2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വാക്‌സിന്‍വില: ഉത്പാദകരുടെ നടപടിയില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്; പ്രതിസന്ധി ഘട്ടത്തില്‍ മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി പോലൊരു പ്രതിസന്ധി ഘട്ടത്തില്‍ മൂകസാക്ഷിയായിരിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രസര്‍ക്കാരിന് ഇടപെടാം. വാക്സിന്റെ വിലനിര്‍ണയം സംബന്ധിച്ച നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.പ്രതിസന്ധിയിലല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു.

കൊവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്നും ഹൈക്കോടതിയെ തടയുക എന്നതല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും സുപ്രിംകോടതി പറഞ്ഞു. സുപ്രിംകോടതി കൈകാര്യം ചെയ്യേണ്ട ചില ദേശീയ പ്രശ്നങ്ങള്‍ ഉണ്ടെന്നും അതില്‍ ഇടപെടാതെ മിണ്ടാതിരിക്കാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. ഹെക്കോടതികളുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൈ കടത്തില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ക്കിടയില്‍ രാജ്യത്തുടനീളം ഓക്‌സിജന്‍, വാക്‌സിനുകള്‍, മരുന്നുകള്‍ എന്നിവ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ സുപ്രിം കോടതി കഴിഞ്ഞ ആഴ്ച തീരുമാനിക്കുകയും കേന്ദ്രത്തിന് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. കേസ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പരിഗണിക്കാനായി സുപ്രിം കോടതി മാറ്റി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.