2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം: ശ്രദ്ധേയമായി പോണ്ടിച്ചേരി സര്‍വകലാശാലയിലെ എം.എസ്.എഫ് കൂട്ടായ്മ

   

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം: ശ്രദ്ധേയമായി പോണ്ടിച്ചേരി സര്‍വകലാശാലയിലെ എം.എസ്.എഫ് കൂട്ടായ്മ

പോണ്ടിച്ചേരി : ഫലസ്തീനില്‍ ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ രാജ്യത്തെ വിവിധ സര്‍വകലാശാലാ ക്യാമ്പസുകളില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. നൂറുകണക്കിന് കുട്ടികളും സ്ത്രീകളുമടക്കം ദിനംപ്രതി കൊല ചെയ്യപ്പെടുന്ന ഫലസ്തീനിലെ സഹോദരങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യ സദസ്സുകളില്‍ വന്‍ ജനപങ്കാളിത്തവും സമാധാന പ്രചാരണവുമാണ് നടന്നു കൊണ്ടിരിക്കുന്നത്. എം. എസ്. എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചു.

ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സംഗമം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായി. അന്താരാഷ്ട്ര നിയമങ്ങളും കേവല മാനുഷികതയും കാറ്റില്‍ പറത്തി ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ ആണെന്നും ഫലസ്തീന്റേത് സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരമാണെന്നും ഐക്യദാര്‍ഢ്യം സംഗമത്തില്‍ നിലപാടെടുക്കുകയുണ്ടായി. ഫലസ്തീന്‍ ഇസ്രായേല്‍ വിഷയം പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ടതല്ലെന്നും കാലങ്ങളായി തുടരുന്ന അധിനിവേശവും അതിനെതിരെയുള്ള ചെറുത്തുനില്‍പ്പും മറച്ചുവെയ്ക്കുന്ന തരത്തിലുള്ള ഒളിയജണ്ടകളെ തൊട്ട് വിദ്യാര്‍ത്ഥി സമൂഹം പ്രബുദ്ധരാവണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ പാരമ്പര്യത്തിന് വിരുദ്ധമായ ഭരണകൂടത്തിന്റെ നിലപാടുകള്‍ക്കെതിരെയും പ്രതിഷേധം പ്രകടിപ്പിച്ച സംഗമത്തില്‍ യൂണിറ്റ് പ്രസിഡന്റ് റൈഷിന്‍ വേളേരി മുഖ്യപ്രഭാഷണം നടത്തി. വിവിധ വിദ്യാര്‍ത്ഥി സംഘടനകളായ എ.എസ്. എ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നിവയെ പ്രതിനിധീകരിച്ച് അരവിന്ദന്‍, ഫസീഹ തസ്‌നീം, റയാസ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി റിന്‍ഷാദ്, ട്രഷറര്‍ ആഷിക ഖാനം, വൈസ് പ്രസിഡന്റുമാരായ സഹദ് മാടാക്കര, സുഹൈല്‍, റിന്‍ഷ, അഫ്‌നാസ്, ഷിഫ, മുബഷിറ, ബിന്‍ഫാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.