2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വഞ്ചകരുടെ കൂടെ തുടരേണ്ട; യു.ഡി.എഫ് വിടണം: കേരള കോണ്‍ഗ്രസ് (എം)

   

കോട്ടയം: യു.ഡി.എഫ് വിടണമെന്ന് കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. മുന്നണി വിടണമെന്നോ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചെയര്‍മാനെയും വര്‍ക്കിങ് ചെയര്‍മാനെയും യോഗം ചുമതലപ്പെടുത്തി. എന്നാല്‍ പാര്‍ട്ടിയുടെ മുന്നണിമാറ്റം തല്‍ക്കാലം ആലോചനയിലില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അതേസമയം യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും പാര്‍ട്ടി യു.ഡി.എഫ് വിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നുവെന്നാണ് അറിയുന്നത്. രണ്ടാംനിര നേതാക്കള്‍ കടുത്ത തീരുമാനങ്ങളിലേക്കു പോകണമെന്ന് തന്നെ ശക്തമായി വാദിച്ചു.
കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും വഞ്ചകരുടെ കൂടെ തുടരേണ്ടതില്ലെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്. ബജറ്റിന്റെ കാര്യത്തില്‍ പോലും മാണിയെ ഒറ്റപ്പെടുത്തി. മാണിയുടെ ബജറ്റിനെ വിമര്‍ശിച്ചവര്‍ തന്നെയാണ് എല്‍.ഡി.എഫ് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിനെ വെറുതെവിട്ടതെന്നും യോഗത്തില്‍ ആരോപണങ്ങളുയര്‍ന്നു.
അതേസമയം, ബാര്‍കോഴ ആരോപണത്തില്‍ കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നു കെ.എം. മാണി നേരത്തെ പറഞ്ഞിരുന്നു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗൂഢാലോചനക്കാരെ ഞങ്ങള്‍ക്കറിയാം. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ അത് യു.ഡി.എഫിന്റെ നിലനില്‍പ്പിനെ ബാധിക്കും. വിവരങ്ങള്‍ പാര്‍ട്ടിക്കു മനസിലാക്കാന്‍ വേണ്ടിയാണ് അന്വേഷണം നടന്നത്. കോടതി പരിഗണിക്കുന്ന വിഷയമാണിതെന്നും ഇതില്‍ കോടതി തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.
സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.എം.മാണി മയപ്പെടുത്തിയാണ് സംസാരിച്ചത്. പാര്‍ട്ടിയുടെ മുന്നണിമാറ്റം തല്‍ക്കാലം ആലോചനയിലില്ലെന്നു പറഞ്ഞ അദ്ദേഹം പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളുണ്ടായിരിക്കുമെന്നും പറഞ്ഞു. ഗൂഢാലോചനാ വിവാദ അന്വേഷണം ഞങ്ങള്‍ക്ക് ആശ്വാസത്തിനു വേണ്ടിയാണ്. എല്ലാവര്‍ക്കുമുള്ള മറുപടിയാണ് പാലായിലെ ജനങ്ങള്‍ നല്‍കിയത്. 13 തവണയാണ് ജനങ്ങള്‍ തന്നെ ജയിപ്പിച്ചത്. നല്ല സഹനശക്തിയുള്ള പാര്‍ട്ടിയാണ്. 50 വര്‍ഷത്തിനിടെ ഒട്ടേറെ ഇടി കിട്ടിയിട്ടുണ്ട്. ഇടി കിട്ടുന്തോറും തഴച്ചുവളര്‍ന്ന ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.