2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കിം ജോങ് ഉന്‍ കൊറോണാ വൈറസിനെ പേടിച്ച് ഒളിച്ചിരിക്കുകയാണെന്ന് ദക്ഷിണ കൊറിയ

 

സിയോള്‍: ലോകം മൊത്തം കൊറോണാ വൈറസിന്റെ വ്യാപനത്തില്‍ ആശങ്കപ്പെട്ടിരിക്കുമ്പോഴും ഉത്തര കൊറിയന്‍ മേധാവി കിം ജോങ് ഉന്നിന്റെ അവസ്ഥയെന്താണെന്നറിയാതെ ലോകരാജ്യങ്ങള്‍ കൂലങ്കഷപ്പെടുകയാണ്. ദക്ഷിണ കൊറിയയില്‍ നിന്നും യു.എസില്‍ നിന്നും പല വിവരങ്ങളും വരുന്നുണ്ടെങ്കിലും ഒന്നും സ്ഥിരീകരിക്കാനാവുന്നതല്ല. അതിനിടെ, കിമ്മിന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും കോമ അവസ്ഥയിലാണെന്നും വരെ വാര്‍ത്തകളും അവലോകനങ്ങളും വന്നു. എന്നാല്‍ ഏപ്രില്‍ 15 മുതല്‍ അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് വാസ്തവമാണ്.

അദ്ദേഹത്തിന് രോഗം വന്നതല്ല, കൊറോണാ വൈറസിനെ പേടിച്ച് ഒളിവില്‍ കഴിഞ്ഞതാണെന്നാണ് ദക്ഷിണ കൊറിയയിലെ ഉത്തര കൊറിയന്‍ കാര്യമന്ത്രി ഇപ്പോള്‍ പുറത്തുവിടുന്ന വിവരം.

രാജ്യത്തിന്റെ സ്ഥാപകനും കിമ്മിന്റെ മുത്തച്ഛനുമായ കിം സങ്ങിന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ സംബന്ധിക്കാത്തതോടെയാണ് കിമ്മിന്റെ അസാന്നിധ്യം ചര്‍ച്ചയായത്.

ഇതുവരെ കൊറോണ വൈറസ് ബാധയില്ലെന്നാണ് ഉത്തര കൊറിയ പറയുന്നത്. എന്നാല്‍ ഇത് എത്രത്തോളം ശരിയാണെന്ന് മറ്റു രാജ്യങ്ങള്‍ക്ക് ഉറപ്പില്ല.

അധികാരമേറ്റതു മുതല്‍ കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ചടങ്ങുകളില്‍ ഒന്നും ഒഴിവാക്കിയിട്ടില്ല. ചടങ്ങ് ഇപ്രാവശ്യവും നടന്നുവെങ്കിലും അതോടനുബന്ധിച്ചുള്ള വിരുന്ന് ഇല്ലായിരുന്നു. എന്നിട്ടും കിം പങ്കെടുത്തില്ല.

എന്നാല്‍ ദക്ഷിണ കൊറിയയുടെ പുതിയ വെളിപ്പെടുത്തലിലും സംശയം പ്രകടിപ്പിച്ച് നിരവധി പേരെത്തി. കൊറോണയെ പേടിച്ച് കിം ഒളിവില്‍ പോയതാണെങ്കില്‍ എന്തുകൊണ്ട് ആരോഗ്യവാനായ കിമ്മിന്റെ ചിത്രം പുറത്തുവരുന്നില്ലെന്നാണ് ചോദ്യം. ഉത്തരകൊറിയയെ വീക്ഷിക്കുന്ന കൊറിയ റിസ്‌ക് ഗ്രൂപ്പ് സി.ഇ.എ ചാഡ് ഒ കാരലാണ് ഇങ്ങനൊരു സംശയം ഉന്നയിച്ചത്.

റിസോർട്ടില്‍ സുഖവാസത്തിലോ?

ഒന്നും പറ്റിയിട്ടില്ലെന്നും കിം ജോങ് ഉന്‍ ജീവനോടെയും സുഖത്തോടെയും ഉണ്ടെന്നും ദക്ഷിണ കൊറിയന്‍ സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.. ഏപ്രില്‍ 13 മുതല്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരമായ വൊന്‍സാനില്‍ കഴിഞ്ഞുവരികയാണ് അദ്ദേഹമെന്നും സംശയിക്കത്ത ഒന്നും അദ്ദേഹത്തിനില്ലെന്നും ഉപദേഷ്ടാവ് വ്യക്തമാക്കി.

അസാധാരണമായ ഒന്നും സംഭവിക്കുന്നില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് ഉണ്ടെന്ന് ഉത്തരകൊറിയയുമായി ഇടപഴകലിന്റെ മേല്‍നോട്ടം വഹിക്കുന്ന ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രി കിം യെന്‍ചുല്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷചടങ്ങുകളില്‍ കിം ജോങ് ഉന്‍ പങ്കെടുക്കാതിരുന്നതോടെയാണ് ഉത്തരകൊറിയന്‍ ഭരണാധികാരി ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നത്. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് കിമ്മിന്റെ അരോഗ്യനില വഷളായെന്നും കിം മരണപ്പെട്ടു എന്നും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.

ഇതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തി. റിപ്പോര്‍ട്ട് ചെയ്ത സി.എന്‍.എന്‍ ചാനലിന് പഴയ രേഖകളാണ് ലഭിച്ചതെന്നാണ് താന്‍ മനസിലാക്കുന്നതായിരുന്നു ട്രംപിന്റെ വാദം.

കൊറോണ വൈറസ് ബാധയില്‍ നിന്നും രക്ഷ തേടുന്നതിന്റെ ഭാഗമായി കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയോ ഐസൊലേഷനില്‍ പോകുകയോ ചെയ്തതാകാമെന്ന് ദക്ഷിണ കൊറിയ മാധ്യമങ്ങള്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം കിമ്മിന്റെ പ്രത്യേക ട്രെയിന്‍ രാജ്യത്തെ റിസോര്‍ട്ട് ടൗണായ വൊന്‍സാനില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയ മോണിറ്ററിങ് പ്രൊജക്ട് ഇതുസംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.

കിം കുടുംബത്തിനായി പ്രത്യേകം തയാറാക്കിയ സ്‌റ്റേഷനില്‍ ഏപ്രില്‍ 21 മുതല്‍ 23 വരെ ട്രെയിന്‍ പാര്‍ക്ക് ചെയ്തതായി ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് ട്രെയിന്‍ കിമ്മിന്റേതാണെന്ന് പറയുന്നുണ്ടെങ്കിലും ബ്രീട്ടിഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്, കിം നഗരത്തിലുണ്ടായിരുന്ന കാര്യം സ്ഥിരീകരിക്കുന്നില്ല. ട്രെയിനിന്റെ സാന്നിധ്യം കൊണ്ട് ഉത്തരകൊറിയന്‍ നേതാവിന്റെ ആരോഗ്യനിലയെ പറ്റി ഒരു സൂചനയും ലഭിക്കുന്നില്ല. എന്നാല്‍, നിലവില്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള പ്രത്യേക മേഖലയിലാണ് കിം ഉള്ളതെന്ന റിപ്പോര്‍ട്ടുകള്‍ക്കാണ് പ്രാധാന്യമെന്നും റോയിട്ടേഴ്‌സ് പറയുന്നു.


 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.