2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാഹുല്‍ ഗാന്ധി മാത്രമല്ല, യു.എന്നിന് പാകിസ്താന്‍ അയച്ച കത്തില്‍ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പേരും

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഉപയോഗിച്ചാണ് പാകിസ്താന്‍ യു.എന്നില്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നതെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാകിസ്താന്റെ കത്തില്‍ രണ്ട് ഉന്നത ബി.ജെ.പി നേതാക്കളും ഇടംപിടിച്ചിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും യു.പി എം.എല്‍.എ വിക്രം സൈനിയും.

‘ഇപ്പോള്‍ കശ്മീര്‍ തുറന്നുവെന്ന് ചില ആളുകള്‍ പറയുന്നു, വധുക്കളെ അവിടെ നിന്നു കൊണ്ടുവരാമെന്നും. പക്ഷെ, ലിംഗാനുപാതം ശരിയായാല്‍ സമൂഹത്തില്‍ തുല്യമൊപ്പിക്കാവുമെന്നാണ് തമാശ’- ബേഠി ബച്ചാവോ ബേഠി പഠാവോ ക്യാംപയിന്‍ പരിപാടിയില്‍ സംസാരിക്കവെ മനോഹര്‍ ലാല്‍ ഖട്ടാര്‍ നടത്തിയ പരാമര്‍ശമാണ് പാകിസ്താന്‍ ഉപയോഗിക്കുന്നത്.

‘മുസ്‌ലിം പാര്‍ട്ടികള്‍ പുതിയ സംവിധാനത്തില്‍ ആനന്ദിക്കണം. അവര്‍ക്ക് ഇനി വെളുത്ത തൊലിയുള്ള കശ്മീരി പെണ്ണുങ്ങളെ കല്യാണം കഴിക്കാം’- യു.പി എം.എല്‍.എ വിക്രം സൈനിയുടെ ഈ പരാമര്‍ശവും പാകിസ്താന്‍ ഉപയോഗിച്ചിട്ടുണ്ട്.

എന്നാല്‍, ഇതെല്ലാം മറച്ചുവച്ചാണ് ഇന്ത്യക്കെതിരെ പാകിസ്താന്‍ ഉപയോഗിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണെന്ന് ബി.ജെ.പി ആരോപിച്ചത്. ഖട്ടാറിന്റെ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ തന്നെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന ന്യായവുമായി രംഗത്തെത്തിയെങ്കിലും ഇതിന്റെ മുഴുവന്‍ വീഡിയോയും പുറത്തുവന്നതോടെ ഖട്ടാര്‍ വെട്ടിലായി.

ജമ്മു കശ്മീരിലേക്കുള്ള യാത്രക്കിടെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ തടഞ്ഞതോടെയാണ് രാഹുല്‍ ഗാന്ധി കടുത്ത പരാമര്‍ശങ്ങളോടെ ട്വീറ്റ് ചെയ്തത്. ‘ജനങ്ങള്‍ കൊല്ലപ്പെടുക’യാണെന്നും ‘തെറ്റായ കാര്യങ്ങളാണ് അവിടെ നടക്കുന്ന’തെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് പാകിസ്താന്‍ ഉപയോഗിച്ചത്.

പാക് മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി യു.എന്നിന് അയച്ച കത്തിലാണ് പരാമര്‍ശങ്ങള്‍.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.