ചെയ്യാതെ കൂടുതല്‍ ഓപ്ഷനുകള്‍ മെനുവില്‍ നല്‍കേണ്ടതുണ്ട്. മെനു ബോര്‍ഡില്‍ മാംസത്തിന്റെ ഇനവും ഗുണനിലവാരവും വ്യക്തമാക്കണം. കൂടാതെ ഓരോ തരം മാംസത്തിന്റേയും തൂക്കത്തിനനുസരിച്ച വില കാണിക്കുന്ന മറ്റൊരു ബോര്‍ഡും ഉണ്ടായിരിക്കണം.

ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 1,000 റിയാലാണ് കുറഞ്ഞ പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തും. അല്ലെങ്കില്‍ ഭക്ഷ്യനിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന കമ്മിറ്റിക്ക് റഫര്‍ ചെയ്യും. പുതിയ നിയമം നിലവിലെ വിപണി വിലയെ ബാധിക്കില്ലെന്ന് മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതുസംബന്ധിച്ച പരാതികള്‍ 940 എന്ന ഏകീകൃത കമ്മ്യൂണിക്കേഷന്‍സ് നമ്പറില്‍ വിളിച്ചോ ബന്ധപ്പെട്ട ഓഫിസുകളില്‍ എഴുതിനല്‍കിയോ അറിയിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.